Connect with us

Kozhikode

രാഷ്ട്രീയ പാര്‍ട്ടികളുടെ റോഡ് ഷോകള്‍ അതിരുവിടുന്നു

Published

|

Last Updated

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ റോഡ് ഷോകള്‍ അതിരു വിടുന്നു. യുവജന വിഭാഗങ്ങള്‍ സംഘടിപ്പിക്കുന്ന ബൈക്ക് റാലികള്‍ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ദുരിതമാകുകയാണ്.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിലാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ബൈക്ക് റാലികള്‍ നടക്കുന്നത്. തിരക്കേറിയ റോഡുകളില്‍ പോലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ബൈക്ക്‌റാലികള്‍ ഗതാഗതക്കുരുക്കും ശബ്ദ മലിനീകരണവുമാണ് ഉണ്ടാക്കുന്നത്.
മിക്ക ബൈക്കുകളും നിര്‍ത്താതെ ഹോണ്‍ അടിച്ചാണ് റാലിയില്‍ പങ്കാളിത്തം അറിയിക്കുന്നത്. രണ്ടിലധികം ആളുകള്‍ കയറുന്ന ബൈക്കുകള്‍ മറ്റുവാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അവസരം നല്‍കാതെയാണ് കുതിക്കുന്നത്. ബൈക്കില്‍ കയറി നിന്നുള്ള കോപ്രായങ്ങളും കുറവല്ല.
നിര്‍ത്താതെയുള്ള ഹോണിനു പുറമെ ബൈക്കുകളുടെ സൈലന്‍സര്‍ അഴിച്ചുമാറ്റുന്നവരും കുറവല്ല. ആര്‍പ്പുവിളികളുമായി ബൈക്കിനുമുകളില്‍ കയറിനിന്നുള്ള സാഹസിക പ്രകടനങ്ങള്‍ മറ്റുള്ളവരുടെ കൂടി ജീവന്‍ അപകടത്തിലാക്കുമെന്നതിനാല്‍ പലരും ഭീതിയോടെ മാറിനില്‍ക്കും. ഹെല്‍മെറ്റ് വേട്ടക്ക് ആവേശം കാണിക്കുന്ന പോലീസ് പലപ്പോഴും ഹെല്‍മെറ്റില്ലാതെയുള്ള ഇത്തരം ബൈക്ക് റാലികള്‍ക്ക് അകമ്പടി സേവിക്കാറാണ് പതിവ്. നമ്പര്‍ പ്ലേറ്റ് പൂര്‍ണമായും മറച്ചാണ് പലരും സാഹസങ്ങള്‍ കാണിക്കാറുള്ളത്. ഇവ തടയാന്‍ ശ്രമിച്ചാല്‍ പ്രവര്‍ത്തകര്‍ പ്രകോപിതരാകുമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമില്ലാതെ ഇതിനെതിരെ നടപടി സ്വീകരിക്കാനാകില്ലെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ രഹസ്യം പറയുന്നത്.

 

Latest