ഫോണ്‍വിളി: ഷംസീറിനെതിരെ കെ കെ രമ പരാതി നല്‍കി

Posted on: April 6, 2014 5:19 pm | Last updated: April 6, 2014 at 5:19 pm

kk-rama-and-shamseerവടകര: ടി പി വധക്കേസിലെ പ്രതിയുമായി വടകരയിലെ ഇടതു സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ ഫോണില്‍ ബന്ധപ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ കെ രമ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി. രമ പരാതി നല്‍കിയാല്‍ ഡി ഐ ജി ശങ്കര്‍ റെഡ്ഢി നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ മെയില്‍ വഴി രമ പരാതി നല്‍കിയത്.

ടി പിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഷംസീറിന് പങ്കുണ്ടെന്ന് കെ കെ രമ ആരോപിച്ചു. അതിനാല്‍ ഷംസീറിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് സി പി എം മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ടി പി കൊല്ലപ്പെടുന്നതിന് തലേന്നും മൂന്നാഴ്ച മുമ്പും രണ്ടാം പ്രതിയായ കിര്‍മാണി മനോജും തമ്മില്‍ ഫോണില്‍ സംസാരിച്ചുവെന്നതിന്റെ രേഖകളാണ് ആര്‍ എം പി ഇന്നലെ പുറത്തുവിട്ടത്.

അതേസമയം ഷംസീര്‍ വിളിച്ചുവെന്ന് പറയുന്ന 9847562679 എന്ന നമ്പര്‍ മാഹി സ്വദേശി അജീഷിന്റെതാണെന്ന് സി പി എം നേതാവ് പി ജയരാജന്‍ പറഞ്ഞു.