Connect with us

Ongoing News

പ്രചാരണം ചൂട് പിടിക്കുന്നു: ഇഞ്ചോടിഞ്ച് പോരാട്ടം

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലെത്തിയതോടെ പോര്‍ക്കളങ്ങളില്‍ തീപാറുന്നു. വോട്ടുറപ്പിക്കാന്‍ സര്‍വതന്ത്രങ്ങളും പയറ്റി തുടങ്ങിയതോടെ കണക്കുകള്‍ പ്രവചനാതീതമാകുകയാണ്. വിധിയെഴുത്തിന് ശേഷിക്കുന്നത് ഇനി ഒരാഴ്ച. അഞ്ചാം ദിവസം പരസ്യ പ്രചാരണം തീരും. അതിനാല്‍, നിര്‍ണായകമാണ് ഇനിയുള്ള ദിവസങ്ങള്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും പ്രചാരണം തുടങ്ങിയ ഘട്ടത്തില്‍ നിന്നും സ്ഥിതിഗതികള്‍ മാറിയെന്നാണ് വിലയിരുത്തല്‍. സിറ്റിംഗ് സീറ്റുകളില്‍ ഇരുപക്ഷവും വെല്ലുവിളികള്‍ നേരിടുന്നു. മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം.
ദേശീയ രാഷ്ട്രീയം മുതല്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ വരെ സജീവ ചര്‍ച്ചയാക്കിയാണ് സ്ഥാനാര്‍ഥികളുടെ പര്യടനം. ദേശീയ നേതാക്കളും കളത്തിലിറങ്ങിയതോടെ പ്രചാരണത്തിന് വീര്യവും കൂടി. കണക്കുകള്‍ കൂട്ടിയും കുറച്ചും പ്രചാരണ രംഗത്തെ മുന്നേറ്റവും വിലയിരുത്തി ജയപരാജയങ്ങളെക്കുറിച്ചുള്ള വിശകലനം നടത്തുകയാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍.
ബി ജെ പിയുടെ സാധ്യത കുറവെങ്കിലും ത്രികോണ മത്സരത്തിന്റെ പ്രതീതിയുള്ളത് തിരുവനന്തപുരത്തും കാസര്‍കോട്ടുമാണ്. മറ്റു മണ്ഡലങ്ങളിലെല്ലാം ഇരുമുന്നണികളും നേരിട്ട് ഏറ്റുമുട്ടുന്നു. തിരുവനന്തപുരത്ത് സിറ്റിംഗ് എം പി ശശി തരൂരിനെതിരെ സി പി ഐ രംഗത്തിറക്കിയ ബെന്നറ്റ് എബ്രഹാം പുതുമുഖമെന്ന പരിമിതി മറികടന്നിട്ടുണ്ട്. ജാതി വോട്ടില്‍ കണ്ണുവെച്ച് നാടാര്‍ വിഭാഗത്തില്‍ നിന്നുള്ള ബെന്നറ്റിനെ കളത്തിലിറക്കിയ എല്‍ ഡി എഫ് അട്ടിമറി ജയം ഉറപ്പിക്കുന്നു. യു ഡി എഫ് ക്യാമ്പിലാകട്ടെ ജയിക്കുമെന്നുറപ്പിച്ച സീറ്റുകളുടെ കൂട്ടത്തിലാണ് തിരുവനന്തപുരം. ഒ രാജഗോപാലിലൂടെ ഒരിക്കല്‍ കൂടി വെല്ലുവിളി ഉയര്‍ത്തുകയാണ് ബി ജെ പി.
പൊരിഞ്ഞ പോരാട്ടമാണ് ആറ്റിങ്ങലിലും. സി പി എമ്മിന്റെ സിറ്റിംഗ് എം പി ഡോ. എ സമ്പത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ വെല്ലുവിളി ഉയര്‍ത്തുന്നു. പഴയ സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള പോരാട്ടമാണ് കൊല്ലത്തെയും പത്തനംതിട്ടയെയും ശ്രദ്ധേയമാക്കുന്നത്. പാര്‍ട്ടി വോട്ടുകളില്‍ പ്രതീക്ഷ പുലര്‍ത്തുന്ന സി പി എം കൊല്ലത്ത് എം എ ബേബിയുടെ ജയസാധ്യത ആണയിട്ട് ഉറപ്പിക്കുന്നു. എതിരാളി എന്‍ കെ പ്രേമചന്ദ്രന്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. രണ്ട് പാര്‍ട്ടികള്‍ക്കും കൊല്ലം ജീവന്‍മരണ പോരാട്ടമാണ്. തോറ്റാല്‍ മത്സരിച്ച ഏക പി ബി അംഗം തോറ്റെന്ന പഴി കേള്‍ക്കേണ്ടി വരും സി പി എമ്മിന്. ആര്‍ എസ് പിയുടെ ശക്തി അംഗീകരിക്കേണ്ടിയും വരും. മറിച്ചാണെങ്കില്‍ ആര്‍ എസ് പിയുടെ ഭാവിയും അനിശ്ചിതത്വത്തിലാകും. കൊല്ലത്തെ ജയപരാജയങ്ങള്‍ ആശ്രയിച്ചാകും ആര്‍ എസ് പിയുടെ യു ഡി എഫിലെ നിലനില്‍പ്പിന്റെ ഭാവി.
പത്തനംതിട്ടയില്‍ യു ഡി എഫിന്റെ തന്ത്രങ്ങളെല്ലാം അറിയുന്ന പീലിപ്പോസ് തോമസ് ആണ് സിറ്റിംഗ് എം പി ആന്റോ ആന്റണിയെ നേരിടുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാവിയെന്താകുമെന്നതിനാല്‍ നിര്‍ണായകമാകും ഇടുക്കിയിലെ ഫലം. ഇടുക്കിയിലെ കര്‍ഷക സംരക്ഷകര്‍ ആരെന്ന് ജോയ്‌സ് ജോര്‍ജും ഡീന്‍ കുര്യാക്കോസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉത്തരം നല്‍കും. ജനതാദള്‍ എസിലെ മാത്യു ടി തോമസും കേരളാ കോണ്‍ഗ്രസിലെ ജോസ് കെ മാണിയും കൊമ്പുകോര്‍ക്കുന്ന കോട്ടയത്തും പോരാട്ട ചൂടിന് ഒട്ടും കുറവില്ല.
ആലപ്പുഴയില്‍ നിന്ന് അത്ഭുതങ്ങളാണ് സി പി എം പ്രതീക്ഷിക്കുന്നത്. ചന്ദ്രബാബുവിന്റെ ജയം ഉറപ്പാണെന്ന് കണക്കുകള്‍ നിരത്തി അവര്‍ സ്ഥാപിക്കുന്നു. സിറ്റിംഗ് എം പി. കെ സി വേണുഗോപാലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനും സംശയമൊന്നുമില്ല. എറണാകുളത്ത് മേല്‍ക്കൈ കെ വി തോമസിനെങ്കിലും ഇടത് സ്വതന്ത്രന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
കോണ്‍ഗ്രസിന് വേരോട്ടമുണ്ടെങ്കിലും ചാലക്കുടിയിലും കനത്ത പോരാട്ടമാണ്. പി സി ചാക്കോയുടെ മണ്ഡലം മാറ്റവും ഇന്നസെന്റിന്റെ ജനകീയതയിലുമാണ് സി പി എമ്മിന്റെ പ്രതീക്ഷ. എന്നാല്‍, ജയിക്കാനുള്ള പാര്‍ട്ടി വോട്ട് ചാലക്കുടിയിലുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അട്ടിമറി പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തൃശൂര്‍. കെ പി ധനപാലനും സി എന്‍ ജയദേവനും കെമ്പുകോര്‍ക്കുന്ന ഇവിടെ ഫലം പ്രവചനാതീതമാകുന്നു.
പാലക്കാട് സി പി എമ്മിന്റെ സിറ്റിംഗ് സീറ്റെങ്കിലും എം പി വീരേന്ദ്രകുമാര്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായതോടെ പോരാട്ടത്തിന് വീറും വാശിയും കൂടിയിട്ടുണ്ട്. എം ബി രാജേഷിനെതിരെ വീരേന്ദ്രകുമാര്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ആലത്തൂരില്‍ പി കെ ബിജുവും കെ എ ഷീബയും തമ്മിലുള്ള യുവത്വത്തിന്റെ പോരാട്ടമാണ്. മുസ്‌ലിം ലീഗിന്റെ രണ്ട് സീറ്റും ഭദ്രമാണെന്ന് പാര്‍ട്ടി ഉറപ്പിക്കുമ്പോഴും പൊന്നാനിയില്‍ വെല്ലുവിളി നേരിടുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ സി പി എം സ്വതന്ത്രന്‍ വി അബ്ദുര്‍റഹ്മാന് വേണ്ടി കളത്തിലിറങ്ങിയതും ലീഗിനെ അസ്വസ്ഥമാക്കുന്നു. വയനാട്ടില്‍ എം ഐ ഷാനവാസിനെതിരെ തുടക്കത്തിലുണ്ടായിരുന്ന എതിര്‍പ്പ് മാറിയ ആശ്വസത്തിലാണ് കോണ്‍ഗ്രസ്.
കോഴിക്കോട്ടും വടകരയിലും കണ്ണൂരിലും പൊരിഞ്ഞ പോരാട്ടമാണ്. സി പി എമ്മിന് ഈ മണ്ഡലങ്ങളില്‍ ജീവന്‍മരണ പോരാട്ടമാണ്. പാര്‍ട്ടിയുടെ നിലനില്‍പ്പ് ചോദ്യം ചെയ്ത നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇവിടങ്ങളില്‍ ജയം അനിവാര്യം. കാസര്‍കോട്ട് കെ സുരേന്ദ്രന്‍ ത്രികോണ മത്സരത്തിന്റെ പ്രതീതി ഉയര്‍ത്തുന്നുണ്ടെങ്കിലും ടി സിദ്ദീഖും പി കരുണാകരനും തമ്മിലാണ് പ്രധാന മത്സരം.

Latest