നാടുവാഴികളുടെ നെട്ടോട്ടവും നാട്ടരങ്ങിലെ നിസ്സംഗതയും

Posted on: April 3, 2014 6:00 am | Last updated: April 3, 2014 at 12:04 am

എന്നെപ്പോലുമെനിക്ക് നേര്‍വഴിനയി-
ക്കാനൊട്ടുമാകാത്ത ഞാ-
നന്യന്മാരെനയിച്ചു നായക പദ-
പ്രാപ്തിക്ക് ദാഹിക്കയോ?
കന്നത്തത്തിനുമുണ്ടുമന്നിലതിരെ-
ന്നോര്‍ക്കാതെ തുള്ളുന്നു ഞാ-
നെന്നെത്തന്നെ മറന്ന് കല്ലുകളെറി-
ഞ്ഞെന്‍ കാലൊടിക്കൂ വിധേ!
എന്നെപ്പോലും നേരായ മാര്‍ഗത്തിലൂടെ നയിക്കാന്‍ കഴിയാത്ത ഞാന്‍ മറ്റുള്ളവരെ നേര്‍വഴിക്ക് നയിച്ച് നായകസ്ഥാനത്തിനു ദാഹിക്കുന്നു. അല്ലയോ വിധാതാവേ, അങ്ങ് എന്റെ കാലെറിഞ്ഞ് ഒടിച്ചാലും! ഭൂമിയില്‍ മടയത്തരത്തിനു ഒരു പരിധി ഉണ്ടെന്നറിയാതെ അഹങ്കരിച്ച് ഞാന്‍ എന്നെത്തന്നെ മറന്നിരിക്കുന്നു. ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെതാണീ വരികള്‍. ഈ ശ്ലോകം ഓര്‍രിക്കാനും മറ്റുളളവരോട് അര്‍ഥം പറഞ്ഞ് ഫലിപ്പിക്കാനും ഏറ്റവും പറ്റിയ സമയമാണ് തിരഞ്ഞെടുപ്പു കാലം. ഇനി കഷ്ടിച്ച് ഒരാഴ്ച! അതോടെ വേനല്‍ച്ചൂടിനറുതികുറിച്ചുകൊണ്ട് ഒരു മഴയെങ്കിലും പെയ്യാതിരിക്കില്ലെന്നാണ് നമ്മള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ, ഈ ചൂടത്രയും ഏറ്റുവാങ്ങി ജനങ്ങള്‍ക്കിടയില്‍ രാപകലില്ലാതെ ഓടിനടക്കുന്ന നമ്മുടെ സ്ഥാനാര്‍ഥികളുടെ ഉള്ളിലെ ചൂട് കെട്ടടങ്ങാന്‍ ഫലപ്രഖ്യാപനം വരെയും കാത്തിരിക്കേണ്ടി വരും എന്നോര്‍ക്കുമ്പോള്‍ ആരും ഈ സാധുക്കളോട് സഹതപിച്ചുപോകും.
ജഗുപ്സ്സ’നവരസങ്ങളില്‍ ഒന്നാണെന്നാണ് കാവ്യ മീമാംസകന്‍മാര്‍ പറയുന്നത്. അതിനുദാഹരണമായി ലക്ഷണശാസ്ത്ര ഗ്രന്ഥങ്ങളില്‍ നല്‍കിയിരിക്കുന്ന പല മാതൃകാശ്ലോകങ്ങളും കടലാസില്‍ എഴുതാനോ അച്ചടിക്കാനോ കൊള്ളുകയില്ലാത്തത്ര ജഗുപ്‌സാവഹമാണ്. കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ കാണുമ്പോള്‍ വമനേച്ഛ (ഓക്കാനം) ഉണ്ടാക്കുന്നവയാണ് ജഗുപ്‌സക്കു ഹേതു. അങ്ങനെയെങ്കില്‍ വിയര്‍ത്തൊലിക്കുന്ന പാവപ്പെട്ട തൊഴിലാളിക്കു മുന്നിലും മൂക്കൊലിപ്പ് നിലക്കാത്ത അമ്മിഞ്ഞപ്രായത്തിലുള്ള ശിശുക്കളെ എളിയില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന അമ്മമാരുടെ മുന്നിലും നട്ടെല്ല് വില്ല് പോലെ കുനിച്ച് നമസ്‌കരിക്കുകയും, കുഞ്ഞുങ്ങളുടെ കവിളത്തുമ്മ വെക്കുകയും ചെയ്യുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം പോലെ ജഗുപ്‌സ ഉളവാക്കുന്ന മറ്റെന്തുകാഴ്ചയാണുള്ളത്?
ടി വിചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരുടെയും ക്യാമറാമാന്‍മാരുടെയും മനോധര്‍മത്തിനൊപ്പിച്ച് തിരഞ്ഞെടുപ്പ് മാമാങ്കത്തിനു കൊഴുപ്പ് കൂട്ടാന്‍ ചില പൊടിക്കൈകളൊക്കെ പ്രയോഗിക്കുന്നതിലപ്പുറം നാട്ടുകാരുടെയിടയില്‍ കാര്യമായ ആവേശമൊന്നും എവിടേയും കാണുന്നില്ല. ഒരു പക്ഷേ, വരുന്ന ഏതാനും ദശകങ്ങളിലെ നമ്മുടെ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കപ്പെടാനിടയുള്ള ഒരു തിരഞ്ഞെടുപ്പാണ് ആസന്നമായിരിക്കുന്നതെന്നും ബോധ്യമുള്ളവര്‍ പോലും വല്ലാത്ത ഒരുതരം രാഷ്ട്രീയ നിസ്സംഗത പുലര്‍ത്തുന്നു എന്നത് ആശങ്കാജനകമാണ്.
തിരഞ്ഞെടുപ്പ് കേളികൊട്ടിന്റെ ആദ്യ ഘട്ടത്തിനു ചൂട് പകര്‍ന്നിരുന്നത് സീറ്റിനു വേണ്ടിയുള്ള സ്ഥാനമോഹികളുടെ പരക്കംപാച്ചിലായിരുന്നു. അത് ഏതാണ്ടൊന്ന് അവസാനിച്ചിരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകമാണ് നമ്മുടെ ബഹുകക്ഷി ജനാധിപത്യത്തിലെ ഏറ്റവും വലിയ തകരാറ്. തങ്ങളെ ആര് പ്രതിനിധാനം ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഇന്ത്യയിലെ വോട്ടര്‍മാര്‍ക്കു നല്‍കപ്പെട്ടിട്ടില്ല. പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ ജനാധിപത്യ തത്വങ്ങള്‍ക്കു നിരക്കുന്ന ഒരു മാനദണ്ഡവും പാലിക്കുന്നില്ല. പഴയ നാടുവാഴി പാരമ്പര്യത്തിന്റെ അവശിഷ്ടങ്ങളാണ് ഇന്നും സാര്‍വത്രികമായി നിലനില്‍ക്കുന്നത്. ഭരിക്കാനും ഭരിക്കപ്പെടാനും വേണ്ടി നിയോഗിക്കപ്പെട്ടവരെന്ന നിലയില്‍ ജനം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഭരണം, ഒരു സേവനം ആണെന്നൊക്കെ പുറമെ ഭാവിക്കുമെങ്കിലും അത് ലക്ഷ്യമാക്കുന്നവരുടെ ഉള്ളിലിരിപ്പ് അധികാരം കൈപ്പിടിയിലൊതുക്കുക എന്നതാണ്. അധികാരം അഴിമതിയിലേക്ക്; സമ്പൂര്‍ണ അധികാരം സമ്പൂര്‍ണ അഴിമതിയിലേക്ക്, ഇതാണ് ഇന്നു മിക്ക ജനാധിപത്യ രാജ്യങ്ങളുടെയും അവസ്ഥ. അധികാരം, അഴിമതി – ഈ രണ്ട് കാര്യങ്ങളല്ലാതെ പുറമെ പറഞ്ഞ് നടക്കുന്ന ദേശീയത, ധാര്‍മിക മൂല്യങ്ങള്‍, സോഷ്യലിസം, മതേതരത്വം ഇതൊക്കെ രാഷ്ട്രീയക്കാരന്റെ ചൂണ്ടയില്‍ കോര്‍ത്ത വെറും പുഴുക്കളാണെന്ന് ജനം എന്ന മത്സ്യസഞ്ചയം മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ പഴയ പോലെ ഈ മത്സ്യങ്ങള്‍ ഈ ചൂണ്ടയില്‍ കൊത്താന്‍ ധൈര്യപ്പെടുന്നില്ല അതല്ലേ നാട്ടരങ്ങില്‍ കാണപ്പെടുന്ന രാഷ്ട്രീയ നിസ്സംഗതയുടെ കാരണം.
ജനാധിപത്യത്തിന്റെ ഈറ്റില്ലമായ പഴയ ഗ്രീസില്‍ അതാത് പ്രദേശത്തെ ആളുകള്‍ ഒത്തുകൂടി സ്ഥാനാര്‍ഥികളെ മുന്നില്‍ നിര്‍ത്തി കൈ പൊക്കി സമ്മതിദാനം നല്‍കിക്കൊണ്ട് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന പതിവുണ്ടായിരുന്നു. അക്കാലത്തെ ഒരു കഥ ചിലരെങ്കിലും കേട്ടിരിക്കും. വോട്ടെടുപ്പിനു മുമ്പ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയുള്ള പ്രചാരണം കലശലായി നടക്കുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ രണ്ട് വോട്ടര്‍മാര്‍ പരസ്പരം വാഗ്വാദം നടത്തുന്നു. ഒരുവന്‍ മറ്റവനോട് – “ഞാനാര്‍ക്കു വോട്ട് ചെയ്താലും ആ പെരിക്ലിസ്സിന് വോട്ട് ചെയ്യില്ല. ഇത് കേട്ട് കൊണ്ട് മുഖ്യ സ്ഥാനാര്‍ഥിയായ പെരിക്ലിസ് അടുത്തു നില്‍പ്പുണ്ടായിരുന്നു. പക്ഷേ, അതു പെരിക്ലിസ് ആണെന്ന് ആ വോട്ടര്‍മാര്‍ മനസ്സിലാക്കിയിരുന്നില്ല. അവര്‍ക്ക് ആ മഹാനായ പെരിക്ലിസിനെ കുറിച്ച് കേട്ടറിവേ ഉണ്ടായിരുന്നുള്ളു. നേരില്‍ കണ്ടിട്ടുണ്ടായിരുന്നില്ല. താന്‍ പെരിക്ലിസ് ആണെന്ന കാര്യം വെളിപ്പെടുത്താതെ അദ്ദേഹം തനിക്കെതിരെ രൂക്ഷമായ വിമര്‍ശം ഉന്നയിച്ച വോട്ടറെ സമീപിച്ച് ചോദിച്ചു. “’മാന്യ സ്‌നേഹിതാ നിങ്ങളെന്താണ് മറ്റാര്‍ക്കു വോട്ട് നല്‍കിയാലും പെരിക്ലിസിനു നല്‍കില്ലെന്നു പറഞ്ഞത്? പെരിക്ലിസ് നിങ്ങളോട് എന്ത് ദ്രോഹമാണ് ചെയ്തത്?’ ഉടന്‍ വന്നു മറുപടി: ‘പെരിക്ലിസ് എന്നോട് യാതൊരു ദ്രോഹവും ചെയ്തില്ല ഞാനയാള്‍ക്ക് വോട്ട് ചെയ്യുന്നില്ലെന്ന് പറഞ്ഞതിനു കാരണം മറ്റൊന്നാണ്. പെരിക്ലിസിനെപ്പോലെ മഹാനായ മനുഷ്യന്‍ വേറെയില്ലെന്നുള്ള നാട്ടുകാരുടെ പറച്ചില്‍ കേട്ട് ഞാന്‍ മടുത്തു. അതുകൊണ്ടാണ് ഞാനയാള്‍ക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞത്’ അതു കേട്ട് ചിരിക്കാനല്ലാതെ മറ്റെന്താണ് പെരിക്ലിസിനു കഴിയുക?
ഈ കഥയുടെ സാരാംശം ഉള്‍ക്കൊണ്ട് കൊണ്ട് നമ്മള്‍ വോട്ട് ചെയ്യേണ്ട സ്ഥാനാര്‍ഥിയെ നമ്മള്‍ തന്നെ നിശ്ചയിക്കുകയാണെങ്കില്‍ എന്തായിരിക്കും അവസ്ഥ? ഏറ്റവും ചീത്ത ചരക്കുകള്‍ വിറ്റഴിക്കാന്‍ ഏറ്റവും കൂടുതല്‍ പരസ്യം ആവശ്യമാണെന്ന കച്ചവട തന്ത്രം ആണ് ഇന്ന് രാഷ്ട്രീയ രംഗത്ത് പരീക്ഷിക്കപ്പെടുന്നത്. എന്തെല്ലാം വിശേഷണങ്ങളാണ് നമ്മുടെ ഓരോ സ്ഥാനാര്‍ഥിയും ചുമക്കുന്നത്? ദമയന്തീ സ്വയംവരത്തിന് എത്തിയ നളവേഷധാരികളെപ്പോലെയല്ലേ ഓരോരുത്തന്‍മാര്‍, ഇപ്പോള്‍ തങ്ങളുടെ കഴുത്തില്‍ വരണമാല അര്‍പ്പിക്കുമെന്ന പ്രതീക്ഷയുമായി വീര്‍പ്പടക്കി കാത്തിരിക്കുന്നത്? ആര്‍ക്കും ഒരു കുഴപ്പവും ഇല്ല; എല്ലാം പരമയോഗ്യന്‍മാര്‍. ശരീര ഭാഷകൊണ്ട് ജനത്തെ കീഴ്‌പ്പെടുത്താന്‍ പ്രത്യേകം പരിശീലനം നേടിയവര്‍, സ്വന്തമായി സ്വരൂപിച്ചതും പൈതൃകമായി ലഭിച്ചതും എല്ലാം ചേര്‍ത്ത് അനേകം കോടികളുടെ ആസ്തിക്കുടമസ്ഥര്‍, കാലുമാറ്റക്കലയില്‍ ഡോക്ടറേറ്റ് നേടിയവര്‍, സ്വന്തം പാര്‍ട്ടിയിലെ പരമോന്നത നേതാവിന്റെ പാദപൂജയില്‍ പ്രാവീണ്യം ലഭിച്ചവര്‍. ഒപ്പം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകനെ പിന്നില്‍ നിന്നും മലര്‍ത്തിയടിച്ചവര്‍ എതിര്‍സ്ഥാനാര്‍ഥിയുടെ കൊടിയും തോരണവും മാത്രമല്ല അവന്റെ വംശത്തെ തന്ന ഉന്മൂലനം ചെയ്യാന്‍ മെയ്ക്കരുത്തുള്ള ഒരു മാഫിയാ സംഘത്തെ ഒപ്പം കൊണ്ട് നടക്കുന്നവര്‍. ഇങ്ങനെ നാട് ഭരിക്കാന്‍ ആവശ്യമായ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയവരാണ് ഇന്ത്യയൊട്ടാകെ നോക്കിയാല്‍ അങ്കക്കളത്തിലിറങ്ങി ഭാഗ്യ പരീക്ഷണം നടത്തുന്ന സ്ഥാനാര്‍ഥികള്‍.
തിരഞ്ഞെടുപ്പ് കാലം ജനങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കാലം കൂടി ആയിരിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഒരു കാര്യം മാത്രം ഒരിടത്തും നടക്കുന്നില്ല. നേതാക്കന്മാരുടെ കവല പ്രസംഗങ്ങള്‍, പ്രാദേശിക നേതാവിന്റെ ഗീര്‍വാണം കേള്‍പ്പിക്കാന്‍ വിളിച്ചു കൂട്ടുന്ന കുടുംബയോഗങ്ങള്‍, ശബ്ദമാലിന്യം വര്‍ഷിച്ചു കൊണ്ട് ചീറിപ്പായുന്ന വാഹനങ്ങള്‍, സ്ഥാനാര്‍ഥിയുടെ പല്ലുകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ പാകത്തില്‍ വായ് തുറന്ന് ചിരിക്കുന്ന ഫഌക്‌സ് ചിത്രങ്ങള്‍, സ്ഥാനാര്‍ഥിയുടെ നേരിട്ടുള്ള സന്ദര്‍ശനം വഴി വോട്ടഭ്യര്‍ഥിക്കല്‍ ഇവയിലൊന്നും തന്നെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രബോധനങ്ങള്‍ നടക്കുന്നില്ല. ‘ഞാന്‍, ഞാന്‍’ എന്ന ഭാവം ‘അവനു പകരം ഇവന്‍’ എന്നിങ്ങനെയുള്ള ലളിതവത്കരിക്കപ്പെട്ട പരസ്പരപകയുടെ പൊള്ളയായ പ്രകടനമല്ലാതെ മറ്റെന്താണ് ഇവിടെ നടക്കുന്നത്? പൊള്ളയായ ഒച്ചപ്പാടുകള്‍ മാത്രം അവശേഷിപ്പിക്കുന്ന ഒരു വിഡ്ഢിക്കഥ എന്ന് വില്യം ഷേക്‌സ്പിയര്‍ മാക്ബത്തിനെ കൊണ്ട് പറയിച്ചത് അന്നത്തെ സ്‌കോട്ട്‌ലാന്‍ഡിലെ രാഷ്ട്രീയത്തിനും മാത്രമല്ല ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിനു ബാധകമായി വന്നിരിക്കുന്നു.
നമ്മുടെ ഭരണഘടന ഷഷ്ടിപൂര്‍ത്തി പിന്നിട്ട് സപ്തതിയിലേക്ക് പ്രവേശിക്കുകയാണ്. അതിന്റെ വാര്‍ധക്യകാല അവശതകളെ തരണം ചെയ്യാനുള്ള എന്ത് ചികിത്സയാണ് വേണ്ടതെന്ന് നമ്മളിതുവരെ ആലോചിച്ചു തുടങ്ങിയിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നൊക്കെ ഉള്ള നമ്മുടെ അവകാശവാദത്തിനെന്തര്‍ഥമാണുള്ളത്? ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ ജനസംഖ്യയുടെ 50 ശതമാനത്തിലേറെ പേരുടെ പിന്തുണയുള്ള ഒരു രാഷ്ട്രീയ കക്ഷിയും അധികാരം കൈയാളിയിട്ടില്ല. രാഷ്ട്രീയകക്ഷികളുടെ എണ്ണപ്പെരുപ്പത്തോടെ ജയിച്ച കക്ഷിക്ക് ലഭിച്ച വോട്ടിന്റെ അനുപാതം ഗണ്യമായി കുറയുന്നു. ഒന്നൊന്നര ഡസന്‍ കക്ഷികളും അത്ര തന്നെ സ്വതന്ത്രന്മാരും മത്സരിക്കുന്ന ഒരു തിരഞ്ഞെടുപ്പില്‍, ഇരുപത്തിയഞ്ചോ മുപ്പതോ ശതമാനം വോട്ട് നേടുന്ന സ്ഥാനാര്‍ഥി പോലും വിജയകിരീടം ചൂടുന്നത് അപൂര്‍വമല്ല. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ആധിപത്യമാണെന്നൊക്കെ പറയുമെങ്കിലും ഫലത്തില്‍ അത് ന്യൂനപക്ഷം ഭൂരിപക്ഷത്തിനു മേല്‍ നേടുന്ന കൗശലപൂര്‍വമായ വിജയമാണ്. ഇത്തരം സാങ്കേതികത്വ്വത്തിന്റെ നൂലാമാലകളെ ഭേദിക്കാന്‍ പാകത്തിലുള്ള പരിഷ്‌കരണം അനിവാര്യമാണെന്ന മുറവിളി ഒരു ഭാഗത്തുനിന്നും കേള്‍ക്കുന്നില്ല.
ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരായിരിക്കണമെന്ന നിര്‍ബന്ധം ഭരണഘടനയില്‍ എഴുതിയിട്ടില്ലെങ്കില്‍ അത് ഭരണഘടന എഴുതിയുണ്ടാക്കിയവരുടെ കുറ്റമാണ്. മാന്യസമ്മതിദായകന്‍മാര്‍ക്കീ കാര്യം ഗൗരവമായി പരിഗണിക്കാവുന്നതാണ്, അന്യസ്ഥലങ്ങളില്‍ നിന്നും തങ്ങളുടെ നാട്ടിലേക്കു താത്കാലിക ലക്ഷ്യങ്ങളോടെ പറന്നുവന്നിരിക്കുന്ന ദേശാടനക്കിളികളെ ആട്ടിയോടിക്കാന്‍ ഒരോ വോട്ടറും തയ്യാറായാല്‍ സാവകാശം ഈ പ്രവണതക്കു വിരാമം കുറിക്കപ്പെടും. അതുപോലെ തന്നെ കുറ്റാരോപിതരായ സ്ഥാനാര്‍ഥികള്‍, കളങ്കിത വ്യക്തിത്വങ്ങളെന്ന് പരസ്യമായി അറിയപ്പെടുന്നവര്‍, ഒരു പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് കൂറുമാറി എത്തിയവര്‍, അനുവദനീയമല്ലാത്ത തോതില്‍ മണിപ്പവറും മസില്‍പ്പവറും മാഫിയാ പവറും തിരഞ്ഞെടുപ്പ് രംഗത്ത് ഉപയോഗിച്ച് ജനങ്ങളെ വിരട്ടുന്നവര്‍, ഇത്തരക്കാരെ ബഹിഷ്‌കരിക്കുന്നതരത്തില്‍ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടുന്നില്ലെങ്കില്‍, ജനങ്ങള്‍ തന്നെ അതിനു തയ്യാറായാല്‍ ഇന്ത്യന്‍ രാഷ്ട്രീയം ഇന്നത്തെക്കാളേറെ സംശുദ്ധമാകും.
ഒരു രാഷ്ടത്തിന്റെ, ഒരു ജനതയുടെ, ഒരു വ്യവസ്ഥിതിയുടെ വളര്‍ച്ചക്കും വികാസത്തിനും വിഘാതമായി നില്‍ക്കുന്ന ചട്ടങ്ങള്‍ മാറുകതന്നെ വേണം. മിക്കവാറും ഈ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇതിലൊക്കെ ഗൗരവതരമായ അഴിച്ചുപണികള്‍ നമ്മുടെ ഭരണഘടനയിലും തിരഞ്ഞെടുപ്പ് ചട്ടങ്ങളിലും അനിവാര്യമാകുക തന്നെ ചെയ്യും. ബഹുകക്ഷി സമ്പ്രദായത്തിന്റെ സ്ഥാനത്ത് ഇരുകക്ഷി സമ്പ്രദായം, പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അരിഷ്ടതകള്‍ പരിഹരിക്കാന്‍ പാകത്തില്‍ പങ്കാളിത്ത ജനാധിപത്യം ഉറപ്പ് വരുത്തുന്ന ആനുപാതിക പ്രാതിനിധ്യവ്യവസ്ഥ. ഇതിന്റെയൊക്കെ സാധ്യതകള്‍ ചര്‍ച്ച ചെയ്യേണ്ടിവരും. അല്ലാത്തപക്ഷം ജനാധിപത്യത്തിന്റെ നിത്യശത്രുവായ ഏകകക്ഷി ഭരണവും ഫാസിസവും പോലുള്ള അപകടങ്ങളിലേക്ക് രാജ്യമാകെ കൂപ്പുകുത്തി വീഴാനുള്ള സാധ്യത വിദൂരത്തായിരിക്കില്ല. ഇതിനൊക്കെ പുറമെ ലോകത്തെവിടെ ആര്‍ക്കെന്തു പ്രശ്‌നമുണ്ടായാലും പരിഹരിക്കാന്‍ വിധിക്കപ്പെട്ടവനെന്ന് സ്വയം ഭാവിച്ചു ലോക പോലീസുകാരന്‍ ചമയുന്ന വല്യേട്ടന്‍ അഥവാ അങ്കിള്‍ സാം മീശയും പിരിച്ച് ലാത്തിയും വീശി ഇന്ത്യന്‍ ചക്രവാളത്തിലേക്ക് തുറിച്ച് നോക്കുന്ന കാഴ്ചയും നമ്മള്‍ കാണാതിരിക്കുന്നത് ബുദ്ധിയായിരിക്കില്ല.

ALSO READ  ലൈഫ് പാർപ്പിട പദ്ധതി മാത്രമല്ല, ജീവിതം തന്നെ