Connect with us

International

മുശര്‍റഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ സൈനിക ഭരണാധികാരി പര്‍വേശ് മുശര്‍റഫിനെതിരെ കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തി. രാജ്യത്ത് ഇതാദ്യമായാണ് സൈനിക മേധാവിയായ ഒരാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. 2007ല്‍ നിയമവിരുദ്ധമായി ഭരണഘടന തടസ്സപ്പെടുത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്. ദീര്‍ഘ കാലത്തെ കോടതിയും മുശര്‍റഫും തമ്മില്‍ വാദം കേള്‍ക്കലിനും നടപടിക്കുമാണ് ഇതോടെ തീര്‍ച്ചവരുന്നത്.
ശക്തമായ സുരക്ഷാ വലയിത്തിലാണ് മുശര്‍റഫ് കോടതിയിലെത്തിയത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണെന്ന് മുശര്‍റഫ് പ്രതികരിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍ മുശര്‍റഫിന് വധശിക്ഷ വരെ ലഭിക്കും. 2001 മുതല്‍ 2008 വരെയുള്ള ദീര്‍ഘ കാലത്തെ പ്രസിഡന്റായിരുന്നു മുശര്‍ററഫ്. 2008ല്‍ ഭരണത്തില്‍ നിന്ന് ഇറങ്ങിയ ശേഷം 2013 മാര്‍ച്ച് വരെ സ്വയം പ്രഖ്യാപിത പ്രവാസത്തിലായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം കാരണം 70 കാരനായ മുശര്‍റഫ് ഈ വര്‍ഷം തുടക്കം മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദുബൈയിലുള്ള സുഖമില്ലാത്ത മാതാവിനെ സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ച രാജ്യം വിടാന്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി നിരസിക്കുകയായിരുന്നു. മുശര്‍റഫ് വീട്ടുതടങ്കലിലാണ്.
60 ജഡ്ജിമാരെ അറസ്റ്റ് ചെയ്തതടക്കം അഞ്ച് കുറ്റങ്ങളാണ് കോടതി അദ്ദേഹത്തിന് മേല്‍ ചുമത്തിയത്. ബലൂച് വിമത രാഷ്ട്രീയ പ്രവര്‍ത്തകനായ അക്ബര്‍ ബുഗ്തിയെ കൊലപ്പെടുത്തിയ കേസ്, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയ കേസ്, 2007ല്‍ ലാല്‍ മസ്ജിദ് ഇമാമിനെ കൊലപ്പെടുത്തിയ കേസ് എന്നീ കുറ്റകൃത്യങ്ങളാണ് മുശര്‍റഫിന് മേല്‍ ചുമത്തപ്പെട്ടത്.
ഇതില്‍ മുശര്‍റഫിന് ഏറ്റവും ഭീഷണിയായ കുറ്റം 2007ല്‍ ഭരണഘടനാ അവകാശങ്ങള്‍ തടഞ്ഞുവെച്ചുള്ള അടിയന്തരാവസ്ഥ പ്രഖ്യചിച്ചതാണ്. 45 വര്‍ഷത്തോളം സൈന്യത്തില്‍ രാജ്യത്തിന് വേണ്ടി സേവനം ചെയ്തതും, രണ്ട് യുദ്ധങ്ങളില്‍ രാജ്യത്തിന് വേണ്ടി പോരാടിയതും രജ്യദ്രോഹമാണോ എന്നും താന്നെ എങ്ങനെയാണ് വഞ്ചകനായി കാണാന്‍ കഴിയുന്നതെന്നും മുശര്‍റഫ് ചോദിച്ചു. മാര്‍ച്ച് 31ന് മുമ്പ് കോടതിയില്‍ ഹാജരാകണമെന്നും അല്ലാത്ത പക്ഷം ജാമ്യമില്ലാ അറസ്റ്റിനും കോടതി ഉത്തരവിട്ടിരുന്നു.

Latest