അടുപ്പില്‍ സ്‌ഫോടനം; യുവതിക്ക് പരുക്ക്

Posted on: March 22, 2014 1:30 pm | Last updated: March 22, 2014 at 12:57 pm
SHARE

പരപ്പനങ്ങാടി: ആലുങ്ങല്‍ ബീച്ച് ബദ്ര്‍പള്ളിക്ക് സമീപം അടുപ്പിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിക്ക് പരുക്കേറ്റു. വലിയ ആലിന് സമീപത്തെ കൊണ്ടന്റെ പുരക്കല്‍ മുജീബിന്റെ വീട്ടിലെ അടുപ്പിലാണ് അതിശക്തമായ രീതിയില്‍ സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തില്‍ മുജീബിന്റെ ഭാര്യ ഫാസില(23)യുടെ അരക്ക് താഴെ പൊള്ളലേറ്റ നിലയില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.30നാണ് സ്‌ഫോടനം ഉണ്ടായത്. അടുക്കളയിലെ ഈര്‍ച്ചപ്പൊടി അടുപ്പ് തീ പിടിച്ചപ്പോഴാണ് അതിശക്തമായ സ്‌ഫോടനമുണ്ടായത്. അടുപ്പ് നീറികത്തി തുടങ്ങിയതോടെ യുവതി മറ്റു ജോലികള്‍ക്കായി പിന്തിരഞ്ഞോതോടെയാണ് സ്‌ഫോടനമുണ്ടാകുന്നത്. സ്‌ഫോടനത്തിനിടയില്‍ അടുപ്പില്‍ നിന്നും പുറത്തുവന്ന വസ്തു തട്ടിയാണ് യുവതിയുടെ പിന്‍ഭാഗത്ത് ചെന്ന് പതിച്ച് പൊള്ളലുണ്ടാക്കിയത്.
മലപ്പുറത്ത് നിന്ന് ബോംബ് സ്‌കോഡ് വിദഗ്ദമായി നടത്തിയ പരിശോധനയില്‍ സ്‌ഫോടനം വെടിമരുന്ന് കൊണ്ടല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച മാന്ത്രിക കൂടും കൂട്ടില്‍ വെച്ചിരുന്ന ചെമ്പ് തകിടുകളും മറ്റും പോലീസ് കണ്ടെടുത്തു. ഇവ കൂടുതല്‍ പരിശോധനക്കായി പോലീസ് കൊണ്ടുപോയിട്ടുണ്ട്. അടുക്കളക്കും മറ്റും കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും പോലീസെത്തി പരിശോധന നടത്തുന്നതുവരെ ജനം പരിഭ്രാന്തിയിലായിരുന്നു.