Connect with us

Ongoing News

രാഹുലിന്റെ ശൈലി ഗുണം ചെയ്യും: ഇ ടി

Published

|

Last Updated

മലപ്പുറം: പൊന്നാനി മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും വികസനം കൊണ്ടു വരാന്‍ കഴിഞ്ഞതായി ഇ ടി മുഹമ്മദ് ബഷീര്‍. മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇ ടി.
റെയില്‍വേ രംഗത്ത് ഏറെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. രണ്ട് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിച്ചു. കാര്‍ഷിക, ടൂറിസം മേഖലകളില്‍ പൊന്നാനി മണ്ഡലത്തില്‍ കോടികളുടെ കേന്ദ്രഫണ്ട് ലഭ്യമാക്കി.
മണ്ഡലത്തിലെ നാലിടത്ത് ഡയാലിസിസ് കേന്ദ്രങ്ങള്‍ തുറന്നു. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് നിരവധി പദ്ധതികളാണ് കൊണ്ടു വന്നത്. നഗരങ്ങളുടെ വികസനത്തിന് മാസ്റ്റര്‍ പ്ലാനുകളുണ്ടാക്കി കേന്ദ്രസഹായത്തോടെ അവ യാഥാര്‍ഥ്യമാക്കി.
മത്സരം ലളിതമായി കാണുന്നില്ല
പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം തിരഞ്ഞെടുപ്പിനെ ചെറുതായി കാണുന്നില്ല. എതിര്‍സ്ഥാനാര്‍ഥി ആരാണെന്ന് നോക്കിയല്ല തിരഞ്ഞെടപ്പില്‍ മത്സരിക്കുന്നത്. ആരായാലും കടുത്ത മത്സരത്തിന് തന്നെയാണ് തയ്യാറെടുക്കുന്നത്. മത്സരത്തെ ഒരിക്കലും മുസ്‌ലിം ലീഗ് ലളിതായി കാണാറില്ല. പൊന്നാനി മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനപിന്തുണ വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തവണ ഭൂരിപക്ഷം കൂടും.
കോണ്‍ഗ്രസിന്റെ 100 ശതമാനം പിന്തുണ
മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ട്. പ്രചരണത്തില്‍ ലീഗിനേക്കാള്‍ മുന്‍പന്തിയില്‍ കോണ്‍ഗ്രസുകാരാണ്. സാധാരണ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണിയിലെ പ്രശ്‌നങ്ങളും പരിഭവങ്ങളും തീര്‍ക്കാന്‍ സമയം എടുക്കാറുണ്ട്. എന്നാല്‍ ഇത്തവണ എല്ലാം പെട്ടന്ന് കഴിഞ്ഞു. മന്ത്രി ആര്യാടന്റെ നേതൃത്വത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ ഊര്‍ജസ്വലമായി യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

വ്യക്തി പരാമര്‍ശത്തിനില്ല
സ്ഥാനാര്‍ഥിയുടെ വണ്ണത്തെ കുറിച്ചോ, അദ്ദേഹത്തിന്റെ പോരായ്മകളെ കുറിച്ചോ മറ്റോ പറയുന്ന ശീലം തനിക്കില്ല. ഒരുപാട് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. ഇന്നുവരെ എതിര്‍ സ്ഥാനാര്‍ഥിയെ കുറിച്ച് മോശം പരാമര്‍ഷം നടത്തിയിട്ടില്ല. അത് ഇഷ്ടപെടുന്നുമില്ല. എതിര്‍സ്ഥാനാര്‍ഥിയുടെ വ്യക്തിഗതമായ കാര്യങ്ങള്‍ യു ഡി എഫ് പ്രചരണ ആയുധമാക്കില്ല. മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. ഇതാണ് യു ഡി എഫ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ വക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വോട്ടാകും
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള നേട്ടങ്ങള്‍ ഇത്തവണ വോട്ടായി മാറും. മുസ്‌ലിം ലീഗ് ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചാണ് വോട്ട് ചോദിക്കുകയെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പറയില്ലെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് അസംബന്ധമാണ്. ദേശീയ തലത്തില്‍ യു പി എക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേരളത്തില്‍ യു ഡി എഫ് സര്‍ക്കാരിന്റെ ജനപ്രിയ ഭരണം തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് അനുകൂലഘടകമായി മാറും.

നരേന്ദ്ര മോദി ഏകാധിപതി
നരേന്ദ്രമോദി ഏകാധിപതിയെ പോലെ തന്നെ സ്വയം ഉയര്‍ത്തിക്കാട്ടിയാണ് വോട്ട് പിടിക്കുന്നത്. രാജ്യത്തിന്റെ ഐക്യമൊന്നും മോദിക്ക് പ്രശ്‌നമല്ല. രാഹുല്‍ഗാന്ധി ഉയര്‍ത്തുന്ന നമ്മള്‍ എന്ന മുദ്രാവാക്യം രാജ്യത്തിന്റെ ഐക്യത്തിന് ഗുണകരമാണ്. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ശൈലി രാജ്യത്തെ യുവാക്കളെ സ്വധീനിച്ചിട്ടുണ്ട്. ഇത് ഈ തിരഞ്ഞെടുപ്പില്‍ യു പി എക്ക് ഗുണം ചെയ്യും.

യു പി എക്ക് ബദല്‍ ഇല്ല
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ മുന്നണിക്ക് ബദല്‍ ഇല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. വര്‍ഗീയ ഫാസിസ്റ്റ് ശ്കതികള്‍ക്ക് എതിരെ നില്‍ക്കാന്‍ വേറെ ആരാണുള്ളത്. മൂന്നാം മുന്നണി എന്നത് യാഥാര്‍ഥ്യമാകാതെ കിടക്കുന്ന ഒന്നാണ്. മൂന്നാം മുന്നണിയിലെ പല പാര്‍ട്ടികളും ബി ജെ പിക്കൊപ്പം പോയിരുന്നവരുമാണ്.
ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തെ ഒന്നിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ യു പി എക്ക് മാത്രമേ കഴിയൂ. യു പി എ സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ തരംഗം നിലവിലില്ല. ജനങ്ങള്‍ക്ക് നേരിട്ട് ഗുണം ലഭിച്ച ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.

സമുദായ വോട്ടില്‍ നോട്ടമില്ല
സമുദായവോട്ട് മുന്നില്‍ കണ്ടല്ല മുസ്‌ലിം ലീഗ് മുന്നോട്ടു പോകുന്നത്. മതേതര ജനാധിപത്യത്തിന്റെ അടിത്തറ ശക്തപ്പെടുത്താനാണ് യു പി എയും മുസ്്‌ലിം ലീഗും ശ്രമിക്കുന്നത്. ഇതിനായി സമുദായങ്ങളുടെയും മറ്റ് ജനവിഭാഗങ്ങളുടെയും പിന്തുണ ഞങ്ങള്‍ നേടും. പി ഡി പി പിന്തുണ നല്‍കുകയാണെങ്കില്‍ സ്വീകരിക്കും. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടു വേണ്ടെന്ന് പറയില്ല.