Connect with us

Gulf

ഡ്യൂട്ടി ഫ്രീ സാധനങ്ങള്‍ക്ക് എക്‌സ്പ്രസില്‍ അധിക നിരക്ക്

Published

|

Last Updated

മസ്‌കത്ത്: എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീയില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും എയര്‍ലൈന്‍ ജീവനക്കാര്‍ അധിക നിരക്ക് ഈടാക്കുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ യാത്ര ചെയ്ത മലയാളികള്‍ക്ക് കൗണ്ടറില്‍ അധിക നിരക്ക് ഒടുക്കേണ്ടി വന്നു.
ഒന്നോ രണ്ടോ കിലോ മാത്രമേ അനുവദിക്കൂ എന്നും കൂടുതലുണ്ടെങ്കില്‍ നിരക്കൊടുക്കണമെന്നും എയര്‍ലൈന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. സാധാരണ ഡ്യൂട്ടി ഫ്രീയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയാല്‍ പ്രശ്‌നമാകാറില്ലെന്ന ധാരണയിലാണ് യാത്രക്കാര്‍ ഡ്യൂട്ടി ഫ്രീയില്‍നിന്നും ചോക്കളേറ്റുകളും പാല്‍പൊടി, ടാങ്ക് തുടങ്ങിയ ഭാരമുള്ള സാധനങ്ങളും വാങ്ങുന്നത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് പരിധി 20 കിലോ ആക്കി കുറച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ പേര്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര ചെയ്തവരില്‍നിന്നെല്ലാം തുക ഈടാക്കി.
സാധനം വാങ്ങി വിമാനത്തില്‍ കയറുന്നതിനായി ബോര്‍ഡിംഗ് പാസ് മുറിച്ചു നല്‍കുന്ന ഗേറ്റില്‍ വെച്ചാണ് തുകയടക്കാന്‍ പറയുന്നതെന്നും ഇവിടെ വെച്ച് കൂടുതല്‍ സംസാരിക്കാന്‍ കഴിയാത്തതിനാല്‍ യാത്രക്കാര്‍ പണമടക്കാന്‍ തയാറാവുകയാണെന്നും അനുഭവസ്ഥര്‍ പറയുന്നു. ഇന്നലെ ഉച്ച കഴിഞ്ഞുള്ള കോഴിക്കോട് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയവരില്‍നിന്നെല്ലാം പണം ഈടാക്കിയതായി യാത്രക്കാരനായ മോങ്ങം സ്വദേശി മുഹമ്മദ് പറഞ്ഞു. ചിലര്‍ മാത്രം ഡ്യൂട്ടി ഫ്രീയില്‍ സാധനം തിരിച്ചു നല്‍കാന്‍ തയാറായി.
കാര്യം തിരക്കിയ യാത്രക്കാരോട് അധികഭാരം അനുവദിക്കില്ലെന്നും തുകയടച്ചു കൊണ്ടുപോയാലും നഷ്ടമില്ല ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഉള്‍പെട്ടാല്‍ സമ്മാനമായി കാര്‍ ലഭിക്കും എന്നു ജീവനക്കാര്‍ മറുപടി പറഞ്ഞതായും അദ്ദേഹം പറഞ്ഞു. അതിനിടെ മൂന്നു റിയാല്‍ നല്‍കി പത്തു കിലോ അധിക ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് പരിമിതപ്പെടുത്തി. നേരത്തെ എടുക്കുന്ന ടിക്കറ്റുകള്‍ക്കു മാത്രമാണ് സൗകര്യം നല്‍കുന്നത്. ടിക്കറ്റെടുക്കുമ്പോള്‍ ചേര്‍ക്കാന്‍ വിട്ടു പോയവര്‍ക്ക് പിന്നീട് തിരുത്താന്‍ സൗകര്യമില്ല.