തിരഞ്ഞെടുപ്പ് ചെലവ് നീരിക്ഷണം: ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി

Posted on: March 20, 2014 10:45 am | Last updated: March 20, 2014 at 10:45 am
SHARE

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രചാരണ ചെലവ് നിരീക്ഷണം ശക്തമാക്കി.
തിരഞ്ഞെടുപ്പ് വേളയില്‍ അനധികൃതമായി പണ വിതരണം, മദ്യകടത്ത്, സമ്മാന വിതരണം എന്നിവ തടയുന്നതിന് കര്‍ശന നടപടികളാരംഭിച്ചു. ചെക്കുപോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറുമായും തിരഞ്ഞെടുപ്പു നിരീക്ഷകനായ ഡോ. സോമണ്ണ ചര്‍ച്ച നടത്തി. ഡോ. സോമണ്ണയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ബന്ധപ്പെട്ട വകുപ്പ് തലവന്‍മാരുടെ അവലോകന യോഗം നടത്തി. പോലീസ്, വാണിജ്യനികുതി, വനം, എക്‌സൈസ്, ആദായനികുതി തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച പരാതികള്‍ കലക്ടറേറ്റില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഫോണ്‍ 04994257360.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്‌മോഹന്‍ തുടങ്ങിയവരും സംബന്ധിച്ചു.