വയനാട്ടില്‍ വീണ്ടും കാട്ടുതീ; ഒരാള്‍ അറസ്റ്റില്‍

Posted on: March 18, 2014 9:26 pm | Last updated: March 18, 2014 at 11:54 pm
SHARE

fire

മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തില്‍ വീണ്ടും കാട്ടുതീ. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലും മാനന്തവാടി റേഞ്ചില്‍ പെട്ട ബാണാസുര മലയിലുമാണ് തീപ്പിടുത്തമുണ്ടായത്. അതിനിടെ വരയാലില്‍ വനത്തിന് തീയിടാന്‍ ശ്രമിച്ച യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി.
ചൊവ്വാഴ്ച ഉച്ചക്ക് 12ഓടു കൂടി തോല്‍പ്പെട്ടി നായ്ക്കട്ടിയിലാണ് ഇന്നലെ ആദ്യം തീപ്പിടിത്തമുണ്ടായത്. ഉള്‍വനത്തിലായതിനാല്‍ ഫയര്‍ഫോഴ്‌സിന് തീ അണക്കാന്‍ കഴിഞ്ഞില്ല. വനപാലകരും വാച്ചര്‍മാരും വൈകുന്നേരത്തോടെയാണ് തീ അണച്ചത്.
കഴിഞ്ഞ ദിവസം തിരുനെല്ലി മേഖലയിലാണ് തീപ്പിടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ തോല്‍പ്പട്ടി മേഖലയിലേക്കും വ്യാപിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച വൈകുന്നേരം ആറിന് പേര്യ റേഞ്ചില്‍ പെട്ട കരിമാനി വനമേഖലയില്‍ രണ്ട് ഹെക്ടര്‍ വനമാണ് കത്തിയമര്‍ന്നത്. ആറ് മണിക്കൂറിന് ശേഷം അര്‍ധരാത്രി 12ഓടെയാണ് വനപാലകരും ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചത്. ഈ മേഖലയില്‍ വാഹന ഗതാഗതം ദുഷ്‌കരമായതിനാല്‍ ഫയര്‍ഫോഴ്‌സ് വാഹനത്തിനും മുകളിലെത്താനായില്ല. ഏറെ പണിപ്പെട്ടാണ് തീയണച്ചത്.
വെള്ളമുണ്ട ബാണാസുര മലയില്‍ കൊട്ടുപാറയിലും തീപ്പിടുത്തമുണ്ടായി. അഞ്ച് ഹെക്ടര്‍ വനമാണ് ഇവിടെ കത്തി നശിച്ചത്.
ഞായറാഴ്ച തിരുനെല്ലി, മുത്തങ്ങ, തരിയോട്, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളില്‍ തീപ്പിടിച്ച് ഹെക്ടര്‍ കണക്കിന് വനം നശിച്ചിരുന്നു. തീപ്പിടുത്തില്‍ നിരവധി ജീവികളും ചത്തൊടുങ്ങി. വനം വകുപ്പും പോലീസും ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വരയാലില്‍ വനത്തിന് തീയിടാന്‍ ശ്രമിക്കുന്നതിനിടെ വരയാല്‍ ഇടമന മടിയൂര്‍ ബാലക്യഷ്ണന്‍(35) ആണ് ഇന്നലെ വൈകീട്ട് പിടിയിലായത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാലക്യഷ്ണനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹെക്ടര്‍ കണക്കിന് വനം കത്തി നശിച്ചതോടെ അപൂര്‍വയിനം ജൈവ സമ്പത്താണ് വയനാടന്‍ കാടുകളില്‍ നഷ്ടപ്പെട്ടത്.