നികൃഷ്ടജീവി പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് ബല്‍റാം

Posted on: March 17, 2014 5:04 pm | Last updated: March 17, 2014 at 5:04 pm
SHARE

balramതൃശൂര്‍: നികൃഷ്ടജീവി പ്രയോഗത്തില്‍ വി ടി ബല്‍റാം എം എല്‍ എ ഖേദം പ്രകടിപ്പിച്ചു. താന്‍ വിമര്‍ശിച്ചത് മനോഭാവത്തെയാണെന്നും വ്യക്തിയെ അല്ലെന്നും ബല്‍റാം. തന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഫേസ്ബുക്കിലൂടെ പറഞ്ഞത്. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു എന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തെരെഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ജനങ്ങളെ തിരിച്ചുവിടാനാണ് താന്‍ പറഞ്ഞതിനെ വിവാദമാക്കുന്നത് എന്നും ബല്‍റാം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വോട്ട് ചോദിച്ചെത്തിയപ്പോള്‍ ഇടുക്കി ബിഷപ്പ് ശകാരിച്ചിരുന്നു. ഇതിനെ ബല്‍റാം ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു. ബല്‍റാമിന്റെ അഭിപ്രായം ശരിയല്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. നികൃഷ്ടജീവി എന്ന പ്രയോഗം കോണ്‍ഗ്രസുകാരന്റെയും യു ഡി എഫുകാരന്റെയും നിഘണ്ടുവില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ബല്‍റാമിന്റെ ഖേദപ്രകടനം.