ഭൂമിക്കായി വിളക്കണക്കാന്‍ ഒമാനിലെ സ്ഥാപനങ്ങള്‍ സന്നദ്ധം

Posted on: March 16, 2014 3:33 am | Last updated: March 16, 2014 at 3:33 am
SHARE

Earth_Hour_60+_Logoമസ്‌കത്ത്: ഭൂമിക്കായി ഒരു മണിക്കൂര്‍ എന്ന സന്ദേശത്തില്‍ ആചരിക്കുന്ന ഭൗമ മണിക്കൂര്‍ ഈ മാസം 29ന് നടക്കും. ലോക വ്യാപകമായി നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തും ഒരു മണിക്കൂര്‍ വിളക്കുകള്‍ അണച്ചും അത്യാവശ്യമല്ലാത്ത യന്ത്രോപകരണങ്ങളും മറ്റു വൈദ്യുതോര്‍ജ ഉപയോഗം നിര്‍ത്തി വെച്ചും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ഭൗമ മണിക്കൂറില്‍ പങ്കു ചേരും.
ആഗോള താപനമുള്‍പെടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങളില്‍നിന്നും പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. ഒമാന്‍ എന്‍വിറോന്‍മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് രാജ്യത്ത് ഭൗമ മണിക്കൂര്‍ സംഘടിപ്പിക്കുന്നത്. സ്ഥാപനങ്ങള്‍ക്കു പുറമേ വിവിധ സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങള്‍, വിദ്യാര്‍ഥികള്‍, വ്യക്തികള്‍ എന്നവരും പ്രപാരണത്തില്‍ പങ്കു ചേരും. ഊര്‍ജോപയോഗം കുറച്ച് പ്രകൃതിയുടെയും മനുഷ്യരുടെയും ആയുസ്സ് വര്‍ധിപ്പിക്കുന്നതിനാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നതെന്ന് സൊസൈറ്റി പ്രതിനിധികള്‍ പറയുന്നു.
പ്രചാരണവുമായി വിവിധ രീതിയില്‍ സഹകരണം അറിയിച്ച് ഇതിനകം ദേശീയ, പ്രാദേശിക സ്ഥാപനങ്ങളും വകുപ്പുകളും രംഗത്തു വന്നിട്ടുണ്ടെന്ന് സൊസൈറ്റി അറിയിച്ചു. ആത്യാവശ്യമില്ലാത്ത വിളക്കുകള്‍ അണയ്ക്കുകയും വൈദ്യുതി ഉപയോഗം നിര്‍ത്തി വെക്കുകയും ചെയ്യുന്നതിലൂടെ ഒരു മണിക്കൂര്‍ കൊണ്ട് വന്‍തോതില്‍ വൈദ്യുതി ലാഭിക്കാനാകുമെന്നാണ് കണക്കു കൂട്ടല്‍. ലോകത്തെ 150 രാജ്യങ്ങളില്‍നിന്നുള്ള 200 ദശലക്ഷം ജനങ്ങളാണ് ഭൗമ മണിക്കൂറില്‍ പങ്കെടുക്കുന്നത്. 29ന് രാത്രി 8.30 മുതല്‍ 9.30 വരെയുള്ള മണിക്കൂറാണ് വിളക്കുകള്‍ അണയ്ക്കുക. ഒപേറ ഹൗസ് ഉള്‍പെടെയുള്ള രാജ്യത്തെ പ്രധാന സ്ഥാപനങ്ങളും ഭൗമ മണിക്കൂറില്‍ പങ്കു ചേരും. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും പങ്കെടുക്കും.