Connect with us

Business

സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 14 ശതമാനത്തിന്റെ ഉയര്‍ച്ച

Published

|

Last Updated

ദുബൈ: സ്ഥിരനിക്ഷേപമായി സൂക്ഷിക്കാന്‍ ഏറ്റവും പറ്റിയത് മഞ്ഞലോഹമാണെന്ന ധാരണ ജനങ്ങളില്‍ ശക്തമായതോടെ സ്വര്‍ണം ഈ വര്‍ഷം നേടിയത് 14 ശതമാനം വളര്‍ച്ച. കഴിഞ്ഞ വര്‍ഷത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോഴാണ് സ്വര്‍ണം രണ്ടര മാസത്തിനിടയില്‍ മികച്ച നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. വ്യാഴാഴ്ച ദുബൈ മാര്‍ക്കറ്റില്‍ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 166 ദിര്‍ഹമായിരുന്നു. ഇതോടെ ഏവരുടെയും പ്രിയ ലോഹമായ സ്വര്‍ണം ആറു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തി.
ചൈനീസ് സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യത്തിന്റെ സൂചനയും ഉക്രൈന്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ രാഷ്ട്രീയ അസ്ഥിരതയുമാണ് ഓഹരി വിപണികളും ബോണ്ടുകളും ഉപേക്ഷിച്ച് സ്വര്‍ണത്തിലേക്ക് ശ്രദ്ധതിരിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വിലയില്‍ പുതിയ ഉയരങ്ങള്‍ തേടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.
ഫെബ്രുവരി മധ്യത്തില്‍ ആഗോള വിപണിയില്‍ 24 കാരറ്റ് സ്വര്‍ണം ഔണ്‍സിന് 1,300 ഡോളറായിരുന്നുവെങ്കില്‍ ഇന്നലെ ഇത് 1,374.85ല്‍ എത്തിയിരിക്കയാണ്. 24 കാരറ്റിന് ഗ്രാമിന് രാജ്യാന്തര നിലവാരം 162.24 ആണെങ്കിലും ദുബൈ വിപണിയില്‍ ഇത് 166 ദിര്‍ഹമാണ്. ബുധനാഴ്ച ഒറ്റ ദിവസം വിലയില്‍ 1.3 ശതമാനത്തിന്റെ വര്‍ധനവ് അനുഭവപ്പെട്ടിരുന്നു. ഡോളറിന് കരുത്ത് കുറയുന്നതാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ ഇടയാക്കുന്ന മറ്റൊരു ഘടകം.
അമേരിക്കന്‍ സമ്പദ്ഘടനയില്‍ ആശാവഹമായ പുരോഗതി ദൃശ്യമാവാത്തതിനാല്‍ ഷെയറുകളിലും ബോണ്ടുകളിലും നിക്ഷേപിക്കാന്‍ ഉപഭോക്താവ് താല്‍പര്യം പ്രകടിപ്പിക്കാത്തതും സ്വര്‍ണത്തിന് കരുത്തായി മാറുന്നുണ്ട്. 2013ല്‍ വിലയില്‍ 28 ശതമാനത്തിന്റെ ഇടിവായിരുന്നു സ്വര്‍ണം രേഖപ്പെടുത്തിയത്. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ വിലയില്‍ ഒമ്പത് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ചൈനയില്‍ നിന്നും സ്വര്‍ണത്തിന് ഇപ്പോള്‍ അനുഭവപ്പെടുന്ന വര്‍ധിച്ച ആവശ്യവും വില ഉയര്‍ത്തുന്ന ഘടകമാണ്.
അമേരിക്കയില്‍ തൊഴിലില്ലായ്മ 6.7 ശതമാനത്തില്‍ എത്തി നില്‍ക്കുന്നതിനാല്‍ ഇത് 6.5ന് താഴെ എത്തിയാലെ സ്വര്‍ണത്തിന് വില ഇടിയുന്ന സാഹചര്യം ഉണ്ടാവൂവെന്ന് സ്‌കൈ ജ്വല്ലറിയുടെ ഫിനാന്‍ഷ്യല്‍ മാനേജര്‍ എന്‍ ഹരിഹരന്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ അമേരിക്കന്‍ സമ്പദ്ഘടനയില്‍ അത്തരം ഒരു സാധ്യത കുറവാണ്. സ്വര്‍ണം ഖനനം ചെയ്‌തെടുക്കാനുള്ള ചെലവ് ഔണ്‍സിന് 1,100 ഡോളറായിരിക്കേ സ്വര്‍ണത്തിന് വലിയ തോതില്‍ വില കുറയാന്‍ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2013 ജൂണില്‍ 24 കാരറ്റിന് ദുബൈയില്‍ ഒരു ഔണ്‍സിന് 1,550.36 ഡോളറായിരുന്നു വില. ജൂണ്‍ അവസാന ആഴ്ചയില്‍ ഒരു ദിവസം കൊണ്ട് വിലയില്‍ ഒമ്പത് ഡോളറിന്റെ കുറവിനും വിപണി അന്ന് സാക്ഷിയായിരുന്നു. 2013 മെയ് ഒമ്പതിന് ഔണ്‍സിന് 1,583.60 ഡോളറായിരുന്നു. മെയ് നാലാം തിയ്യതി സ്വര്‍ണ വില 1,644.70 ആയി ഉയര്‍ന്നു. 2012ന്റെ തുടക്കത്തില്‍ 1,550 ഡോളറായിരുന്നു വില. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വില്‍ക്കപ്പെടുന്ന മാര്‍ക്കറ്റുകളില്‍ ഒന്നായ ദുബൈയില്‍ 2012 ഫെബ്രുവരി 22, 23 തിയ്യതികളില്‍ 22 കാരറ്റിനു രണ്ടര ദിര്‍ഹത്തിന്റെ വര്‍ധനയാണ് സംഭവിച്ചത്. ഫെബ്രുവരിയുടെ തുടക്കത്തില്‍ ഗ്രാമിന് 190-192 ദിര്‍ഹമായിരുെന്നങ്കില്‍ പിന്നീട് ഇത് 200 ദിര്‍ഹത്തില്‍ എത്തിയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഔണ്‍സിന് 1,375 ഡോളറിലാണ് സപോട്ടുള്ളതെന്ന് റോയിട്ടേഴ്‌സിന്റെ ടെക്‌നിക്കല്‍ അനലിസ്റ്റായ വാങ് ടാഓ സൂചന നല്‍കി. ഇതിന് മുകളിലേക്ക് ഉയരുകയാണെങ്കില്‍ 1433.31 വരെ പോയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest