Connect with us

Ongoing News

രാജ്യപുരോഗതിക്ക് സ്വകാര്യ നിക്ഷേപങ്ങള്‍ അനിവാര്യമെന്ന് സെബി ചെയര്‍മാന്‍

Published

|

Last Updated

തിരുവനന്തപുരം: രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ നിയന്ത്രണവിധേയമായ സ്വകാര്യ നിക്ഷേപങ്ങള്‍ അനിവാര്യമാണെന്ന് സെബി ചെയര്‍മാന്‍ യു കെ സിന്‍ഹ പറഞ്ഞു. രാജ്യത്തെ വ്യവസായങ്ങളെ മുന്നോട്ടു നയിക്കാന്‍ ചെറുകിട സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും തുറന്നിടുന്ന സാധ്യതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കണം. സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിപണിയില്‍ നിന്ന് എങ്ങനെ പണം കണ്ടെത്താമെന്നതിനെക്കുറിച്ച് ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുകിട സംരംഭ മേഖലയില്‍ നിന്നാണ് രാജ്യത്തെ 45 ശതമാനത്തോളം ഉത്പാദനവും. എന്നാല്‍ ഇത്തരം സംരംഭങ്ങള്‍ക്ക് വേണ്ടത്ര നിക്ഷേപകരെ ലഭിക്കുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. വലിയ കമ്പനികളേക്കാള്‍ കൂടുതല്‍ സമ്മര്‍ദവും പ്രശ്‌നങ്ങളും ചെറുകിട സംരംഭങ്ങള്‍ നേരിടുന്നുണ്ട്. സ്ഥിരനിക്ഷേപകരെ കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഹെഡ്ജ് ഫണ്ടുകള്‍, െ്രെപവറ്റ് ഇക്വിറ്റി ഫണ്ട്, വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് തുടങ്ങിയവ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് നിക്ഷേപം കണ്ടെത്താനുള്ള മാര്‍ഗങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിക്ഷേപകരുടെയും സംരംഭകരുടെയും താത്പര്യങ്ങളെ ഒരുമിച്ചു കൊണ്ടുപോകുകയാണ് സെബി നേരിടുന്ന വെല്ലുവിളി. വന്‍വിജയമായിക്കൊണ്ടിരിക്കുന്ന ചെറുകിട സംരംഭങ്ങളെ മുന്‍നിരയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ വേണം. രാജ്യത്തെ വ്യാവസായിക വളര്‍ച്ചയിലേക്കു നയിക്കാന്‍ ഗാര്‍ഹിക വ്യവസായങ്ങള്‍ക്കാണ് ശേഷിയുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍ പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍, തെറുമ പെന്‍പോള്‍ സീനിയര്‍ അഡൈ്വസര്‍ സി ബാലഗോപാല്‍, ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ഡയറക്ടര്‍ പ്രൊഫ. എസ് രാജീവ്, ആസൂത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറി അനുരാധാ ബാലറാം പങ്കെടുത്തു.