കേരള ടൂറിസത്തിന്റെ ഗ്രേറ്റ് ബാക്ക് വാട്ടേഴ്‌സ് പ്രചാരണത്തിന് ടൂറിസം ഓസ്‌കാര്‍

Posted on: March 9, 2014 5:46 am | Last updated: March 9, 2014 at 6:47 am
SHARE

golden city gate

തിരുവനന്തപുരം: ടൂറിസം കമ്മ്യൂണിക്കേഷന്‍ രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഐ ടി ബി ബെര്‍ലിന്റെ ഗോള്‍ഡന്‍ സിറ്റി ഗേറ്റ് സുവര്‍ണ പുരസ്‌കാരത്തിന് കേരള ടൂറിസം അര്‍ഹമായി. രണ്ട്മാസത്തിനുള്ളില്‍ കേരള ടൂറിസത്തിനു ലഭിക്കുന്ന രണ്ടാമത്തെ രാജ്യാന്തര പുരസ്‌കാരമാണിത്. കേരളത്തിന്റെ കായല്‍ സൗന്ദര്യത്തെ കൂടുതല്‍ ആളുകളിലെത്തിക്കുന്നതിനായി അച്ചടിമാധ്യമങ്ങളിലൂടെ നടത്തിയ ഗ്രേറ്റ് ബാക്ക് വാട്ടേഴ്‌സ് ക്യാമ്പയിന്‍ ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
പ്രശസ്തമായ ഐ ടി ബി ബെര്‍ലിന്‍ മേളയില്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡ് ലോക ടൂറിസം രംഗത്തെ ഏറ്റവും ഉയര്‍ന്ന അംഗീകാരമായാണ് കണക്കാക്കപ്പെടുന്നത്. ജര്‍മന്‍ ഫെഡറല്‍ അസോസിയേഷന്‍ ഓഫ് ഫിലിം ആന്‍ഡ് ഓഡിയോ വിഷ്വല്‍ പ്രൊഡ്യൂസേഴ്‌സിന്റെ മേല്‍നോട്ടത്തിലാണ് പുരസ്‌കാരം നല്‍കുന്നത്. ജര്‍മന്‍ തലസ്ഥാനത്ത് മാര്‍ച്ച് അഞ്ചിനാണ് ഈ വര്‍ഷത്തെ ഐ ടി ബി ബെര്‍ലിന്‍ മേള തുടങ്ങിയത്.
ആദ്യമായാണ് അച്ചടി വിഭാഗത്തിലുള്ള ഗോള്‍ഡ് പ്രൈസ് കേരള ടൂറിസത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം മലേഷ്യ ടൂറിസത്തിനായിരുന്നു ലഭിച്ചത്. ചൈനയിലെ വന്‍മതിലിനും ആസ്‌ട്രേലിയയിലെ പവിഴപ്പുറ്റുകള്‍ക്കും ഒപ്പം നില്‍ക്കാവുന്ന ഒന്നായി കേരളത്തിലെ കായല്‍ സൗന്ദര്യത്തെ അവതരിപ്പിക്കുന്ന പ്രചാരണമായിരുന്നു ഈ വര്‍ഷം കേരള ടൂറിസം ആഗോളതലത്തില്‍ നടത്തിയത്. അന്തര്‍ദേശീയ, ദേശീയ തലങ്ങളില്‍ കഴിഞ്ഞ മാസങ്ങളില്‍ കേരള ടൂറിസത്തിന് ലഭിച്ച മൂന്നാമത്തെ അംഗീകാരമാണിത്.