Connect with us

Ongoing News

ജാതി രാഷ്ട്രീയം ഇവിടെ വിധി നിര്‍ണയിക്കും

Published

|

Last Updated

രാജ്യത്ത് ജാതി രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണാണ് ബീഹാര്‍. വികസന വാഗ്ദാനങ്ങളുടെ വലവിരിച്ച് വോട്ടുപിടിക്കുന്ന കാഴ്ചകള്‍ക്ക് ഇവിടെ പൊതുവെ പഞ്ഞം. പ്രവചനങ്ങള്‍ക്ക് ഇടമോ അവസരമോ നല്‍കാതെ ബീഹാറിന്റെ രാഷ്ട്രീയത്തില്‍ ഏത് ദിശയിലും കാറ്റ് വീശാം. പ്രാദേശിക പാര്‍ട്ടികള്‍ക്ക് പരിചിതമായ ഈ കാറ്റ് പലപ്പോഴും ദേശീയ പാര്‍ട്ടികളുടെ കടപുഴക്കുന്ന കാഴ്ചകളും ദേശീയ രാഷ്ട്രീയം കണ്ടു.

തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി രൂപപ്പെടുന്ന സമവാക്യങ്ങളിലാണ് ബീഹാര്‍ രാഷ്ട്രീയ ഗതി നിര്‍ണയിക്കുന്നത്. ഇത്തവണ ബീഹാറിലെ രാഷ്ട്രീയ കാലാവസ്ഥക്ക് തിരഞ്ഞെടുപ്പിന് മുമ്പേ ചൂട് കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ 40 സീറ്റുകളിലേക്ക് 2009 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 32 സീറ്റ് നേടിയ എന്‍ ഡി എ സഖ്യത്തിന് ഇത്തവണ പ്രതീക്ഷക്ക് വക നല്‍കുന്ന വാര്‍ത്തകളൊന്നും പാറ്റ്‌നയില്‍ നിന്ന് ലഭിക്കുന്നില്ല. ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ ഒറ്റക്ക് പോരാട്ടത്തിനിറങ്ങി വെറും നാല് സീറ്റില്‍ തൃപ്തിപ്പെടേണ്ടി വന്നതാണ് കഴിഞ്ഞ കാല തിരഞ്ഞെടുപ്പ് ഫലം. കുംഭകോണ കേസുകളിലും മറ്റും ജയില്‍ മോചിതനായി പുറത്തിറങ്ങിയെങ്കിലും ലാലുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ട്.

എന്‍ ഡി എയില്‍ അംഗമായിരുന്ന ജനതാദള്‍ യുനൈറ്റഡ് (ജെ ഡി യു) ഇപ്പോള്‍ ഒറ്റക്കാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയ ശില്‍പി ആര്‍ ജെ ഡി നേതാവ് നിതീഷ് കുമാറായിരുന്നു. 2002ല്‍ ബി ജെ പി വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആരോപിച്ച് മുന്നണി വിട്ട രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി (എല്‍ ജെ പി) എന്‍ ഡി എയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത എന്‍ ഡി എ ക്യാമ്പിന് ആശ്വാസം നല്‍കുന്നുണ്ട്. 2002ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം മുന്നണി വിട്ടത്. പാസ്വാനെതിരെയുള്ള സി ബി ഐ കേസുകളെ ഉയര്‍ത്തിക്കാട്ടിയാണ് പാസ്വാനെ തങ്ങളുടെ പാളയത്തിലേക്ക് ബി ജെ പി അടുപ്പിക്കുന്നത്. പാസ്വാനെതിരെ കോണ്‍ഗ്രസ് സി ബി ഐയെ ഉപയോഗിക്കുകയാണെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദി ആരോപിച്ചിരുന്നു.

ലാലുവിന്റെ പാറ്റ്‌നയിലെ അധികാര കേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കാനാണ് മുഖ്യധാരാ പാര്‍ട്ടികളുടെ നീക്കം. ലാലുവിനോടൊപ്പമുള്ള എം എല്‍ എമാര്‍ മറുകണ്ടം ചാടിയതും ആര്‍ ജെ ഡിക്ക് തിരിച്ചടിയായിട്ടുണ്ട്. രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍ എല്‍ എസ് പി)യെ കൂടെ നിര്‍ത്താന്‍ ബി ജെ പി തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് മൂന്ന് സീറ്റുകള്‍ നല്‍കുമെന്നാണ് എന്‍ ഡി എ നല്‍കിയ വാഗ്ദാനം. നവാഡ, ഉജയാപൂര്‍, കാരക്കട്ട് മണ്ഡലങ്ങളില്‍ ആര്‍ എല്‍ എസ് പി മത്സരിക്കും. മുന്‍ മന്ത്രി ഗിരിരാജ് സിംഗ്, മുന്‍ എം പി അരുണ്‍ കുമാര്‍ എന്നിവര്‍ക്കാണ് സാധ്യത.

എന്‍ ഡി എയുമായി സഖ്യമുണ്ടാക്കിയാല്‍ മുന്‍ കേന്ദ്ര മന്ത്രിയായിരിക്കെ നടന്ന അഴിമതിക്കേസുകളില്‍ നിന്ന് തടിയൂരാമെന്ന് ചിന്തയാണ് പാസ്വാനെ എന്‍ ഡി എ പാളയത്തിലേക്ക് അടുപ്പിക്കുന്നത്. ഡല്‍ഹിയില്‍ 12 ജനപഥില്‍ നിന്നാണ് ഇതിനുള്ള ചരടുവലികള്‍ നടക്കുന്നത്. പത്ത് സീറ്റുകളിലെങ്കിലും മത്സരിച്ചാലേ പാസ്വാന്റെ പാര്‍ട്ടിക്ക് ദേശീയ രാഷ്ട്രീയത്തില്‍ നിലനില്‍പുണ്ടാകൂ. എന്നാല്‍, ആര്‍ ജെ ഡി- കോണ്‍ഗ്രസ് സഖ്യം അഞ്ച് സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന തിരിച്ചറിവും എന്‍ ഡി എയുടെ കുടക്കീഴിലേക്ക് പാസ്വാനെ ഒതുക്കുന്നതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. തന്റെ പാര്‍ട്ടിയെ ഭിന്നിപ്പില്‍ നിന്ന് രക്ഷിക്കാന്‍ ലക്ഷ്യമിടുന്ന ലാലു കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി കഴിഞ്ഞു.

14 എം എല്‍ എമാര്‍ ജെ ഡിയുവിലേക്ക് കൂറുമാറിയ സംഭവം ലാലുവിനെ വിഷമവൃത്തലാക്കുന്നുണ്ട്. ചിലരെ തിരിച്ചെത്തിക്കാനായെങ്കിലും പാര്‍ട്ടിയില്‍ ഭിന്നിപ്പിന് സാഹചര്യം ഇനിയുമുണ്ടെന്ന് ലാലു മനസ്സിലാക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം വിട്ട് ഒറ്റക്ക് മത്സരിച്ചത് മണ്ടത്തരമായെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ലാലുവിന് മനസ്സിലായിരുന്നു. തുടര്‍ന്ന് യു പി എ സര്‍ക്കാറിന് പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കുകയായിരുന്നു. നിധീഷ് കുമാറിന്റെ പാര്‍ട്ടി 20 സീറ്റ് നേടിയപ്പോള്‍ നാല് സീറ്റാണ് ലാലുവിന് നേടാനായത്. ബി ജെ പിക്ക് 12 സീറ്റ് ലഭിച്ചപ്പോള്‍ പാസ്വാന്റെ എല്‍ ജെ പിക്ക് സീറ്റുകള്‍ ലഭിച്ചില്ല. എന്നാല്‍, ആര്‍ ജെ ഡിക്ക് നിയമസഭയില്‍ 22 എം എല്‍ എമാരുണ്ടെന്ന ആത്മവിശ്വാസമുണ്ട്.