കുളമ്പുരോഗ കുത്തിവെപ്പിന്റെ മറവില്‍ കോടികളുടെ ധൂര്‍ത്ത്

Posted on: March 8, 2014 7:57 am | Last updated: March 8, 2014 at 7:57 am
SHARE

കൊച്ചി: സംസ്ഥാനത്ത് കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന്റെ മറവില്‍ നടക്കുന്നത് കോടികളുടെ ധൂര്‍ത്ത്. കഴിഞ്ഞ തവണ പ്രതിരോധ കുത്തിവെപ്പിനുപയോഗിച്ച വാക്‌സിന്‍ ഫലപ്രദമല്ലെന്ന് തെളിഞ്ഞിട്ടും അതേ വാക്‌സിന്‍ ഉപയോഗിച്ച് കോടികള്‍ മുടക്കിയാണ് മൃഗ സംരക്ഷണ വകുപ്പ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്.

കഴിഞ്ഞ തവണ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കിയ കന്നുകാലികള്‍ക്ക് സുരക്ഷിത കാലത്തിനുള്ളില്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് അന്ന് ഉപയോഗിച്ച വാക്‌സിന്‍ ഫലപ്രദമല്ലെന്ന് തെളിഞ്ഞിരുന്നു. വാക്‌സിന്റെ ഗുണനിലവാരത്തെപ്പറ്റി സമഗ്രമായ പഠനവും അന്വേഷണവും നടത്തണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതൊന്നും നടപ്പാക്കാതെ അതേ വാക്‌സിന്‍ തന്നെ ഉപയോഗിച്ച് മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പ്രതിരോധ കുത്തിവെപ്പ് വഴിപാടിയി മാറുന്നുവെന്നാണ് ആക്ഷേപം.
സംസ്ഥാനത്തെ രണ്ട് ജില്ലകളിലാണ് ഇപ്പോള്‍ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി 15 ന് കുത്തിവെപ്പ് ആരംഭിക്കുന്നതിനുവേണ്ടി ജില്ലയിലെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഓഫീസില്‍ രണ്ട് മാസങ്ങള്‍ക്കു മുമ്പ്തന്നെ സൂക്ഷിച്ചിരിക്കുന്ന വാക്‌സിനാണ് ഇപ്പോള്‍ വിതരണം ചെയ്തിരിക്കുന്നത്. മൃഗ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരത്തെ തുടര്‍ന്നാണ് ഫെബ്രുവരി 15ന് ആരംഭിക്കേണ്ടിയിരുന്ന കുത്തിവെപ്പ് ഇത്രയും വൈകിയത്. രണ്ട് മുതല്‍ ഡിഗ്രി എട്ട് വരെ താപനിലയിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. ഇത്ര നാളും അതേ താപനിലയിലാണോ സൂക്ഷിച്ചിരുന്നത് എന്നതിന് യാതൊരുറപ്പും അധികൃതര്‍ നല്‍കുന്നില്ല. ശീതീകരണിയുടെ താപനില ഓരോ രണ്ട് മണിക്കൂറിലും ലോഗ് ബുക്കില്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കുന്നില്ല.
2013ല്‍ ആയിരക്കണക്കിന് പശുകള്‍ക്ക് കുളമ്പ് രോഗം പിടിപെട്ട് ജീവഹാനി സംഭവിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനുവേണ്ടി തയ്യാറാക്കിയ മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കാതെയാണ് കൊല്ലം ജില്ലയില്‍ ഈ മാസം 5-ാം പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ ആരംഭിച്ചത്.
സര്‍ക്കാര്‍, വകുപ്പ് തലങ്ങളില്‍ നടത്തേണ്ട വമ്പിച്ച പ്രചാരണ പ്രവര്‍ത്തനങ്ങളും ഇതുവരെ നടന്നിട്ടില്ല. മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. താലൂക്ക് തലത്തില്‍ അറ്റന്‍ഡര്‍മാര്‍ക്കും പാര്‍ട് ടൈം ജീവനക്കാര്‍ക്കും പരിശീലനം നല്‍കണമെന്ന രേഖയിലെ നിര്‍ദേശവും നടപ്പാക്കിയിട്ടില്ല. എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും വാര്‍ഡ് മെമ്പര്‍മാര്‍ക്കും പാല്‍ സൊസൈറ്റി പ്രസിഡന്റു മാര്‍ക്കും അംഗങ്ങള്‍ക്കും കുടുംബശ്രീ, സി ഡി എസ്, എന്‍ ജി ഒ, ക്ഷീരവികസന വകുപ്പിലെയും കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്കും ബോധവത്കരണം നടത്തണമെന്ന് രേഖയില്‍ നിര്‍ദേശമുണ്ട്. അവയും ഇതുവരെ നടന്നിട്ടില്ല.
ഈ മാസം നാലിന് നടന്ന മൃഗ ഡോക്ടര്‍മാരുടെ യോഗത്തിലാണ് കൊല്ലം ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അടുത്ത ദിവസം മുതല്‍ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചത്. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ പരാജയപ്പെടുത്തുവാനുള്ള ചില മൃഗ ഡോക്ടര്‍മാരുടെ ഗൂഢ തന്ത്രത്തിന്റെ ഭാഗമായാണ് അഞ്ചിന് ആരംഭിക്കുന്ന ക്യാമ്പുകളുടെ വിവരം നാലിന് പ്രഖ്യാപിച്ചതും അഞ്ചിന് തന്നെ ക്യാമ്പുകള്‍ ആരംഭിക്കാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ നിര്‍ബന്ധം പിടിച്ചതെന്നും ആരോപണമുണ്ട്.
അഞ്ചിന് ആരംഭിച്ച പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകളുടെ വിവരം ജില്ലയിലെ മിക്ക പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളുമൊക്കെ അറിയുന്നതും ആറാം തീയതിയാണ്. ഇതുവരെ ഈ വിവരം അറിയാത്തവരുമുണ്ട്.
പ്രതിരോധ കുത്തിവെപ്പിനു മുമ്പായി വിര മരുന്ന് വിതരണം ചെയ്യണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. ലക്ഷങ്ങളാണ് വിരമരുന്ന് വിതരണത്തിനായി ഓരോ താലൂക്കിലും വകയിരുത്തിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന ലക്ഷങ്ങളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് ഉള്ളതായി ആക്ഷേപമുണ്ട്.
വാക്‌സിനേറ്റര്‍മാര്‍ക്ക് നല്‍കേണ്ട പ്രഥമ ശുശ്രൂഷക്കിറ്റും നല്‍കിയിട്ടില്ല. മൃഗ സംരക്ഷണവകുപ്പിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അനാസ്ഥമൂലം കുളമ്പുരോഗം കാലി സമ്പത്തിന്റെ അന്ത്യം കുറിക്കുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്നത്.