ആറന്മുള പദ്ധതിക്കു പിന്നില്‍?

Posted on: March 7, 2014 6:00 am | Last updated: March 7, 2014 at 1:50 am
SHARE

SIRAJ.......ആറന്മുള വിമാനത്താവളം ആര്‍ക്കു വേണ്ടിയാണ്? ജനങ്ങള്‍ക്കു വേണ്ടിയല്ല, അതിന്റെ സംരംഭകര്‍ക്കു വേണ്ടിയാണെന്നാണ് വിമാനത്താവള വിരുദ്ധരുടെ വാദം. ഇതേ അഭിപ്രായമാണ് ശാസ്താം കോട്ടയില്‍ കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ കെ പി സി സി പ്രസിഡണ്ട് വി എം സുധീരനും പ്രകടിപ്പിത്. വിമാനത്താവള പദ്ധതിയില്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയ മധുരയിലെ എന്‍വിറോ കെയര്‍ ഇന്ത്യ ലിമിറ്റഡ് എന്ന ഏജന്‍സിക്ക് ഹരിത ട്രൈബ്യൂണല്‍ നോട്ടീസയച്ച നടപടിയും പദ്ധതിക്ക് പിന്നില്‍ ചില ലോബികളാണ് പ്രവര്‍ത്തിക്കുന്നതെന്ന സന്ദേഹം ഉയര്‍ത്തുന്നു. എന്‍വിറോ കെയര്‍ ഇന്ത്യ ലിമിറ്റഡിന് വിമാനത്താവളവുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള അംഗീകാരമോ യോഗ്യതയോ ഇല്ലെന്നും താപനിലയങ്ങളുടെ പാരിസ്ഥിതികാഘാത പഠനം നടത്താനുള്ള അനുമതിയേ ഉള്ളുവെന്നും കാണിച്ചു സമര്‍പ്പിച്ച ഹരജിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണല്‍ ഇന്നലെ നടപടി ആരംഭിച്ചത്.

ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശം നീര്‍ത്തടമാണെന്നും വിമാനത്താവള പദ്ധതി യാഥാര്‍ഥ്യമായാല്‍ പ്രദേശത്ത് പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാവുമെന്നുമാണ് നേരത്തെ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും നിയമസഭാ സമിതിയും കൃഷിവകുപ്പും റവന്യൂ വകുപ്പും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രദേശത്തെ ജലാവൃതമായ പുഞ്ചപ്പാടങ്ങള്‍ തണ്ണീര്‍ത്തട ആവാസവ്യ വസ്ഥയാണ്. മണ്‍സൂണ്‍ കാലത്ത് ജലം പരന്നൊഴുകുന്ന ഈ വയല്‍ പ്രദേശങ്ങള്‍ നികത്തുന്നത് സമീപ ഭാഗങ്ങളെയും പാരിസ്ഥിതികമായി ബാധിക്കുമെന്നാണ് സംസ്ഥാന നിയമസഭാ പരിസ്ഥിതി സമിതിയും ജൈവ വൈവിധ്യബോര്‍ഡും തയ്യാറാക്കിയ റിപ്പോര്‍ട്ടുകളിലെ മുന്നറിയിപ്പ്. പമ്പയിലെ അധികജലം ഉള്‍ക്കൊള്ളുന്നത് ഈ തണ്ണീര്‍ത്തടമായതിനാല്‍ അനിവാര്യമായും ഇത് സംരക്ഷിക്കണമെന്ന് കൃഷി വകുപ്പ് അസി. ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലും ശിപാര്‍ശ ചെയ്തിരുന്നു. ഇതിനിടെയാണ് പദ്ധതിയുടെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചു പഠിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ മറ്റൊരു ഏജന്‍സിയെ നിയമിക്കുന്നതും പദ്ധതിക്കനുകൂലമായി ഏജന്‍സി റിപ്പോര്‍ട്ട് നല്‍കുന്നതും. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ നിരന്തരം കേന്ദ്രത്തിന് കത്തയച്ചതും ഈ റിപ്പോര്‍ട്ടിന്റെ മറപിടിച്ചാണ്.
പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ് സാധാരണഗതിയില്‍ ഇത്തരം വിവാദ പദ്ധതികള്‍ നടപ്പാക്കാറ്. എന്നാല്‍ ചൊവ്വാഴ്ച ചേര്‍ന്ന കെ പി സി സി യോഗത്തിലെ ചര്‍ച്ചകളില്‍ നിന്ന് വ്യക്തമാകുന്നത് പദ്ധതിക്ക് കോണ്‍ഗ്രസ് സംസ്ഥാന നേതൃതത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ്. കെ പി സി സി പ്രസിഡണ്ട് തന്നെ ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞു. എം എല്‍ എമാരായ കെ മുരളീധരന്‍, വി ഡി സതീശന്‍ തുടങ്ങിയവരും സുധീരനെ അനകൂലിച്ചു. കേരള നിയമസഭയിലെ ഭൂരിപക്ഷം എം എല്‍ എ മാരും പദ്ധതിക്കെതിരുമാണ്. പ്രകൃതിയെയും പൈതൃകത്തെയും സംരക്ഷിക്കാന്‍ പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു വിമാനത്താവള വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ യു പി എ അദ്ധ്യക്ഷ സോണിയാഗാന്ധിക്കും പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രി എ കെ ആന്റണിക്കും സമര്‍പ്പിച്ച നിവേദനത്തില്‍ യു ഡി എഫുകാര്‍ ഉള്‍പ്പെടെ എഴുപത്തി രണ്ട് നിയമസഭാ സാമാജികര്‍ ഒപ്പ് വെച്ചിട്ടുണ്ട്.
എല്‍ ഡി എഫ് ഭരണകാലത്താണ് സംസ്ഥാന സര്‍ക്കാര്‍ ആറന്മുള വിമാനത്താവള പദ്ധതിക്ക് അംഗീകാരം നല്‍കുന്നത്. അന്നത്തെ വ്യവസാ യവകുപ്പ് അഡീഷനല്‍ സെക്രട്ടറി, വ്യവസായ മന്ത്രി എളമരം കരീമിനെ തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതിയുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നടത്തിയതെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ യു ഡി എഫ് നേതാക്കള്‍, യു ഡി എഫ് അധികാരത്തില്‍ വന്നയുടനെ പദ്ധതിക്കുള്ള അംഗീകാരം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടതുമാണ്. എന്നിട്ടും പദ്ധതിക്കു വേണ്ടി സര്‍ക്കാറിലെ ചിലര്‍ ശക്തമായി രംഗത്തു വരുമ്പോള്‍ ഇതിന് പിന്നില്‍ ബാഹ്യശക്തികളുടെ കളികളുണ്ടെന്ന അനുമാനത്തിന് ബലമേറുകയാണ്. അതുകൊണ്ടാണ് വിമാനത്താവള നിര്‍മാണ കമ്പനിക്കാണ് ഈ പദ്ധതിയുടെ പ്രയോജനമെന്ന് സുധീരനടക്കമുള്ളവര്‍ക്കും തുറന്നു പറയേണ്ടി വന്നത്. വികസനത്തിന്റെ പേരുപറഞ്ഞ് തണ്ണീര്‍ത്തട ങ്ങളും നെല്‍വയലുകളും നശിപ്പിക്കുന്ന ജനവിരുദ്ധ നിലപാടില്‍ പാര്‍ട്ടിയെ പിന്തിരിപ്പിക്കാന്‍ സുധീരന്റെ പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി സ്‌നേഹികള്‍.