ടി പി വധക്കേസ് പ്രതി കെ സി രാമചന്ദ്രനെ സി പി എം പുറത്താക്കി

Posted on: March 6, 2014 6:11 pm | Last updated: March 8, 2014 at 12:11 am
SHARE

tp

തിരുവനന്തപുരം: ടി പി വധക്കേസ് പ്രതിയും സി പി എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ സി രാമചന്ദ്രനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്റെ നിഗമനത്തിലാണ് തീരുമാനമെന്ന് സി പി എം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. കരാറുകാരനായ കെ സി രാമചന്ദ്രന് ആര്‍ എം പി പ്രവര്‍ത്തകരുമായുള്ള വ്യക്തിപരമായ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നും പാര്‍ട്ടി ജില്ലാ സംസ്ഥാന നേതൃത്വത്തിന് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ചെറിയ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് ഉപജീവനം നടത്തുന്ന ആളാണ് കെ സി രാമചന്ദ്രന്‍. അദ്ദേഹത്തിന് കിട്ടേണ്ട പല കരാറുകളും ടി പി മുടക്കിയിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് വാര്‍ത്താകുറിപ്പ് വിശദീകരിക്കുന്നത്. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്ര പിള്ള തുടങ്ങിയ കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന സംസ്ഥാന സമിതിയാണ് പുറത്താക്കല്‍ തീരുമാനമെടുത്തത്.

അതേസമയം കേസില്‍ പ്രതികളായ പി കെ കുഞ്ഞനന്തന്‍, ട്രൗസര്‍ മനോജ് തുടങ്ങിയവരെ കുറിച്ച് വാര്‍ത്താകുറിപ്പില്‍ യാതൊരു പരാമര്‍ശവുമില്ല.