Connect with us

Gulf

ഖത്തറില്‍ നിന്ന് യു എ ഇയും സഊദിയും ബഹ്‌റൈനും സ്ഥാനപതിമാരെ തിരിച്ചു വിളിച്ചു

Published

|

Last Updated

ദുബൈ: മൂന്ന് പോലീസുകാര്‍ മരിക്കാനിടയായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് യു എ ഇയും സഊദി അറേബ്യയും ബഹ്‌റൈനും ഖത്തറില്‍ നിന്ന് സ്ഥാനപതിമാരെ തിരിച്ചു വിളിച്ചു. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന പ്രഖ്യാപിത നിലപാടില്‍ നിന്ന് ഖത്തര്‍ വ്യതിചലിച്ചെന്ന് ആരോപിച്ചാണ് സ്ഥാനപതിമാരെ തിരിച്ചുവിളിച്ചത്.
കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ യു എ ഇ പൗരനായ പോലീസ് ഓഫീസറും രണ്ട് ബഹ്‌റൈന്‍ പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ബഹ്‌റൈനെതിരെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണയാണ് മൂന്ന് ജി സി സി രാജ്യങ്ങളെയും കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. മൂന്ന് രാജ്യങ്ങളും സംയുക്തമായാണ് സ്ഥാനപതിമാരെ പിന്‍വലിക്കുന്നതായി പ്രസ്താവന ഇറക്കിയത്. ജി സി സി രാജ്യങ്ങളുടെ മൂന്ന് പതിറ്റാണ്ടിനിടയിലെ അസാധാരണ സംഭവമായാണ് നടപടിയെ നയതന്ത്ര വൃത്തങ്ങള്‍ വിലയിരുത്തുന്നത്. കുവൈത്തും ഒമാനുമാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലി (ജി സി സി)ലെ മറ്റ് രാജ്യങ്ങള്‍.
ജി സി സി രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് ഖത്തര്‍ കൂട്ടം തെറ്റി മേയുന്നതായും മറ്റ് ജി സി സി രാജ്യങ്ങള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. ജി സി സി രാജ്യങ്ങളില്‍ പലതും ഈ നിലപാടിനെ സംശയത്തോടും ശത്രുതയോടുമാണ് കണ്ടിരുന്നത്. ജി സി സി അംഗ രാജ്യങ്ങള്‍ കഴിഞ്ഞ നവംബര്‍ 23ന് ഒപ്പിട്ട കരാറില്‍ ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ അസ്ഥിരത വളര്‍ത്താന്‍ ശ്രമിക്കുന്ന സംഘടനകളേയോ വ്യക്തികളേയോ പിന്തുണക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന രീതിയില്‍ സുരക്ഷാ നടപടികളില്‍ ഏര്‍പ്പെടുകയോ രാഷ്ട്രീയമായി സ്വാധീനിക്കാന്‍ ശ്രമിക്കുകയോ പാടില്ലെന്നും കരാറില്‍ വ്യക്തമാക്കിയിരുന്നു.
ഈ കരാറാണ് ഖത്തര്‍ ലംഘിച്ചതെന്ന് മൂന്ന് രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ നടന്ന യോഗത്തില്‍ ഇത്തരം ഒറ്റതിരിഞ്ഞ വിഘടന പ്രര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറാനും ജി സി സി രാജ്യങ്ങളുടെ സുസ്ഥിരതക്കും അഭിവൃദ്ധിക്കുമായി പ്രവര്‍ത്തിക്കാനും ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒടുവില്‍ സഊദി അറേബ്യ ഖത്തറിന് താക്കീതും നല്‍കിയിരുന്നു. ഇത്തരം നടപടികളില്‍ നിന്ന് ഖത്തറിനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം റിയാദില്‍ ജി സി സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. ഈ നടപടി ഫലപ്രദമാകാതെ വന്നതോടെയാണ് കടുത്ത നടപടി സ്വീകരിക്കാന്‍ മൂന്ന് രാജ്യങ്ങളും നിര്‍ബന്ധിതമായത്. ഇന്നലെ മുതല്‍ പ്രാബല്യത്തോടെയാണ് സ്ഥാനപതിമാരെ പിന്‍വലിച്ചത്.
യു എ ഇക്കെതിരെ പ്രവര്‍ത്തിച്ച സംഘടനയെ സഹായിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഖത്തര്‍ പൗരന് യു എ ഇ ഫെഡറല്‍ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ബഹ്‌റൈനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നിയുക്തമായ ഗള്‍ഫ് ഫോഴ്‌സിലെ അംഗമായിരുന്ന യു എ ഇ പോലീസ് ഓഫീസര്‍ ഫസ്റ്റ് ലെഫ്റ്റനന്റ് താരിഖ് അല്‍ ഷിഹി(41)യാണ് കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ രക്തസാക്ഷിത്വം വഹിക്കുകയായിരുന്നു അല്‍ ഷിഹിയെന്ന് റാസല്‍ ഖൈമ വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങവേ, യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചിരുന്നു.