Connect with us

Kozhikode

കുട്ടിത്തൊഴിലാളികള്‍ വ്യാപകമാകുന്നു; അധികൃതര്‍ക്ക് കണ്ടില്ലെന്ന ഭാവം

Published

|

Last Updated

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെകൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് വ്യാപകമാകുന്നു. റോഡ് ടാറിംഗ്, ടെലിഫോണ്‍ കേബിളിനും പൈപ്പിടാനുമായി കുഴിയെടുക്കല്‍ എന്നിവക്കാണ് പ്രധാനമായും കുട്ടികളെ ഉപയോഗപ്പെടുത്തുന്നത്. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 15 വയസ്സിന് താഴെയുള്ള നിരവധി കുട്ടികളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പല ജോലികളിലുമേര്‍പ്പെടുന്നത്.
കുടുംബമായോ നാട്ടുകാര്‍ക്കൊപ്പമോ കഴിയുന്നവരെയാണ് ഏജന്റുമാര്‍ മുഖേനെ ജോലിക്ക് എത്തിക്കുന്നത്. അടക്കാ കളം, പലഹാര നിര്‍മാണ യൂനിറ്റ് എന്നിവിടങ്ങളിലും നിരവധി അന്യ സംസ്ഥാനക്കാരായ കുട്ടികള്‍ തൊഴിലെടുക്കുന്നുണ്ട്.
ദേശീയപാതയില്‍ കുന്ദമംഗലത്തിന് സമീപം മുറിയനാലില്‍ ദിവസങ്ങളായി അന്യ സംസ്ഥാനത്തുനിന്നുള്ള കുട്ടികള്‍ തൊഴിലെടുക്കുന്നുണ്ട്. ടെലിഫോണ്‍ കേബിളിനുള്ള കുഴിയെടുക്കുന്ന ജോലിയാണ് ഇവര്‍ ചെയ്യുന്നത്. രാവിലെ മുതല്‍ ഇരുട്ടുവോളമാണ് ഇവരുടെ ജോലി. 14 വയസ്സിന് താഴെയുള്ള രണ്ടിലേറെ കുട്ടികള്‍ ദിവസങ്ങളായി ഇവിടെ തൊഴിലെടുക്കുന്നുണ്ടെങ്കിലും ഇതിനെതിരെ അധികൃതര്‍ക്ക് അനക്കമില്ല. ഫോട്ടോയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നയാളുടെ നിര്‍ദേശപ്രകാരം പണിയായുധങ്ങള്‍ ഉപേക്ഷിച്ച് കുട്ടികള്‍ സ്ഥലം വിട്ടു. ഇവര്‍ ഇവിടെ പണിയെടുക്കുന്നവരല്ലെന്നാണ് സ്ഥലത്തുണ്ടായിരുന്നയാള്‍ വിശദീകരിച്ചത്.
കുന്ദമംഗലം പോലീസ് സ്റ്റേഷന്റെ വിളിപ്പാടകലെയാണ് കൊച്ചുകുട്ടികള്‍ ദിവസങ്ങളായി എല്ലുമുറിയെ പണിയെടുക്കുന്നത്. സാമൂഹികക്ഷേമ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരടക്കം നിത്യേനെ കടന്നുപോകുന്നതും ഇതുവഴിയാണ്.