Connect with us

Wayanad

ജനപങ്കാളിത്തത്തോടെ കാട്ടുതീ തടയുന്നതിന് വനംവകുപ്പ്

Published

|

Last Updated

കല്‍പ്പറ്റ: വനത്തിലും വനത്തിനോട് ചേര്‍ന്നും താമസിക്കുന്നവര്‍, യാത്രക്കാര്‍, ഡ്രൈവര്‍മാര്‍, കന്നുകാലിമേയ്ക്കുന്നവര്‍, വനവിഭവങ്ങള്‍ ശേഖരിക്കുന്നവര്‍, വനത്തിലെ ജോലിക്കാര്‍ മുതലായവരുമായി സഹകരിച്ച് കാട്ടുതീ ഉണ്ടാവാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് വനം വകുപ്പെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റോയ്.പി. തോമസ് അറിയിച്ചു.
അശ്രദ്ധമൂലവും ചിലരുടെ മന:പൂര്‍വ്വമായ പ്രവര്‍ത്തികള്‍ മൂലവുമാണ് മിക്കപ്പോഴും കാട്ടുതീ ഉണ്ടാകുന്നത്. എരിയുന്ന ബീഡി/സിഗരറ്റ് കുറ്റികള്‍ കാടിന് സമീപത്തേക്ക് വലിച്ചെറിയരുതെന്നും വനത്തികത്തും വനത്തിന് സമീപവും ഭക്ഷണം പാകം ചെയ്യരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഏതുരീതിയിലും തീ കൈകാര്യം ചെയ്യുമ്പോള്‍ കാടിന് തീ പിടിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ഉപയോഗം കഴിഞ്ഞാല്‍ അടുപ്പിലെ തീ അണയ്ക്കുകയും വേണം. വന്യമൃഗങ്ങളെ അകറ്റുന്നതിനും ഇളംപുല്ലിനും ചാരത്തിനുമായി കാടിന് തീയിടുകയുമരുത്.
കേരള വനനിയമ പ്രകാരവും വന്യജീവി സംരക്ഷണ നിയമപ്രകാരവും വനത്തില്‍ തീയിടുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് അദ്ദേഹം അറിയിച്ചു.
1000 മുതല്‍ 5000 രൂപ വരെ പിഴയും ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവും രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ജനപങ്കാളിത്തത്തോടെ കാട്ടുതീ തടയാന്‍ വനം വകുപ്പ് വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ 110 കോളനികളിലും വനത്തോട് ചേര്‍ന്ന മറ്റ് സ്ഥലങ്ങളിലും ജനകീയ സംരക്ഷണ സമിതികളും ഡ്രൈവര്‍മാര്‍, കന്നുകാലി മേയ്ക്കുന്നവര്‍ തുടങ്ങിയവരടങ്ങിയ കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്.
ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മറ്റികളും വനമേഖലാ ജാഗ്രതാ സമിതികളും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും കാട്ടുതീ പ്രതിരോധ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പിനെ ഏറെ സഹായിക്കുന്നതായി അദ്ദേഹം അറിയിച്ചു.
വനത്തില്‍ തീയിടാന്‍ സാദ്ധ്യതയുള്ളവരെ നിരീക്ഷിക്കുന്നതിനും രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രത്യേക സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. എവിടെയെങ്കിലും കാട്ടുതീ ശ്രദ്ധയില്‍പ്പെടുകയോ കാട്ടില്‍ തീയിടുന്നവരെക്കുറിച്ച് വിവരം ലഭിക്കുകയോ ചെയ്താല്‍ അടിയന്തിരമായി വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും കാട്ടുതീ ഉണ്ടാകുമ്പോള്‍ തീയണക്കാന്‍ സഹകരിക്കുകയും ചെയ്യണം. കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കേണ്ട ഫോണ്‍ നമ്പറുകള്‍.
സുല്‍ത്താന്‍ ബത്തേരി ഫയര്‍ മോണിറ്ററിംഗ് സെല്‍ – 04936-220454, മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ : 271015, മുത്തങ്ങ ചെക്ക്‌പോസ്റ്റ് : 271010, 9526821294. സു.ബത്തേരി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ : 221640, 8447603532. കുറിച്യാട് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ : 238750, 9605003401. തോല്‍പ്പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ : 04935-250853, 8547603584. തോല്‍പ്പെട്ടി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് : 049 35-270100.