Connect with us

Kozhikode

സേവ് പദ്ധതി: 600 കേന്ദ്രങ്ങളില്‍ രക്ഷാവലയം തീര്‍ത്തു

Published

|

Last Updated

വടകര: വിദ്യാഭ്യാസ ജില്ലയില്‍ നടക്കുന്ന സ്റ്റുഡന്‍സ് ആര്‍മി ഫോര്‍ വടകര എന്‍വയണ്‍മെന്റ് (സേവ്) സമഗ്ര പരിസ്ഥിതി സംരക്ഷണ വിദ്യാഭ്യാസ പദ്ധതിയുടെ സന്ദേശ പ്രചരണാര്‍ഥം വിദ്യാഭ്യാസ ജില്ലയിലെ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ രക്ഷാവലയം തീര്‍ത്തു.
ജില്ലയിലെ 600ല്‍ ഏറെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പാതയോരങ്ങളിലാണ് രക്ഷാവലയമെന്ന പേരില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്. വടകര പഴയ സ്റ്റാന്‍ഡ് പരിസരത്ത് തീര്‍ത്ത രക്ഷാവലയത്തില്‍ കുട്ടികള്‍ക്ക് ഒപ്പം ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ സംസ്‌കാരിക യുവജന ഉദ്യോഗസ്ഥ പ്രതിനിധികള്‍ പങ്കെടുത്തു.
സി കെ നാണു എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി പി രഞ്ജിനി അധ്യക്ഷത വഹിച്ചു. എ എസ് പി സതീഷ് ചന്ദ്ര മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ കെ സുരേഷ് കുമാര്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ സന്ദേശം വായിച്ചു. പ്രൊഫ. കടത്തനാട്ട് നാരായണന്‍ സേവ് പ്രതിജ്ഞ ചൊല്ലി. വടയക്കണ്ടി നാരായണന്‍, ഷൗക്കത്തലി ഏരോത്ത്, ടി ബാലക്കുറുപ്പ്, എം സി മുരളീധരന്‍, അഡ്വ. ലതിക ശ്രീനിവാസ്, മണലില്‍ മോഹനന്‍, പി ബാലന്‍, പ്രദീപ് ചോമ്പാല, പ്രൊഫ. കെ കെ മഹമൂദ്, ആര്‍ പി വിനോദന്‍, എ ടി ശ്രീധരന്‍, പുറന്തോടത്ത് സുകുമാരന്‍, മേപ്പയില്‍ ശ്രീധരന്‍, ജാന്‍സി മാത്യു, ടി എന്‍ കെ നിഷ, എം വി കുഞ്ഞമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.