Connect with us

Gulf

ഒമാന്‍ എയര്‍ കരാര്‍ ഷെല്ലിനു ലഭിച്ചില്ല

Published

|

Last Updated

മസ്‌കത്ത്: ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറിന് വിമാന ഇന്ധനം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ അല്‍ മഹ കരസ്ഥമാക്കി. എന്നാല്‍ നേരത്തെ കരാറിലുണ്ടായിരുന്ന ഷെല്‍ കമ്പനിക്ക് കരാര്‍ ലഭിച്ചില്ല. 2016 വരെയുള്ള കരാറാണ് അല്‍ മഹ നേടിയത്. മസ്‌കത്ത് എയര്‍പോര്‍ട്ടില്‍ ഇന്ധനം നിറക്കുന്നതിനുള്ള കരാറാണിത്.
ഒമാന്‍ എയറിനു ആവശ്യമായ ഇന്ധനത്തിന്റെ പകുതിയോളം നിലവില്‍ അല്‍ മഹയാണ് നല്‍കി വന്നത്. പകുതി വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ഷെല്ലിനായിരുന്നു. ഈ മാസം 31ന് കരാര്‍ അവസാനിക്കുന്നതിന്റെ ഭാഗമായി നടത്തിയ കരാര്‍ പുതുക്കല്‍ നടപടിയിലാണ് ഷെല്‍ പുറത്തായത്. ടെന്‍ഡറിനു ശേഷം കരാര്‍ പുതുക്കേണ്ടതില്ലെന്ന് ഷെല്‍ നിലപാടു സ്വീകരിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഏതാണ്ട് 83 ദശലക്ഷം റിയാലിന്റെതാണ് ഈ കരാര്‍.
അല്‍ മഹ കരാര്‍ നേടിയതും ഷെല്‍ വേണ്ടെന്നു വെച്ചതും സെക്യൂരിറ്റി മാര്‍ക്കറ്റ് പ്രസ്താവനയില്‍നിന്നാണ് പൊതുജനം അറിയുന്നത്. യൂറോപ്പിന്റെ റോയല്‍ ഡച്ച് ഷെല്‍ കമ്പനിയുടെ ഉപവിഭാഗമായി പ്രവര്‍ത്തിക്കുന്ന ഷെല്ലിന്റെ ഓഹരി സൂചികകളില്‍ ഒമാന്‍ എയര്‍ കരാര്‍ പുതുക്കാത്തത് ചലനുണ്ടാക്കില്ലെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.