കോഴിക്കോട് റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര പദവി: എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

Posted on: March 3, 2014 7:39 am | Last updated: March 3, 2014 at 7:40 am
SHARE

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ അന്താരാഷ്ട്രാ പദവിയില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ട വാര്‍ത്ത ആഹ്ലാദത്തോടെയും അഭിമാനത്തോടെയുമായിരുന്നു കോഴിക്കോട്ടുകാര്‍ നെഞ്ചേറ്റിയത്. എന്നാല്‍ വര്‍ഷം അഞ്ച് കഴിഞ്ഞപ്പോഴാണ് എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നമായിരുന്നു അതെന്ന് ജനം തിരിച്ചറിയുന്നത്.
ഒരു റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്രാ പദവി ലഭിക്കണമെങ്കില്‍ കുറേ കടമ്പകള്‍ താണ്ടേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങളിലെല്ലാം വലിയ മുന്നേറ്റം ഉണ്ടാക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നാമ മാത്രമായ കാര്യങ്ങളല്ലാതെ മറ്റൊന്നും ഇവിടെ വന്നിട്ടില്ല. 2009 ലെ കേന്ദ്ര റെയില്‍വേ ബജറ്റിലാണ് കോഴിക്കോടിനെ അന്താരാഷ്ട്ര പദവിയിലേക്കുയര്‍ത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്.
അന്താരാഷ്ട്ര പദവിക്കായി നിര്‍ദേശിച്ചിരിക്കുന്ന ഒരുപാട് വ്യവസ്ഥകളില്‍ നടപ്പായത് രണ്ട് കാര്യങ്ങള്‍ മാത്രം. അതുതന്നെ നിരവധി പരാധീനതകളോടെയും.
നവീകരണത്തിന്റെ ഭാഗമായി ലഭിച്ചത്
അന്താരാഷ്ട്ര പദവി ലഭിക്കുന്നതിന്റെ ഭാഗമായി നടന്ന നവീകരണ- വികസന പ്രവര്‍ത്തനങ്ങളിലൂടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ലഭിച്ചത് എസ്‌കലേറ്ററും മൂന്ന് ലിഫ്റ്റുകളും മാത്രം. ഒന്നാം പ്ലാറ്റ് ഫോമില്‍ നിലവിലുള്ള ഫുട്ട് ഓവര്‍ ബ്രിഡ്ജിന് സമീപത്താണ് എസ്‌കലേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്.
1.4 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച എസ്‌കലേറ്റര്‍ 30 ഡിഗ്രി ചെരുവിലാണ് ഉറപ്പിച്ചിരിക്കുന്നത്. ഒരേ സമയം ഓരോ ചവിട്ടുപടിയിലും മൂന്ന് പേര്‍ക്ക് വീതം മണിക്കൂറില്‍ 200 പേര്‍ക്ക് കയറാവുന്ന എസ്‌കലേറ്ററാണ് സ്ഥാപിച്ചിരിക്കുന്നത്.
ഒന്നാം പ്ലാറ്റ് ഫോമില്‍ നിന്ന് ഇതില്‍ കയറുന്നവര്‍ മറ്റ് പ്ലാറ്റ് ഫോമുകളിലേക്ക് പോകണമെങ്കില്‍ ലിഫ്‌റ്റോ സ്റ്റെപ്പോ ഉപയോഗിക്കണം. ഒന്നാം പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങാനും എസ്‌കലേറ്റര്‍ ഉപയോഗിക്കാം. എന്നാല്‍ എസ്‌കലേറ്റര്‍ ഇടക്കിടെ ഓഫാക്കിയിടുന്നു എന്ന പരാതിയും യാത്രക്കാര്‍ക്കുണ്ട്.
രണ്ട്, മൂന്ന്, നാല് ഫഌറ്റ് ഫോമുകളിലാണ് ലിഫ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ലിഫ്റ്റുകളും കൂടി 84.95 ലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചത്. എന്നാല്‍ ലിഫ്റ്റ് സ്ഥാപിച്ച അന്നു മുതല്‍ തുടങ്ങിയ പരാതികള്‍ക്ക് ഇന്നും തീര്‍പ്പായിട്ടില്ല. സാധാരണക്കാരായ യാത്രക്കാര്‍ക്ക് ലിഫ്റ്റ് ഉപയോഗിക്കുന്നതിന് സഹായിക്കാനായി ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ പോലും ഇവിടെയില്ല. യാത്രക്കാര്‍ പലപ്പോഴും ലിഫ്റ്റിനുള്ളില്‍ കുടുങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാവുകുന്നുണ്ട്.

കടക്കേണ്ടിയിരുന്ന കടമ്പകള്‍
ഇന്റര്‍നാഷനല്‍ സൗകര്യങ്ങളുള്ള ഫുഡ് പ്ലാസ ഉണ്ടായിരിക്കണം. എല്ലാതരം ഭക്ഷണങ്ങളും കിട്ടുന്ന ഹോട്ടല്‍ സൗകര്യം. ഭക്ഷണത്തിന്റെ ഗുണനിലവാരവും വൃത്തിയും പ്രത്യേകം ശ്രദ്ധിക്കണം. എന്നാല്‍ ഇവിടെ വിശ്വസിച്ച് ഭക്ഷണം കഴിക്കാന്‍ പറ്റുന്ന ചെറിയ ഹോട്ടലുകള്‍ പോലും ഇല്ലെന്നതാണ് സത്യം.
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ചികിത്സാ കേന്ദ്രം ഉണ്ടായിരിക്കണം. അത്യാവശ്യ ചികിത്സാ സൗകര്യങ്ങളും അവശ്യ മരുന്നുകളും ലഭ്യമാകുന്ന ചികിത്സാ കേന്ദ്രം ഒന്നാം പ്ലാറ്റ് ഫോമില്‍ നിര്‍മിക്കണമെന്നാണ് തീരുമാനിച്ചിരുന്നത്. 2013 മാര്‍ച്ചില്‍ അതിന്റെ ചര്‍ച്ചകള്‍ നടന്നു. കോഴിക്കോട്ടെ അഞ്ച് സ്വകാര്യ ആശുപത്രികള്‍ ഇവിടെ ചികിത്സാ കേന്ദ്രം തുടങ്ങാനുള്ള ആഗ്രഹവുമായി വന്നു. ഒന്നാം പ്ലാറ്റ് ഫോമില്‍ ഒരു മെഡിക്കല്‍ ഷോപ്പ് എന്ന പദ്ധതിയും ഉണ്ടായിരുന്നു. എന്നാല്‍ പദ്ധതികളും ചര്‍ച്ചകളും തീരുമാനങ്ങളും ടെന്‍ഡര്‍ വിളികളും കഴിഞ്ഞിട്ട് വര്‍ഷം ഒന്ന് പിന്നിട്ടിട്ടും ചികിത്സാ കേന്ദ്രം കടലാസില്‍ തന്നെ.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്‌ലറ്റ് സംവിധാനവും ഈ കടമ്പകളില്‍ ഉള്‍പ്പെടും. എന്നാല്‍ അവശ്യസൗകര്യങ്ങള്‍ പോലുമില്ലാത്ത ടോയ്‌ലറ്റുകളാണ് ഈ റെയില്‍വേ സ്റ്റേഷന്റെ മുതല്‍ക്കൂട്ട്. സ്ത്രീകളുടെ വിശ്രമ കേന്ദ്രത്തില്‍ പോലും നാപ്കിനുകള്‍ കളയാനുള്ള സംവിധാനമില്ലാത്ത ടോയ്‌ലറ്റുകളാണുള്ളത്. കൂടാതെ റിട്ടേയ്ഡ് റൂം, കാത്തിരിപ്പ് കേന്ദ്രം, ഉന്നത നിലവാരത്തിലുള്ള കസേരകള്‍, ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിംഗ് സംവിധാനങ്ങള്‍, വൈഫൈ കണക്ഷന്‍, ടൈലുകള്‍ പതിച്ച വൃത്തിയുള്ള നിലം, ഓരോ മണിക്കൂറിലും വൃത്തിയാക്കുന്ന റെയില്‍വേ ലൈനുകള്‍ എന്നിവയും അത്യാവശ്യമാണ്.
അവശ്യ സൗകര്യങ്ങളോട് പോലും മുഖം തിരിച്ച് വികസനം
അന്താരാഷ്ട്ര പദവിയിലേക്ക് കുതിക്കാന്‍ കാത്ത് നില്‍ക്കുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഫഌറ്റ് ഫോമിന് മോല്‍ക്കൂരയില്ലാതെ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. വേനല്‍ ചൂടില്‍ മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ് ഫോമിലാണ് യാത്രക്കാര്‍ കാത്തിയിരിക്കുന്നത്. മഴക്കാലത്ത് കുടയും പിടിച്ച് ട്രെയിന്‍ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
ഫുട് ഓവര്‍ ബ്രിഡ്ജും പരാധീനതകള്‍ക്ക് നടുവിലാണ്. പ്ലാറ്റ് ഫോമിന്റെ വടക്കേ ഭാഗത്ത് മാത്രമാണ് ഫുട് ഓവര്‍ ബ്രിഡ്ജുകളുള്ളത്. ഇത് യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തെക്കേ ഭാഗത്ത് ഇല്ല. പല ട്രെയിനുകളും തെക്കേ ഭാഗത്താണ് നിര്‍ത്തുന്നത്. ആളുകള്‍ പാലം ഇറങ്ങി ദീര്‍ഘ ദൂരം നടക്കേണ്ടി വരുന്നു. പ്രായമായവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ഒന്നാമത്തെ പ്ലാറ്റ് ഫോമിന്റെ വടക്കേ ഭാഗത്തുള്ള ടോയ്‌ലറ്റ് വളരെക്കാലമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഇത് വൃത്തിയാക്കാന്‍ തയ്യാറാകാതെ ആളുകളെ ബുദ്ധിമുട്ടിക്കുകയാണ്. പല ഫഌറ്റ് ഫോമുകളിലേയും ടിക്കറ്റ് കൗണ്ടറില്‍ ജീവനക്കാര്‍ ഇല്ല. കൂടാതെ നാലാമത്തെ പ്ലാറ്റ് ഫോമില്‍ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുതന്നെ ആറ് മണിക്കാണ് തുറക്കുന്നത്.