വൈവിധ്യങ്ങളുടെ സന്തുലിതമായ സഹവര്‍തിത്വമാണ് സംസ്‌കാരങ്ങളുടെ സൗന്ദര്യം, കെ ജയകുമാര്‍

Posted on: March 1, 2014 9:57 pm | Last updated: March 1, 2014 at 9:57 pm
SHARE

SONY DSCദോഹ: വൈവിധ്യങ്ങളുടെ സന്തുലിതമായ സഹവര്‍തിത്വമാണ് സംസ്‌കാരങ്ങളുടെ സൗന്ദര്യമെന്നും ഈ സൗന്ദര്യം നിലനിര്‍ത്തുവാന്‍ എല്ലാ വിഭാഗം ജനങ്ങളും പരിശ്രമിക്കണമെന്നും മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സിലറുമായ കെ. ജയകുമാര്‍ ഐ. എ. എസ്. അഭിപ്രായപ്പെട്ടു. എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ അങ്കണത്തില്‍ നടന്ന ഖത്തര്‍ കേരളീയം സമാപന സമ്മേളനത്തില്‍ സംസ്‌കാരങ്ങളുടെ സൗന്ദര്യം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവിക സംസ്‌കാരം വളര്‍ച്ചയുടേയും മാറ്റത്തിന്റേയും പാതയില്‍ ബഹുദൂരം സഞ്ചരിച്ച ശേഷം വിവിധ തരം വെല്ലുവിളികളെ അഭിമുഖീകരിക്കുയാണ്. ലഹരി ഉപഭോഗം വര്‍ദ്ധിക്കുന്നതും, ആത്മഹത്യകള്‍ പെരുകുന്നതും , പ്രകൃതിയെ നശിപ്പിക്കുന്നതും വൃദ്ധ സദനങ്ങള്‍ പ്രചാരത്തിലാകുന്നതുമൊക്കെ സാംസ്‌കാരികാപചയത്തിന്റെ ലക്ഷണങ്ങളാണ്. മലയാള ഭാഷയും സംസ്‌കാരവും നമ്മുടെ ജീവന്റെ ഭാഗമാകുമ്പോഴാണ് സാംസ്‌കാരിക പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുവാന്‍ കഴിയുന്നത്. ഭാഷയും സംസ്‌കാരവും തനിമയോടെ നിലനില്‍ക്കുമ്പോള്‍ അതിന്റെ സൗന്ദര്യം നിറഞ്ഞു നില്‍ക്കും.

ലാളിത്യതിന്റെ ലാവണ്യം മുഖമുദ്രയാക്കിയ മലയാളി സമൂഹം ആഡംബരത്തിന്റേയും സ്വാര്‍ഥതയുടേയും ഇടുങ്ങിയ മേച്ചില്‍ പുറങ്ങളിലേക്ക് ചുരുങ്ങുന്നത് സംസ്‌കാരത്തിന്റെ സൗന്ദര്യം തന്നെ ചോദ്യം ചെയ്യുന്നതാണ്. മനുഷ്യത്വത്തിന്റോേയും മാനവികതുടേയും വിശാലമായ തലങ്ങളില്‍ സാംസ്‌കാരിക വിനിമയം നടക്കുകയും ആവശ്യമായ മാറ്റങ്ങള്‍ ഉള്‍കൊള്ളുകയും ചെയ്യുമ്പാള്‍ സാംസ്‌കാരിക രംഗം കൂടുതല്‍ മനോഹരമാകും. ഈയര്‍ഥത്തിലുള്ള ശ്രമങ്ങള്‍ക്ക് ഖത്തര്‍ കേരളീയം ശക്തി പകരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മനുഷ്യ നാഗരികതയും നവോത്ഥാനവും സമൂഹങ്ങളുടെ കൊള്ളക്കൊടുക്കലുകളിലൂടെ വളര്‍ന്ന് വന്നതാണെന്നും സുതാര്യമായ നുകരലുകളും പകരലുകളുമാണ് സംസ്‌കാരത്തെ സുന്ദരമാക്കുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച ആലങ്കോട് ലീല കൃഷ്ണന്‍ പറഞ്ഞു. ഇടശ്ശേരിയും ഭാസ്‌കരനും മോയിന്‍കുട്ടി വൈദ്രും ഖാസി മുഹമ്മദുമൊക്കെ സമന്വയിപ്പിച്ച സംസ്‌കാരം നിലനില്‍ക്കുന്നിടത്തോളം കാലം നമ്മെ ഒരു ശക്തിക്കും ഭിന്നിപ്പിക്കാനാവില്ലെന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.

സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ ആവണി വിജയകുമാറിന്റെ ആവണിക്കതിരുകള്‍ എന്ന ചെറുകഥാസമാഹാരം ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി.ടി. ഫൈസലിന് ആദ്യ പ്രതി നല്‍കി ജയകുമാര്‍ പ്രകാശനം ചെയ്തു.

ഖത്തര്‍ ചാരിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഗാമിദി പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി എഫ്.സി.സിയെ പരിചയപ്പെടുത്തി. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.സി അബ്ദുല്‍ ലത്തീഫ്, എഫ്.സി.സി വനിതാ വേദി പ്രതിനിധി ഷീല ടോമി, അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഇംറാന്‍, എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.പി അബ്ദുല്‍ അസീസ് , ആവണി വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ. ജയകുമാര്‍ ഐ.എ.എസിനുള്ള എഫ്.സി.സിയുടെ സ്‌നേഹോപഹാരം ഗഷാം ഗ്രൂപ്പ് ഡയറക്ടര്‍ മൊയ്തീനും, ആലങ്കോട് ലീലാകൃഷ്ണന് ക്വാളിറ്റി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശംസുദ്ദീന്‍ ഒളകരയും സമ്മാനിച്ചു.

എഫ്.സി.സി ഗവേണിംഗ് ബോഡി ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ് അധ്യക്ഷത വഹിച്ചു. എഫ്.സി.സി. ലൈബ്രറിയിലേക്ക് കെ. ജയകുമാര്‍ ഐ.എ.എസ്. നല്‍കിയ പുസ്തകങ്ങള്‍ എഫ്.സി.സി. വായനക്കൂട്ടത്തിനുവേണ്ടി കെ.പി. നൂറുദ്ദീന്‍, സുരേഷ്, റഫീക്കുദ്ദീന്‍ പാലേരി, എം.ടി. നിലമ്പൂര്‍ എന്നിവര്‍ ഏറ്റുവാങ്ങി. സി.ആര്‍. മനോജ് നന്ദി പറഞ്ഞു.

തുടര്‍ന്ന് എഫ്.സി.സി വനിതാ വിംഗ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച സമൂഹ ഗാനവും എന്‍.കെ.എം ശൗക്കത്തിന്റെ സംവിധാനത്തില്‍ ഉസ്മാന്‍ മാരാത്ത് എഴുതിയ ‘തിരകള്‍ പറഞ്ഞത്…’ എന്ന കള്‍ച്ചറല്‍ തീം ഷോയും അരങ്ങേറി. ഖത്തറും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റത്തിന്റെ ചരിത്രം ആധുനിക സാങ്കേതിക വിദ്യയും ശബ്ദവും ലൈറ്റും മനോഹരമായി സമന്വയിപ്പിച്ച ദൃശ്യവിരുന്ന് എം. ഇ. എസ് സ്‌ക്കൂള്‍ അങ്കണത്തിലെ നിറഞ്ഞദസ്സിന് അവിസ്മരണീയമായ കലാനുഭവമായി. ദോഹയിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി ഒരേസമയം മൂന്ന് വേദികളും എല്‍.സി.ഡി സ്‌ക്രീനും ഉപയോഗിച്ച് നടത്തിയ കള്‍ച്ചറല്‍ തീം ഷോ നിര്‍വഹണത്തിലെ നൈപുണ്യത്തിലും അവതരണത്തിലെ ചാരുതയാലും മനോഹരമായിരുന്നു. പ്രവാസത്തിന്റെ നൊമ്പരങ്ങളും ഗൃഹാതുര ഓര്‍മകളും പകര്‍ന്ന പരിപാടി ആസ്വാദകര്‍ക്ക് അപൂര്‍വ്വ ദൃശ്യവിരുന്നായിരുന്നു. അറബ് ദേശങ്ങളുമായുള്ള ഭാരതത്തിന്റെ വാണിജ്യ സാംസ്‌കാരിക ബന്ധങ്ങളുടെ പുനരാവിഷ്‌കാരവും ഇരുദേശങ്ങളുടെയും ഈടുറ്റ പാരമ്പര്യം വിളിച്ചറിയിക്കുന്ന കലാവിഭവങ്ങളും കോര്‍ത്തിണക്കിയ പരിപാടിയില്‍ 50 ഓളം കലാകാരന്മാര്‍ വേഷമിട്ടപ്പോള്‍ ഇന്തോ ഖത്തര്‍ ബന്ധത്തിന്റെ സൗഹൃദ തുരുത്തുകള്‍ അടയാളപ്പെടുത്തിയ തീം ഷോ ആബാലവൃദ്ധം ജനങ്ങളേയും വിസ്മയിപ്പിച്ച കാഴ്ചയായി.

കഴിഞ്ഞ ദിവസം ദോഹയില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് മരണമടഞ്ഞവര്‍ക്കുവേണ്ടി മൗനപ്രാര്‍ത്ഥന നടത്തിയാണ് സാംസ്‌കാരിക സമ്മേളനം തുടങ്ങിയത്.

സ്വാഗത സംഘം ചെയര്‍മാന്‍ കെ. മുഹമ്മദ് ഈസ സ്വാഗതവും സി. ആര്‍. മനോജ് നന്ദിയും പറഞ്ഞു