കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സെന്ററിന് സ്ഥലം നല്‍കി; പശ്ചിമ ഘട്ട ജന സമിതിയുടെ പ്രതിഷേധം

Posted on: March 1, 2014 12:53 pm | Last updated: March 1, 2014 at 12:53 pm
SHARE

മുക്കം: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധം കത്തിനിന്ന അന്തരീക്ഷത്തില്‍ കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സെന്ററിന്റെ സ്ഥലം കൈമാറ്റ ചടങ്ങ് നടന്നു. തിരുവമ്പാടിയിലെ കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സെന്ററിന് ഗ്രാമപഞ്ചായത്ത് വാങ്ങിയ സ്ഥലത്തിന്റെ കൈമാറ്റ ചടങ്ങാണ് പ്രതിഷേധങ്ങള്‍ക്കിടെ നടന്നത്.
എം ഐ ഷാനവാസ് എം പിയായിരുന്നു ഉദ്ഘാടകന്‍. എന്നാല്‍ പശ്ചിമ ഘട്ട ജന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എം പി, എം എല്‍ എ എന്നിവരെ കരിങ്കൊടി കാണിക്കാനും ചടങ്ങ് ബഹിഷ്‌കരിക്കാനും നീക്കമുണ്ടായി. ഇതേ തുടര്‍ന്ന് എം പി ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. എം എല്‍ എയുടെ നേതൃത്വത്തില്‍ ചടങ്ങ് ആരംഭിച്ചയുടനെ പശ്ചിമഘട്ട ജനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വായമൂടി കെട്ടി പ്രകടനം നടത്തി. വേദിയിലേക്ക് തള്ളിക്കയറാനുള്ള ശ്രമം പോലീസ് തടഞ്ഞു.
തുടര്‍ന്ന് പ്രതിഷേധക്കാര്‍ യോഗം നടത്തി പിരിഞ്ഞു. കലക്ടറേറ്റ് പരിസരത്ത് നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തെ പിന്തുണച്ച് തിരുവമ്പാടിയില്‍ ഇന്നലെ അതേ സമയം സി പി എമ്മിന്റെ നേതൃത്വത്തില്‍ ഉപവാസ സമരവും നടന്നു.
വര്‍ഷങ്ങളായി വാടകസ്ഥലത്ത് അസൗകര്യങ്ങളില്‍ വീര്‍പ്പ് മുട്ടി കഴിയുന്ന ഓപ്പറേറ്റിംഗ് സെന്ററിന് ഒന്നേ മുക്കാല്‍ ഏക്കര്‍ സ്ഥലമാണ് ഗ്രാമ പഞ്ചായത്ത് വാങ്ങി നല്‍കിയത്. സി മോയിന്‍കുട്ടി എം എല്‍ എ യില്‍ നിന്നും വസ്തുവിന്റെ പ്രമാണം സോണല്‍ ഓഫീസര്‍ മുഹമ്മദ് സഫറുല്ല ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു.