സൗഹൃദം കടല്‍ കടന്നു; അലി അബുവിന്റെ കാലുകള്‍ക്ക് ആശുപത്രിയില്‍ പുതുജീവന്‍

Posted on: March 1, 2014 8:04 am | Last updated: March 1, 2014 at 8:04 am
SHARE
Ali Abdu copy
അലി കൊരമ്പയും അലി അബ്ദുവും ആശുപത്രിയില്‍

പെരിന്തല്‍മണ്ണ: അതിരുകളില്ലാത്ത ചങ്ങാത്തം 85കാരനായ യമനി പൗരന്‍ അലി അബ്ദുവിന് നല്‍കിയത് കാലുകള്‍ക്ക് വീണ്ടും ചലനാത്മകത.
30 വര്‍ഷമായി ജിദ്ദയിലെ തൂവലില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് താങ്ങാനെത്തിയത് മഞ്ചേരി, കാരാപറമ്പ് അരീമ്പ്രകുന്നന്‍ അലി എന്ന കൊരമ്പ. 30 വര്‍ഷം പഴക്കമുള്ള ചങ്ങാത്തത്തില്‍ ഇരുവരും താഴ്ചകളും ഉയര്‍ച്ചകളും ഏറെകണ്ടു.
തൂവലില്‍ മത്സ്യകച്ചവടമാണ് 48കാരനായ കൊരമ്പയുടെ ജോലി, പടവ്, തേപ്പ് ജോലിയുമായി നടന്നിരുന്ന അലി അബ്ദു കഴിഞ്ഞ അഞ്ച് വര്‍ഷമായി ചെറിയ ഒരു റെയ്ഡ്‌മെയ്ഡ് ഷോപ്പിനുടമയാണ്.
ആറ് വര്‍ഷമായി കാല്‍മുട്ടിന് വേദനകളുമായി ആരംഭിച്ചതാണ് അലിയുടെ യാതനകള്‍. യമനിലും ജിദ്ദയിലുമായി ഏറെ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കാല്‍മുട്ടിലെ വേദന മുഴുവന്‍ കാലുകളിലേക്കും പടര്‍ന്നുകൊണ്ടിരുന്നു.
ഓടി നടന്നിരുന്ന അലിയുടെ ചലനങ്ങള്‍ വടിയും വാക്കറും ഏറ്റെടുത്ത് ക്രമേണ വീല്‍ചെയറിന്റെ ഇളക്കങ്ങളിലുമായി ജീവിതം തളച്ചിടേണ്ടി വന്ന അലിയുടെ വേദന സ്വന്തമായെടുത്ത കൊരമ്പയാണ് കേരളത്തിലേക്ക് എന്ന ആശയവുമായി അലിയെയും കൂട്ടി പുറപ്പെട്ടത്.
കഴിഞ്ഞ ജനുവരി 22ന് പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ.ഇ ജി മോഹന്‍കുമാറിന്റെ സഹായം തേടി ആശുപത്രിയിലെത്തി.
പരിശോധനക്ക് ശേഷം കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ നടക്കാനാവുമെന്ന് ഡോക്ര്‍ അറിയിച്ചതോടെ സ്ത്രക്രിയക്ക് കളമൊരുങ്ങി. അമേരിക്കന്‍ നിര്‍മിത കൃത്രിമ കാല്‍മുട്ടുകള്‍ കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള ശസ്ത്രക്രിയയാണ് അലി അബ്ദുവിന് നിര്‍ദേശിക്കപ്പെട്ടത്.
അലിഅബ്ദുവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. നാല് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് അലി കൊരമ്പയും ബന്ധുക്കളും കൂടെ നിന്നു. രണ്ട് ദിവസം മുന്‍കരുതലുമായി ഐ സി യു വില്‍ തങ്ങിയ അലിയെ മൂന്നാം ദിവസം റൂമിലേക്ക് മാറ്റി. നാലാം നാള്‍ മുതല്‍ ഫിസിയോതെറാപ്പിയിലൂടെ പിച്ച വെച്ചുതുടങ്ങിയ അലി ക്രമേണ സ്വന്തം കാലില്‍നില്‍ക്കാനും നടക്കാനും ആരംഭിച്ചു.
പൂര്‍ണാരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞ മാസം 18ന് സ്വന്തം കാലില്‍ ആശുപത്രിയുടെ പടവുകളിറങ്ങി.