Connect with us

Malappuram

ആത്മസുഹൃത്തുക്കളെ സ്മരിക്കാന്‍ നാണയശേഖരവുമായി കോയാമുഹാജി

Published

|

Last Updated

koyamu haaji copyകോട്ടക്കല്‍: ആത്മസുഹൃത്തുക്കളുടെ മരിക്കാത്ത ഓര്‍മകള്‍ക്കായി സ്റ്റാമ്പുകളും നാണയങ്ങളും ശേഖരിച്ച് വ്യത്യസ്ഥനാവുകയാണ് പറപ്പൂരിലെ ആലങ്ങാടന്‍ കോയാമുഹജി. 30വര്‍ഷം മുമ്പുള്ള തന്റെ പ്രവാസകാലത്തെ ഓര്‍മകളാണ് വയസ് 82ലെത്തുമ്പോഴും ഈ ശേഖരങ്ങളിലൂടെ അദ്ദേഹം ഓര്‍ത്തെടുക്കുന്നത്.

വിവിധ രാജ്യക്കാരായ ആത്മ സുഹൃത്തുക്കളുടെ നാട്ടിലെ നാണയങ്ങള്‍ ഇവരില്‍ നിന്ന് തന്നെ ശേഖരിച്ചാണ് ഇദ്ദേഹം ആ ഓര്‍മകള്‍ ഇപ്പോഴും സൂക്ഷിക്കുന്നത്. തന്റെ ശേഖരത്തിലെ വിവിധങ്ങളായ നാണയങ്ങള്‍ക്കും കറന്‍സികള്‍ക്കും സ്റ്റാമ്പുകള്‍ക്കും ഓരോ മുഖങ്ങളാണ് ഇദ്ദേഹത്തിന്റെ മനസ്സില്‍. 15ാം വയസില്‍ നാട് വിട്ട് ജോലിക്കിറിങ്ങിയപ്പോള്‍ കണ്ടുമുട്ടിയ മുഖങ്ങളാണ് ഇവയെല്ലാം. യുറോപ്പ്, അമേരിക്കന്‍, ഏഷ്യന്‍ നാടുകളിലെ നിരവധി പേര്‍ തന്റെ കൂടെ ജോലിക്കാരായി ഉണ്ടായിരുന്നു. ഇവര്‍ക്കെല്ലാം കത്തുകള്‍ വരുമ്പോള്‍ ഇവയിലെ സ്റ്റാമ്പുകള്‍ എടുത്തുവെക്കും. ഓരോ നാട്ടുകാരുടെയും രാജ്യത്തെ കറന്‍സിയും നാണയങ്ങളും ഇവരില്‍ നിന്നും വാങ്ങും.
ഇങ്ങനെ ലഭിച്ചവയില്‍ പഴയ ബ്രിട്ടണ്‍, ജോര്‍ദാന്‍, ഒമാന്‍, സിംഗപ്പൂര്‍, ഈജിപത്, യമന്‍ നാടുകളിലെ സ്റ്റാമ്പുകള്‍, കറന്‍സികള്‍, നാണയങ്ങള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. ഓത്തുപള്ളിപഠനകാലത്താണ് നാടുവിടുന്നത്. ആദ്യം മദ്രാസില്‍.
പിന്നീട് ലോഞ്ചില്‍ കയറി ഒമാനിലെത്തി. കൊക്കകോള കമ്പനിയിലാണ് ജോലി തരപ്പെട്ടത്. ഇവിടെ നിന്നാണ് വിവിധ നാട്ടുകാരെ പരിചയപ്പെടുന്നതും അവരില്‍ നിന്നും നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിക്കുന്നതും. ഇംഗ്ലണ്ട്, സിംഗപ്പൂര്‍, സിറിയ, ന്യൂസിലാന്റ്, ഉഗാണ്ട, ഫ്രാന്‍സ്, നെതര്‍ലാന്റ് എന്നീ വിദേശരാജ്യങ്ങളിലെ സുഹൃത്തുകളായിരുന്നു സഹപ്രവര്‍ത്തകര്‍. ഇവര്‍ക്ക് നാട്ടില്‍ നിന്നും എത്തിയിരുന്ന കത്തുകളില്‍ നിന്നാണ് സ്റ്റാമ്പുകള്‍ സൂക്ഷിച്ചത്. പ്രായം കൂടിയപ്പോള്‍ ജോലിമതിയാക്കി നാട്ടിലേക്ക് തിരിച്ചപ്പോള്‍ സുഹൃത്തുക്കളുടെ ഓര്‍മകളായി കരുതിപോന്ന ഇവയും കൊണ്ട് വരാന്‍ മറന്നില്ല.
തന്റെ സഹപ്രര്‍ത്തകര്‍ ആരെല്ലാം ഇപ്പോള്‍ ജീവിച്ചിരിക്കുന്നു എന്നറിയില്ലെങ്കിലും ഓരോ നാണയവും സ്റ്റാമ്പും നോക്കി ആത്മ സുഹൃത്തുക്കളുടെ മുഖം ഇദ്ദേഹം തിരിച്ചറിയും.
നാട്ടിലെത്തിയതിന് ശേഷം ഇവയെല്ലാം പ്രത്യേകം അടുക്കിവക്കുകയായിരുന്നു കോയാമുഹാജി.
തന്റെ ശേഖരങ്ങള്‍ കാണുമ്പോള്‍ പോയകാലത്തിന്റെ ഓര്‍മകളാണ് ഇദ്ദേഹത്തിന്റെ മനസിലേക്ക് ഓടിവരാറുള്ളത്.

Latest