പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കും: മുഖ്യമന്ത്രി

Posted on: February 28, 2014 9:13 am | Last updated: February 28, 2014 at 9:13 am

oommen chandyവണ്ടൂര്‍: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ പഠനം നടത്തുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നൂറ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇത്തരം സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
വണ്ടൂര്‍ വി എം സി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് സംഘടിപ്പിച്ച നിയോജക മണ്ഡലം തല സാന്ത്വന സ്പര്‍ശം മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളെ പരിഗണിക്കുന്നതോടൊപ്പം നൂറില്‍ കുറവുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളെയും എയിഡഡ് പദവി നല്‍കാനായി ശ്രമിക്കും. സര്‍ക്കാര്‍ അംഗീകാരം ലഭിക്കാത്ത ഇത്തരം സ്ഥാപനങ്ങളുണ്ടെങ്കില്‍ അവയിലെ ജീവനക്കാര്‍ക്ക് പ്രതിമാസം 1600രൂപ അലവന്‍സും അനുവദിക്കും.
ഹയര്‍സെക്കണ്‍ഡറി വരയെുള്ള വിദ്യാഭ്യാസം സൗജന്യമാണെങ്കിലും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മാനസിക-ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വണ്ടൂര്‍ മാതൃകയില്‍ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലങ്ങളിലിലും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സാന്ത്വനം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്നും അതിനായി വിനോദ സഞ്ചാരവകുപ്പു മന്ത്രി എപി അനില്‍കുമാറിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വണ്ടൂര്‍ കാരുണ്യ, ആരോഗ്യ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ വികലാംഗര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണം, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വിതരണം, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, വിവിധ യാത്രപാസുകളുടെ വിതരണം എന്നിവയും നടന്നു.
മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം ഐ ഷാനവാസ് എം പി, ജില്ലാ കലക്ടര്‍ കെ ബിജു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, വി സുധാകരന്‍, ശ്രീദേവി പ്രാക്കുന്ന്, മറിയക്കുട്ടി ടീച്ചര്‍, കെ പി ജല്‍സീമിയ, പി ഖാലിദ് മാസ്റ്റര്‍, വി എം ശൗക്കത്ത്, എം എ റസാഖ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ സിതാര, എന്‍എം ശങ്കരന്‍ നമ്പൂതിരി, സി കെ ജയദേവ്, ആലിപ്പറ്റ ജമീല, പൊറ്റയില്‍ ആയിഷ, സലീമ സലാഹുദ്ദീന്‍, മാലപ്ര ചന്ദ്രന്‍, ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉമറുല്‍ ഫാറൂഖ് നിരവധി പ്രമുഖര്‍ സംബന്ധിച്ചു.