അരീക്കോട്ടെ ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും: ഉമ്മന്‍ചാണ്ടി

Posted on: February 28, 2014 9:12 am | Last updated: February 28, 2014 at 9:12 am

അരീക്കോട്: നിര്‍മാണത്തിലിരിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലള്ള അരീക്കോട്ടെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഇപ്പോള്‍ അനുവദിച്ച പതിനൊന്നര കോടിക്കു പുറമേ ആവശ്യമെങ്കില്‍ ഇനിയും ഫണ്ട് അനുവദിക്കും. സ്റ്റേഡിയം അരീക്കോട്ടുകാര്‍ക്ക് എത്ര മാത്രം പ്രാധാന്യമുള്ളതാണെന്ന് 2012 ല്‍ തറക്കില്ലിടല്‍ കര്‍മ്മത്തിനെത്തിയപ്പോള്‍ ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഫിഫ നിര്‍ദേശിക്കുന്ന ടൂ സ്റ്റാര്‍ നിലവാരത്തിലുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.
വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി മണ്ണിട്ട് നികത്തല്‍, പവലിയന്‍ നിര്‍മാണം എന്നിവയാണ് ഇപ്പോള്‍ നടക്കുന്നത്. ഗ്യാലറി, ടര്‍ഫിംഗ്, പ്രധാന കവാടം, റിംഗ് റോഡ്, വിഐപി കവാടം എന്നിവയാണ് നിര്‍മിക്കുക. നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റിനാണ് നിര്‍മ്മാണ ചുമതല. എ ഐ ഷാനവാസ് എം പി, പി കെ ബഷീര്‍ എം എല്‍ എ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം സ്റ്റേഡിയം സന്ദര്‍ശിച്ചു.