പന്നിയങ്കര റയില്‍വേ മേല്‍പ്പാലം 2015 സെപ്തംബര്‍ 15 നകം

Posted on: February 28, 2014 8:59 am | Last updated: February 28, 2014 at 8:59 am

കോഴിക്കോട്: പന്നിയങ്കരയില്‍ മോണോ റെയിലിന് അനുബന്ധമായി നിര്‍മിക്കുന്ന റയില്‍വേ മേല്‍പ്പാലം 2015 സെപ്തംബര്‍ 15നകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെയും ഉറപ്പ്.

പന്നിയങ്കര സുമംഗലി ഹാളില്‍ നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സംസ്ഥാനം അടിസ്ഥാന സൗകര്യ വികസനത്തില്‍ പുറകോട്ട് പോയതായും ഈ തെറ്റ് തിരുത്താനാണ് കൊച്ചി മെട്രോയും കണ്ണൂര്‍ എയര്‍പ്പോര്‍ട്ടും കോഴിക്കോട് തിരുവനന്തപുരം മോണോറെയിലും അത്യാധുനിക റോഡുകള്‍ക്കും ഈ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മോണോറെയില്‍ ഡി എം ആര്‍ സിയെ ഏല്‍പ്പിച്ചതിനാല്‍ കൃത്യസമയത്ത് പ്രവൃത്തി പൂര്‍ത്തിയാകുമെന്ന് ഉറപ്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡി എം ആര്‍ സിയുടെ പ്രവര്‍ത്തന ശൈലിയനുസരിച്ച് തറക്കല്ലിടല്‍ തുടങ്ങിയതിനൊപ്പം പ്രവൃത്തിയും ആരംഭിക്കുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. എറണാകുളത്തെ നോര്‍ത്ത് ബ്രിഡ്ജ് പൂര്‍ത്തിയാക്കിയ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിനെ കോഴിക്കോട് മോണോ റെയിലിന്റെ പ്രവൃത്തി ഏല്‍പ്പിച്ചതായും ഇ ശ്രീധരന്‍ പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ് അധ്യക്ഷത വഹിച്ചു. മന്ത്രി എം കെ മുനീര്‍, എം കെ രാഘവന്‍ എം പി, എം എല്‍ എമാരായ എ പ്രദീപ് കുമാര്‍, എളമരം കരീം, മേയര്‍ എ കെ പ്രേമജം, ഡി എം ആര്‍ സി ചീഫ് എന്‍ജിനീയര്‍ ജി രാധാകൃഷ്ണന്‍ നായര്‍ സംബന്ധിച്ചു.