നല്ല ബോഗി ഉപയോഗിച്ചില്ലെങ്കില്‍ ക്രിമിനല്‍ കേസെടുക്കും: മനുഷ്യാവകാശ കമ്മീഷന്‍

Posted on: February 26, 2014 12:48 am | Last updated: February 26, 2014 at 12:48 am

തിരുവനന്തപുരം: കേരളത്തിലോടുന്ന ട്രെയിനുകളില്‍ യാത്രാക്ഷമതയുള്ള ബോഗികള്‍ മാത്രം ഉപയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി റെയില്‍വേ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ദീര്‍ഘദൂര ട്രെയിനുകളില്‍ തകരാറിലായ ബോഗികള്‍ ഉപയോഗിക്കുകയാണെങ്കില്‍ റെയില്‍വേ മന്ത്രാലയത്തിലെ ഉന്നതതലം മുതലുള്ള ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.
റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് കെ ജയകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഫെബ്രുവരി രണ്ടിന് കൊച്ചുവേളിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിനിന്റെ ബോഗി ഷണ്ടിംഗിനിടയില്‍ തകര്‍ന്നതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കേരളത്തിലെ ട്രെയിനുകളില്‍ ഉപയോഗിക്കുന്ന 206 ബോഗികള്‍ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്ന് പരാതിയില്‍ പറയുന്നു.
ഭരണഘടനയുടെ 21-ാം അനുച്ഛേദത്തില്‍ പറഞ്ഞ ജീവിക്കാനുള്ള അവകാശം ഏറ്റവും വലിയ മനുഷ്യാവകാശമാണെന്ന് ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു. അപകടത്തില്‍പ്പെടുമ്പോള്‍ നല്‍കുന്ന തുച്ഛമായ നഷ്ടപരിഹാരം ഇതിന് പകരമാകില്ലെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ് റെയില്‍വേ മന്ത്രാലയത്തിനും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും കേന്ദ്ര റെയില്‍വേ സെക്രട്ടറിക്കും അയച്ചതായി കമ്മീഷന്‍ അറിയിച്ചു.