ഒമാനി വിദ്യാലയങ്ങളില്‍ അധ്യാപര്‍ പെരുകുന്നു

Posted on: February 25, 2014 7:03 pm | Last updated: February 25, 2014 at 7:03 pm

Schoolമസ്‌കത്ത്: രാജ്യത്തെ പബ്ലിക് സ്‌കൂളുകലില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം ഓരോ വര്‍ഷത്തിലും ഗണ്യമായ മാറ്റം വരുന്നു. പത്തു വര്‍ത്തിനിടെ അധ്യാപകര്‍ ഇരട്ടിയായപ്പോള്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞു വരുന്നു. ഇപ്പോള്‍ പത്തു വിദ്യാര്‍ഥിക്ക് ഒരു അധ്യാപന്‍ എന്ന നിലയിലാണ് അനുപാതം എത്തി നില്‍ക്കുന്നതെന്ന് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2002ല്‍ 19 വിദ്യാര്‍ഥിക്ക് ഒരു അധ്യാപകന്‍ എന്നാതായിരുന്നു തോത്. എന്നാല്‍ 2012 ആയപ്പോള്‍ ഇത് പത്തു വിദ്യാര്‍ഥിക്ക് ഒരു ടീച്ചര്‍ എന്ന സ്ഥിതിയിലെത്തി. ഓരോ വര്‍ഷവും അധ്യാപകര്‍ വര്‍ധിച്ചു വന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അധികൃതര്‍ ശേഖരിച്ചു വരികയാണ്. 2002ല്‍ 30,000 അധ്യാപകരാണ് രാജ്യത്തെ സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ 2012ല്‍ ഇത് 59,000 ആയി ഉയര്‍ന്നു. അതേസമയം, ഇതേ കാലയളവില്‍ വിദ്യാര്‍ഥികളുടെ എണ്ണം 578,000ല്‍നിന്നും 515,000 ആയി കുറയുകയായിരുന്നു. പത്തു വര്‍ഷത്തെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയതാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ വിദ്യാലയങ്ങളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളാണ് ഈ വളര്‍ച്ചയില്‍ വ്യക്തമാകുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പറയുന്നു. മികച്ച അധ്യാപകരെ ആവശ്യാനുസരണം നല്‍കിയാണ് വിദ്യാലയങ്ങളില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നത്. വിദ്യാഭ്യാസ മേഖലക്കു വേണ്ടി മന്ത്രാലയം പ്രതിവര്‍ഷം ചെലവിടുന്ന തുകയിലും വര്‍ധനവുണ്ടായി. 2002ല്‍ 279.8 ദശലക്ഷം റിയാല്‍ നീക്കി വെച്ചപ്പോള്‍ 2012ല്‍ ഇത് 925.2 ദശലക്ഷം റിയാലാണ് ഉയര്‍ന്നത്. സര്‍ക്കാറിന്റെ ആകെ ബജറ്റ് വിനിയോഗത്തിന്റെ 6.8 ശതമാനവും വിദ്യാഭ്യാസ മേഖലിയിലാണ്. 2012ല്‍ 59 ദശലക്ഷം റിയാല്‍ പുതിയ സ്‌കൂളുകളുടെ നിര്‍മാണത്തിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ ചെലവിട്ടു.
റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് പൊതുവിദ്യാഭ്യാസ സ്‌കൂളുകള്‍ 2002ല്‍ 1,019 ആയിരുന്നത് 2012ല്‍ 1,043 ആയി ഉയര്‍ന്നു. കൂടാതെ മൂന്നു സ്‌പെഷ്യല്‍ സ്‌കൂളുകളും നിലവില്‍ വന്നു. അതേസമയം രാജ്യത്ത് 444 സ്വകാര്യ സ്‌കൂളുകളിലായി 79,000 വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. 39 വിദേശ സ്‌കൂളുകളിലായി 50,000 കുട്ടികളും പഠിക്കുന്നു. ഇതില്‍ 19 ഇന്ത്യന്‍ സ്‌കൂളുകളുണ്ട്. 95 സാക്ഷരതാ കേന്ദ്രങ്ങളില്‍ 10,000 വിദ്യാര്‍ഥികളുണ്ട്. ആറു വൊക്കേഷനല്‍ ട്രൈനിംഗ് സെന്ററുകളില്‍ 3,000 വിദ്യാര്‍ഥികളും പഠിക്കുന്നുണ്ട്.

ALSO READ  സമാധാനത്തിന്റെ സന്ദേശവാഹകന്‍