Connect with us

Malappuram

ഇന്ത്യയില്‍ നാലില്‍ മൂന്ന് തടവുകാരും വിചാരണ കാത്തുകഴിയുന്നവര്‍

Published

|

Last Updated

അരീക്കോട്: നീതിനിര്‍വഹണ സംവിധാനത്തിലെ കാലതാമസം കാരണം വിചാരണത്തടവുകാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന നാലില്‍ മൂന്ന് തടവുകാരും വിചാരണത്തടവുകാരെന്ന് പഠനം. നാഷനല്‍ സോഷ്യല്‍ വാച്ച് പുറത്തുവിട്ട സിറ്റീസണ്‍സ് റിപ്പേര്‍ട്ട് ഓണ്‍ ഗവേണന്‍സ് ആന്‍ഡ് ഡവലപ്‌മെന്റ് 2013 റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്.

2010ല്‍ കേന്ദ്ര നിയമന്ത്രാലയം പുറത്തുവിട്ട രേഖ പ്രകാരം മൂന്ന് ലക്ഷത്തില്‍ പരം തടവുകാരാണ് ഇന്ത്യന്‍ ജയിലുകളിലുള്ളത്. ഇതില്‍ രണ്ട് ലക്ഷം വിചാരണ കാത്തു ജയിലില്‍ കഴിയുന്നവരാണ്. ചെയ്ത കുറ്റകൃത്യങ്ങള്‍ക്കുള്ള പരമാവധി തടവ് ശിക്ഷയേക്കാള്‍ ദൈര്‍ഘ്യമേറിയ കാലയളവ് വിചാരണ തടവില്‍ കഴിയുന്നവരുടെ എണ്ണവും കുറവല്ല. വിചാരണത്തടവുകാരുടെ ബാഹുല്യം കാരണം ജയിലുകളില്‍ താമസിപ്പിക്കാവുന്നതിലും കൂടുതല്‍ പേരെ താമസിപ്പിക്കേണ്ടിവരുന്നതും വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഇരുപത് പേരെ താമസിപ്പിക്കാവുന്ന സ്ഥലത്ത് ശരാശരി മുപ്പത് പേരെ താമസിപ്പിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യന്‍ ജയിലുകളെന്നും റിപ്പോര്‍ട്ട് പറയുന്നു.
2010 ജൂലൈ മാസത്തോടെ രണ്ട് ലക്ഷം തടവുകാരെ മോചിപ്പിക്കുമെന്ന് അന്നത്തെ കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞിരുന്നു. ഈ വാഗ്ദാനം നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വകുപ്പുകളില്‍ യാതൊരു വിശദാംശങ്ങളും ലഭ്യമല്ല. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ ബാഹുല്യം കാരണമാണ് കേസുകള്‍ തീര്‍പ്പാനാകാതെ കുറ്റാരോപിതര്‍ തടവില്‍ തന്നെ കഴിയേണ്ടിവരുന്നത്. 2011 ലെ കണക്കു പ്രകാരം മൂന്ന് കോടി 17 ലക്ഷം കേസുകളാണ് കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ഇവയില്‍ മൂന്നില്‍ രണ്ടും ക്രിമിനല്‍ കേസുകളാണ്. തീര്‍പ്പാക്കപ്പെടുന്ന കേസുകളില്‍ വളരെ കുറച്ചു മാത്രമേ ശിക്ഷിക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 2011ല്‍ തീര്‍പ്പാക്കിയ കേസുകളില്‍ 17 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പട്ടിട്ടുള്ളത്.
കൊലപാതകം, ബലാത്സംഗം, അതിദാരുണമായ അക്രമം. തട്ടിക്കൊണ്ടുപോകല്‍ തുടങ്ങീ അതീവ ഗുരുതരമായ തെറ്റുകള്‍ ചുമത്തെപ്പെടുന്ന കേസുകളില്‍ കേവലം 10 ശതമാനം പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്.

 

Latest