ഇന്ത്യക്കാരുടെ മരണം: വാര്‍ത്തകള്‍ നിഷേധിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി

Posted on: February 21, 2014 9:56 am | Last updated: February 21, 2014 at 9:56 am

india and qatarദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ വിവരങ്ങള്‍ എന്ന പേരില്‍ ഇന്ത്യക്കാരുടെ മരണസംഖ്യയുമായി ബന്ധപ്പെടുത്തി വന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ പത്രക്കുറിപ്പ്. ഇന്ത്യക്കാരുടെ മരണനിരക്ക് സ്വാഭാവിക അളവില്‍ മാത്രമേ ഉള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോകകപ്പ് വേദിയാകാന്‍ പോകുന്ന ഖത്തറിനെതിരെ നടക്കുന്ന കുപ്രചാരണങ്ങളുടെ ഭാഗമാണ് ഇത്തരം പെരുപ്പിച്ച വാര്‍ത്തകള്‍. രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഖത്തറില്‍ 450 ഓളം ഇന്ത്യക്കാര്‍ മരിച്ചുവെന്ന വാര്‍ത്ത, എംബസിയുടെ വിവരാവകാശ നിയമ പ്രകാരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ നിഷേധിച്ചു കൊണ്ടാണ് ഇപ്പോള്‍ എംബസി രംഗത്തു വന്നിരിക്കുന്നത്. അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സിയായ എ എഫ് പി യായിരുന്നു വിവരാവകാശ നിയമപ്രകാരം ലഭ്യമായ പ്രസ്തുത വാര്‍ത്തയുടെ സ്രോതസ്സ്. എ എഫ് പി വാര്‍ത്തയോട് പ്രതികരിച്ച എംബസി അധികൃതര്‍ ഇന്ത്യന്‍ എംബസിയും ഖത്തറും തമ്മില്‍ മികച്ച രീതിയിലുള്ള ബന്ധമാണ് നിലനില്‍ക്കുന്നതെന്ന് പ്രസ്താവിച്ചു.