Connect with us

Ongoing News

കെ എസ് ആര്‍ ടി സിയില്‍ 25 രൂപക്ക് മുകളില്‍ യാത്രാ ടിക്കറ്റിന് പെന്‍ഷന്‍ സെസ്

Published

|

Last Updated

തിരുവനന്തപുരം: പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സിയെ കരകയറ്റാന്‍ സമര്‍പ്പിച്ച പുനരുദ്ധാരണ പാക്കേജിന് അംഗീകാരം. ജീവനക്കാരുടെ അനുപാതം കുറക്കാനും യാത്രാ ടിക്കറ്റില്‍ പെന്‍ഷന്‍ സെസ് ഏര്‍പ്പെടുത്താനും ശിപാര്‍ശ ചെയ്യുന്ന പുനരുദ്ധാരണ പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. 25 രൂപക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്കായിരിക്കും പെന്‍ഷന്‍ സെസ് ഏര്‍പ്പെടുത്തുക. എല്‍ ഐ സിയുമായി ചേര്‍ന്ന് പെന്‍ഷനക്കമുള്ള പ്രതിമാസ ബാധ്യത പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും പാക്കേജ് മുന്നോട്ട് വെക്കുന്നു. പെന്‍ഷന്‍ നല്‍കാനായി പ്രതിമാസം 37 കോടി രൂപയാണ് വേണ്ടിവരുന്നത്.
കെ എസ് ആര്‍ ടി സി 14.5 ശതമാനം പലിശനിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് കെ ടി ഡി എഫ് സിക്ക് കൊടുത്തു തീര്‍ക്കാനുള്ള 1,300 കോടി രൂപയുടെ വായ്പ ഏറ്റെടുക്കാന്‍ എല്‍ ഐ സിയുമായി തത്വത്തില്‍ ധാരണയായി. നിലവില്‍ 40 കോടി രൂപയാണ് പ്രതിമാസം വായ്പയിനത്തിലെ തിരിച്ചടവ്. പുനരുദ്ധാരണ പദ്ധതി പ്രകാരം എല്‍ ഐ സി 10 ശതമാനം പലിശ നിരക്കില്‍ 15 വര്‍ഷം കൊണ്ട് വായ്പ കൊടുത്തു തീര്‍ക്കാമെന്നാണ് ധാരണ. ഈ അടിസ്ഥാനത്തില്‍ പ്രതിമാസം 15 കോടി ലാഭിക്കാനാകും. പെന്‍ഷന്‍ നഷ്ടം നികത്താനായി കെ എസ് ആര്‍ ടി സി എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ട് ട്രസ്റ്റ് രൂപവത്കരിക്കാനും പാക്കേജ് വ്യവസ്ഥ ചെയ്യുന്നു.
നിലവില്‍ ഒരുബസിന് 7.8 ജീവനക്കാരാണ് ഉള്ളത.് ഇത് ഇത് ദേശീയ ശരാശരിയായ 5.5 ആക്കാനാണ് ശിപാര്‍ശ. 35,828 ജീവനക്കാരാണ് കോര്‍പ്പറേഷന്റെ കീഴില്‍ ജോലി ചെയ്യുന്നത്. ഷെഡ്യൂളിലുള്ള അധികം ജീവനക്കാരെ ഒഴിവാക്കി കൂടുതല്‍ സമയത്തെ ജോലിക്ക് കൂടുതല്‍ പണം നല്‍കും. രണ്ട് മാസത്തിനുള്ള വിശദമായ പദ്ധതി കോര്‍പ്പറേഷന്‍ സര്‍ക്കാറിന് സമര്‍പ്പിക്കണം. വിരമിച്ച ജീവനക്കാരുടെ സൗജന്യ യാത്രാ പാസ് പ്രധാന ബാധ്യതയായാണ് വിലയിരുത്തിയിട്ടുള്ളത്. ഇത് നിയന്ത്രിച്ചാല്‍ തന്നെ കോര്‍പ്പറേഷന്റെ ബാധ്യത കുറയുമെന്ന കണ്ടെത്തലുമുണ്ട്. ഓര്‍ഡിനറി റൂട്ടുകള്‍ പരിമിതപ്പെടുത്തണമെന്നും പാക്കേജില്‍ ചൂണ്ടിക്കാട്ടുന്നു. റൂട്ട് നിര്‍ണയം ശാസ്ത്രീയമായ പഠനം നടത്തി നിര്‍ണയിക്കണം. പാസ് നിയന്ത്രിക്കാനുള്ള ചുമതല ഡയറക്ടര്‍ ബോര്‍ഡിന് നല്‍കി. 2012-13 ലെ കണക്കനുസരിച്ച് കെ എസ് ആര്‍ ടി സിക്ക് 495.89 കോടിയുടെ നഷ്ടമാണുണ്ടായത്. ശമ്പളത്തിനും പെന്‍ഷനും മാത്രം 1003 കോടിയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ചെലവിട്ടത്. പ്രവര്‍ത്തനച്ചെലവിലുള്ള വര്‍ധന, ഉയര്‍ന്ന പെന്‍ഷന്‍ചെലവ്, പലിശ തിരിച്ചടവിലെ വര്‍ധന, ലാഭകരമല്ലാത്ത റൂട്ടുകളിലെ സര്‍വീസ്, സൗജന്യ യാത്ര എന്നിവയാണ് കോര്‍പ്പറേഷന്റെ നഷ്ടം വര്‍ധിക്കാനുള്ള കാരണമായി വിലയിരുത്തുന്നത്. കെ എസ് ആര്‍ ടി സിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി എം എല്‍ എമാരുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് പുതിയ ബസുകള്‍ വാങ്ങുന്ന പദ്ധതിയും കോര്‍പ്പറേഷന്റെ പരിഗണനയിലുണ്ട്.

---- facebook comment plugin here -----

Latest