‘ആത്മവിശ്വാസമില്ലായ്മ ജീവിതവിജയത്തിനു തടസം’

Posted on: February 18, 2014 6:30 pm | Last updated: February 18, 2014 at 6:56 pm

അബുദാബി: ഉന്നത ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്ത് തൊഴില്‍ ലഭിക്കാതെ നിരാശരാകുന്ന യുവതലമുറ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്നും അവരുടെ പരാജയ കാരണം ആത്മവിശ്വാസമില്ലായ്മയാണെന്നും പ്രശസ്ത മന:ശാസ്ത്ര വിദഗ്ധ ഡോ. താരകാ റാണി.
യുവകലാസാഹിതി അബുദാബി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ “ആത്മവിശ്വാസവും ജീവിതവിജയവും’ എന്ന വിഷയത്തെ ആസ്പദമാക്കി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
ആത്മവിശ്വാസമെന്നാല്‍ അവനവന്‍ ആര്‍ജ്ജിച്ചെടുക്കേണ്ട ഒന്നാണ്. മറ്റൊരാളില്‍ നിന്ന് പകര്‍ന്നുനല്‍കുവാനോ വേറെയൊരാളിലേയ്ക്ക് കുത്തിവെയ്ക്കാനോ കഴിയുന്ന ഒന്നല്ല. നാം എത്രമാത്രം ആത്മവിശ്വാസം നേടിയെടുക്കുന്നുവോ അത്രമാത്രം ജീവിതവിജയവും നേടിയെടുക്കാന്‍ കഴിയും. അവര്‍ തുടര്‍ന്ന് പറഞ്ഞു.
യുവകലാ സാഹിതി വനിതാ വിഭാഗം കണ്‍വീനര്‍ പ്രിയാ ശശീധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാറില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് സിന്ധു ജി നമ്പൂതിരി (കണ്‍വീനര്‍, കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം), സുധ സുധീര്‍ (ജോ. കണ്‍വീനര്‍, ശക്തി തിയറ്റേഴ്‌സ് വനിതാ വിഭാഗം), സായിദ മെഹബൂബ് (കണ്‍വീനര്‍, കല അബുദാബി വനിതാ വിഭാഗം) സംസാരിച്ചു. ചടങ്ങില്‍ യുവകലാ സാഹിതി വനിതാ വിഭാഗം ജോ. കണ്‍വീനര്‍മാരായ ലിഖിത റഈസ് സ്വാഗതവും ശൈലജ പ്രേംലാല്‍ നന്ദിയും പറഞ്ഞു.
ഭരത് മുരളി നാടകോത്സവത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ദേവി അനില്‍ ഉള്‍പ്പെടെ യുവകലാസാഹിതി അവതരിപ്പിച്ച മധ്യധരണ്യാഴി’ എന്ന നാടകത്തില്‍ അഭിനയിച്ച എല്ലാ കാലാകാരന്മാരേയും കലാകാരികളേയും ചടങ്ങില്‍ ആദരിച്ചു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം യു വാസുവും യുവകലാസാഹിതി ഭാരവാഹികളും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.