അബുദാബി രാജ്യാന്തര പുസ്തകമേള ഏപ്രില്‍ 30 മുതല്‍

Posted on: February 17, 2014 9:25 pm | Last updated: February 17, 2014 at 9:25 pm
Jasem Al Darmaki and Max Bjuhr signing the MOU
അബുദാബി ടൂറിസം കള്‍ച്ചര്‍ അതോറിറ്റിയും സ്വീഡന്‍
സ്ഥാനപതികാര്യാലയവും കരാര്‍ ഒപ്പുവെക്കുന്നു

അബുദാബി: അബുദാബി രാജ്യാന്തര പുസ്തകമേളയുടെ ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് ഔദ്യോഗിക പ്രഖ്യാപനമായി. ഇന്നലെ അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ച് വരെ അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലാണ് മേളയെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുസ്തകമേളയുടെ 24 ാമത് പതിപ്പാണ് ഈ വര്‍ഷം നടക്കുക. സ്വീഡനാണ് അതിഥി രാജ്യം. ഇതിന്റെ ഭാഗമായി സ്വീഡനില്‍ നിന്നുള്ള ധാരാളം പ്രസാധകര്‍ സംബന്ധിക്കും. വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. 96 ചതുരശ്ര മീറ്ററിലാണ് സ്വീഡന്റെ പവലിയനുകള്‍ ഉണ്ടാവുക. നിരവധി എഴുത്തുകാരും പ്രശസ്തരും സ്വീഡനില്‍ നിന്നും എത്തും.
അന്താരാഷ്ട്ര തലത്തിലും മേഖലയിലും ശ്രദ്ധേയമായ ഇടം നേടിയെടുത്ത അബുദാബി രാജ്യാന്തര പുസ്തകമേളയില്‍ ഇത്തവണ കൂടുതല്‍ രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടാകും. 1,050 പ്രസാധകരാണ് ഈ വര്‍ഷം എത്തുക. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. പുസ്തകമേളയോടനുബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന സാംസ്‌കാരിക പരിപാടികളും നടക്കും. ടൂറിസം കള്‍ച്ചര്‍ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ജാസിം അല്‍ ദര്‍മകി, സ്വീഡന്‍ സ്ഥാനപതി മാക്‌സ് ബുജര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ALSO READ  സഊദി ഈസ്റ്റ് നാഷണൽ സാഹിത്യോത്സവ്: ബ്രോഷർ പ്രകാശനം ചെയ്തു