Connect with us

International

വിദ്യാര്‍ഥി പ്രക്ഷോഭം: വെനിസ്വേലയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം

Published

|

Last Updated

കരാകസ്: സര്‍ക്കാറിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ വെനിസ്വേലയില്‍ കനത്ത ഏറ്റുമുട്ടല്‍. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരും സര്‍ക്കാര്‍ അനുകൂലികളും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടലുണ്ടായി. അക്രമാസക്തരായ പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു. വെനിസ്വേലയില്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തെ എതിര്‍ത്ത് ആയിരങ്ങളാണ് ഇന്നലെ തെരുവിലിറങ്ങിയത്. അതേസമയം, അറസ്റ്റ് ചെയ്ത പ്രക്ഷോഭകരെ വിട്ടയച്ചിട്ടും നിരവധി വിദ്യാര്‍ഥികള്‍ കൂറ്റന്‍ പ്രകടനവുമായി രംഗത്തെത്തി.
എണ്ണയാല്‍ രാജ്യം സമ്പന്നമാണെങ്കിലും ജനങ്ങള്‍ ദരിദ്രരായി ജീവിക്കുകയാണെന്നും പണപ്പെരുപ്പവും അഴിമതിയും വര്‍ധിക്കുകയാണെന്നും ആരോപിച്ച് നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച മൂന്ന് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടിരുന്നു. നൂറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിച്ചത്. പ്രക്ഷോഭം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെ പ്രക്ഷോഭകര്‍ കൂടുതല്‍ പ്രകോപിതരാകുകയായിരുന്നു.
എന്നാല്‍, നിയമ വിരുദ്ധമായി നടക്കുന്ന പ്രക്ഷോഭം എന്തുവിലകൊടുത്തും നേരിടുമെന്ന് പ്രസിഡന്റ് നിക്കോളസ് മദുറോ വ്യക്തമാക്കി. പ്രക്ഷോഭത്തിന് പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ പങ്ക് വ്യക്തമാണെന്നും ശക്തമായ നടപടിതന്നെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അനുകൂലികളോട് സമാധാനപരമായി പ്രകടനം നടത്താനും മദുറോ ആവശ്യപ്പെട്ടു.