Connect with us

Kerala

ബലാത്സംഗം നടന്നതിന് തെളിവില്ലെന്ന് ഐ ജി

Published

|

Last Updated

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ബലാത്സംഗം ചെയ്തതിന് തെളിവില്ലെന്ന് ഐ ജി. എസ് ഗോപിനാഥ്. ജനനേന്ദ്രിയത്തില്‍ കണ്ടെന്ന് പറയുന്ന മുറിവുകള്‍ കൊല നടത്തുന്ന സമയത്ത് മാറാല തട്ടുന്ന ബ്രഷിന്റെ പിടി ഉപയോഗിച്ച് ഇടിച്ചപ്പോള്‍ ഉണ്ടായതാണ്. ഇതിനായി ഉപയോഗിച്ച പ്ലാസ്റ്റിക് മാറാലതട്ടി കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
യഥാര്‍ഥ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കണമെങ്കില്‍ രാസപരിശോധന റിപ്പോര്‍ട്ട് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മൃതദേഹം അഞ്ച് ദിവസം വെള്ളത്തില്‍ കിടന്നതിനാല്‍ രാസപരിശോധനയില്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാനിടയില്ലെന്നും ഐ ജി പറഞ്ഞു. രാധയുടെ വായ മാസ്‌കിംഗ് ടാപ് കൊണ്ട് മൂടി കഴുത്ത് ഞെരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. റിപ്പോര്‍ട്ട് ഇന്നലെ കേസന്വേഷണ ചുമതലയുള്ള തൃശൂര്‍ റേഞ്ച് ഐ ജി എസ് ഗോപിനാഥിന് കൈമാറി.
അതേസമയം, കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് ഐ ജി വ്യക്തമാക്കി. നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടിക്കപ്പെട്ട രണ്ട് പേരെ മാത്രമാണ് പ്രതികളായി ചേര്‍ത്തിട്ടുള്ളതെങ്കിലും കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 69 സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും പ്രതിയായ ബിജുവിന്റെയും രാധയുടെയും ഫോണ്‍ കോളുകള്‍ വിശദമായി പരിശോധിക്കുമെന്നും ഐ ജി പറഞ്ഞു.
ഒന്നാം പ്രതിയും ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായ വി കെ ബിജുവിന് രാധയോടുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമായതെന്നാണ് പോലീസ് പറയുന്നത്. അവിഹിത ബന്ധം പുറത്തറിയുമെന്നതും ഇത് കുടുംബ പ്രശ്‌നത്തിന് ഇടയാക്കുമെന്നതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
ബിജുവിനോടുള്ള സൗഹൃദത്തെ തുടര്‍ന്നാണ് രണ്ടാം പ്രതിയായ ചുള്ളിയോട് ഉണ്ണിക്കുളം കുന്നശ്ശേരി ശംസുദ്ദീന്‍ കൊലപാതകത്തില്‍ പങ്കാളിയായത്. ഇവര്‍ ഒരുമിച്ചുള്ള യാത്രക്കിടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഈ മാസം ഒന്ന് മുതല്‍ ഗൂഢാലോചന നടത്തിയതായും സംഭവം നടന്നതിന്റെ തലേ ദിവസമാണ് അന്തിമ രൂപം നല്‍കിയതെന്നുമാണ് പ്രതികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. കൊലപാതകത്തിനു ശേഷം രാത്രിയാണ് ഇരുവരും ചേര്‍ന്ന് മൃതദേഹം കുളത്തില്‍ താഴ്ത്തിയതെന്നും മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ കുളത്തിലേക്കുള്ള യഥാര്‍ഥ വഴി ഉപയോഗിച്ചിട്ടില്ല.

 

Latest