കേരള രക്ഷാ മാര്‍ച്ച് നാളെ പാലക്കാട്ട് പര്യടനം തുടങ്ങും

Posted on: February 15, 2014 10:50 am | Last updated: February 15, 2014 at 10:50 am

പാലക്കാട്: ‘മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ച് നാളെ മുതല്‍ ജില്ലയില്‍ പര്യടനം നടത്തും. ഞായറാഴ്ച രാവിലെ തൃശൂര്‍-പാലക്കാട് ജില്ലാ അതിര്‍ത്തിയായ പ്ലാഴിയില്‍നിന്നാണ് പാലക്കാട്ടേക്കു വരവേല്‍ക്കുക.
രണ്ട്ദിവസം ജില്ലയില്‍ പര്യടനംനടത്തിയ ശേഷം 18ന് തൃത്താല മണ്ഡലത്തിലെ കൂറ്റനാട്ടെ സ്വീകരണത്തിനുശേഷം പടിഞ്ഞാറങ്ങാടി വഴി മലപ്പുറം ജില്ലയിലേക്കു പ്രവേശിക്കും.
ജില്ലാ അതിര്‍ത്തിയായ പ്ലാഴിയില്‍നിന്ന് രാവിലെ ഒമ്പതിന് സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ആളുകള്‍ ചേര്‍ന്ന് ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു വരവേല്‍ക്കും. തുടര്‍ന്ന് ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെ ആദ്യ സ്വീകരണകേന്ദ്രമായ വടക്കഞ്ചേരി മന്ദമൈതാനിയിലേക്ക്ആനയിക്കും. ഇരുചക്ര വാഹനങ്ങളടക്കമുള്ള വാഹനവ്യൂഹം മാര്‍ച്ചിനെ അനുഗമിക്കും.
ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലാണ് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സ്വീകരണംനടക്കുക. ഓരോ കേന്ദ്രങ്ങളിലും വാദ്യഘോഷങ്ങളോടെ നേതാക്കളെ വരവേല്‍ക്കും. വൈവിധ്യമാര്‍ന്ന നാടന്‍കലകള്‍ പരിപാടിയെ വര്‍ണാഭമാക്കും.
സാമൂഹ്യ സാംസ്‌കാരികമേഖലയിലെ പ്രമുഖര്‍, കലാകാരന്മാര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യം സദസ്സുകളിലും വേദികളിലുമുണ്ടാകും. രക്തസാക്ഷികുടുംബങ്ങളെ ചടങ്ങില്‍ ആദരിക്കും. വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, വര്‍ഗീയതയെ ചെറുക്കുക, സോളാര്‍തട്ടിപ്പിന് സ്വന്തംഓഫീസ് തുറന്നുകൊടുത്ത മുഖ്യമന്ത്രി രാജിവയ്ക്കുക, അഴിമതി തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി ഒന്നിന് വയലാറില്‍നിന്ന് ആരംഭിച്ച കേരള രക്ഷാമാര്‍ച്ച് 26ന് കോഴിക്കോട്ട് സമാപിക്കും. പിണറായി വിജയനുപുറമേ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബി ജോണ്‍ എന്നിവരും ജാഥാംഗങ്ങളാണ്. 16ന് രാവിലെ 10: വടക്കഞ്ചേരി മന്ദമൈതാനം(തരൂര്‍ മണ്ഡലം), പകല്‍11: ആലത്തൂര്‍ ദേശീയ മൈതാനം, മൂന്നിന് നെന്മാറ പഞ്ചായത്ത് പാര്‍ക്ക് മൈതാനം. വൈകിട്ട് 4.30: ചിറ്റൂര്‍ അണിക്കോട് ജങ്ഷന്‍, സമാപനം 6.30: പാലക്കാട് കോട്ടമൈതാനം. 17ന്‌രാവിലെ 10: കോങ്ങാട് ബസ് സ്റ്റാന്‍ഡ്, പകല്‍ 11.30: മണ്ണാര്‍ക്കാട് ടൗണ്‍, മൂന്നിന് ഒറ്റപ്പാലം മായന്നൂര്‍ പാലത്തിനുസമീപം, വൈകിട്ട് 4.30: ചെര്‍പ്പുളശേരി ടൗണ്‍(ഷൊര്‍ണൂര്‍ മണ്ഡലം), സമാപനം ആറിന്് മേലെ പട്ടാമ്പി-പെരിന്തല്‍മണ്ണ റോഡ്. (പട്ടാമ്പിമണ്ഡലം). 18ന് രാവിലെ 10 കൂറ്റനാട് ബസ് സ്റ്റാന്‍ഡ്(തൃത്താല മണ്ഡലം).