ന്യൂനപക്ഷ പിന്നാക്ക കൂട്ടായ്മയുണ്ടാക്കി മത്സരിക്കാന്‍ ഐ എന്‍ എല്‍

Posted on: February 15, 2014 12:30 am | Last updated: February 15, 2014 at 12:50 am

കണ്ണൂര്‍: ഇടതുമുന്നണിയില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ പിന്നാക്ക-ന്യൂനപക്ഷ കൂട്ടായ്മക്ക് ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപം നല്‍കുന്നു.
ഇതിന്റെ ഭാഗമായി എസ് എന്‍ ഡി പി ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. നരേന്ദ്ര മോദിയുമായി വേദി പങ്കിട്ട വിഷയം വെള്ളാപ്പള്ളിയുമായി ഉണ്ടാക്കുന്ന ബന്ധത്തിന് ഉലച്ചിലുണ്ടാക്കിയിരുന്നുവെങ്കിലും നേതാക്കള്‍ക്ക് ഇതു സംബന്ധിച്ച് വെള്ളാപ്പള്ളി വ്യക്തമായ വിശദീകരണം നല്‍കിയതോടെ തടസ്സം നീങ്ങിയിട്ടുണ്ട്.
എസ് എന്‍ ഡി പി നേതാക്കളുടെ അനുവാദത്തോടെ രൂപവത്കരിക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ സജീവമാകുമെന്നാണ് സൂചന. ആദ്യ ഘട്ടത്തില്‍ എസ് എന്‍ ഡി പി നേതൃ സ്ഥാനത്തുള്ളവര്‍ പാര്‍ട്ടിയുടെ നേതൃ രംഗത്തുണ്ടാകില്ലെങ്കിലും പിന്നീട് കടന്നുവരാന്‍ സാധ്യതയുണ്ട്.
എസ് എന്‍ ഡി പിക്ക് പുറമെ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, വെല്‍ഫയര്‍പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, കേരള പുലയര്‍ മഹാസഭ , ആദിവാസി സംഘടനകള്‍ തുടങ്ങി ഇപ്പോള്‍ ഒരു മുന്നണിയിലും ഉള്‍പ്പെടാത്ത പാര്‍ട്ടികളും പിന്നാക്ക-ദലിത് സംഘടനകളുമാണ് കൂട്ടായ്മയില്‍ ഉദ്ദേശിക്കുന്നത്. വര്‍ഷങ്ങളായി എല്‍ ഡി എഫില്‍ ഘടകക്ഷിയാകാന്‍ കത്ത് നല്‍കി കാത്തിരിക്കുന്ന ഫോര്‍വേര്‍ഡ് ബ്ലോക്കുമായും ഐ എന്‍ എല്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.
ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയെയും നേതാക്കള്‍ കണ്ടിരുന്നു. റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പോലുള്ള സംഘടനകളുമായും ചര്‍ച്ച നടത്തും. എസ് ഡി പി ഐയെ പിന്നാക്ക മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ നേതാക്കള്‍ക്ക് താത്പര്യമില്ല.
ജമാഅത്തെ ഇസ്‌ലാമിയുടെ ആശയം നടപ്പാക്കുന്നതിനാല്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഹകരണത്തിലും അഭിപ്രായവ്യത്യാസമുണ്ട്. പിന്നാക്ക ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മാസം നാലിന് കോഴിക്കോട്ട് പിന്നാക്ക, ന്യൂനപക്ഷ രാഷ്ട്രീയ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ പിന്നാക്ക ന്യൂനപക്ഷ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഐ എന്‍ എല്ലിന്റെ കരുത്ത് തെളിയിക്കുന്ന സമ്മേളനം കൂടിയാകുമിത്. ഐ എന്‍ എല്ലിനെ ഘടകകക്ഷിയാക്കുന്ന കാര്യത്തില്‍ ഇടതുമുന്നണിയുടെ തീരുമാനം നീണ്ടുപോകുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്. 20 വര്‍ഷത്തിലേറെയായി ഇടതുമുന്നണിയുമായി സഹകരിച്ചിട്ടും ഘടകക്ഷിയാക്കണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല. ഏറ്റവും ഒടുവില്‍ പിണറായി വിജയന്റെ കേരള രക്ഷായാത്രക്ക് ശേഷം തീരുമാനമെടുക്കുമെന്നാണ് സി പി എം നേതൃത്വത്തില്‍ നിന്ന് ലഭിച്ച മറുപടി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്തുണ നല്‍കണമെങ്കില്‍ ഐ എന്‍ എല്ലിനെ ഘടകകക്ഷിയാക്കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇനിയും പുറത്തു നിന്ന് പിന്താങ്ങാനാകില്ല. അല്ലെങ്കില്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പെങ്കിലും വേണം. ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ല. ഐ എന്‍ എല്ലിന്റെ ഒരു മുതിര്‍ന്ന നേതാവ് ‘സിറാജി’ നോട് പറഞ്ഞു.ഇടതുമുന്നണിയില്‍ ഘടകകക്ഷിയാക്കിയില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്നാക്ക-ന്യൂനപക്ഷ കൂട്ടായ്മയുടെ ബാനറില്‍ ഐ എന്‍ എല്‍ മത്സരിക്കുമെന്നാണ് സൂചന.