Connect with us

Gulf

ഹാക്കര്‍മാരെ പ്രോസിക്യൂട്ട് ചെയ്യും

Published

|

Last Updated

ദുബൈ: പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്തവരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ദുബൈ പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു എക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ട്വിറ്റര്‍ എക്കൗണ്ടിനൊപ്പം ടംബ്ലര്‍, പിന്റ്‌റസ്റ്റ്, ലൈക്ക്ഡിന്‍ എക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ രണ്ടു മണിക്കൂറിനകം എക്കൗണ്ടുകള്‍ സാധാരണ നിലയിലാക്കാന്‍ പോലീസിന്റെ ഐ ടി വിഭാഗത്തിന് സാധിച്ചിരുന്നു. ഏഷ്യക്കാരായ ഹാക്കര്‍മാരെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമിസ് മത്തര്‍ അല്‍ മസീന വ്യക്കമാക്കി.
പോലീസിന്റെ എക്കൗണ്ടിനൊപ്പം മറ്റ് പല സംഘടനകളുടെ എക്കൗണ്ടുകളും സംഘം ഹാക്ക് ചെയ്തിട്ടുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സംവിധാനത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തിയാണ് എക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്കേഴ്‌സിനെതിരെ നിയമ നടപടി സ്വീകരിക്കും. ഹാക്കര്‍മാര്‍ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടില്‍ സ്വന്തം സന്ദേശങ്ങളും കയറ്റിയിരുന്നു. ഇത്തരം ഹാക്കര്‍മാരെ അകറ്റി നിര്‍ത്താന്‍ കൂടുതല്‍ ജാഗ്രത പാലിക്കും. പോലീസിന്റെ എക്കൗണ്ടുകള്‍ക്ക് ഉയര്‍ന്ന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും പോലീസ് മേധാവി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് സ്വാഭാവികമാണെങ്കിലും യു എ ഇയില്‍ നിന്നും വളരെ അപൂര്‍വമായേ ഇത്തരം വാര്‍ത്തകള്‍ വന്നിരുന്നുള്ളൂ. 2.6 ലക്ഷം ഫോളോവേഴ്‌സുള്ള പോലീസിന്റെ ട്വിറ്റര്‍ എക്കൗണ്ടില്‍ പോലീസും ഗതാഗതവും ഉള്‍പ്പെടെയുള്ളവയെക്കുറിച്ചുള്ള വാര്‍ത്തകളും ജാഗ്രതാ നിര്‍ദേശങ്ങളുമെല്ലാം അടിക്കടി നല്‍കുമായിരുന്നു. ഗതാഗത തടസങ്ങള്‍ അറിയാനും ഏതെങ്കിലും റോഡില്‍ അപകടം സംഭവിച്ചത് ഉടന്‍ അറിയാനുമെല്ലാം നഗരവാസികള്‍ക്ക് അനുഗ്രഹമാണ് ഈ എക്കൗണ്ട്.