നിലമ്പൂരില്‍ യുവതിയെ കൊന്ന് ചാക്കില്‍ കെട്ടിയ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

Posted on: February 10, 2014 11:11 pm | Last updated: February 11, 2014 at 1:51 pm
nilambur murder radha convict biju & shamsudhin
കൊല്ലപ്പെട്ട രാധയും അറസ്റ്റിലായ പ്രതികളും

മലപ്പുറം: നിലമ്പൂരില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ബിജു നായര്‍, ഷംസുദീന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബിജു നായര്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയാണ്.

നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായ, നിലമ്പൂര്‍ കോവിലകത്ത് മുറി സ്വദേശിനി ചിറക്കല്‍ രാധ(29)യുടെ മൃതദേഹമാണ് ചാക്കില്‍കെട്ടിയ നിലയില്‍ കുളത്തില്‍ കണ്ടെത്തിയത്. അറസ്റ്റിലായവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ബിജുവിന്റെ അവിഹിതബന്ധം പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തി രാധ ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്നു രാധയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. കോണ്‍ഗ്രസ് ഓഫീസിലാണ് കൊലപാതകം നടന്നത്.

ഉണ്ണികുളം പഴയ പഞ്ചായത്ത് കുളത്തിലാണ് ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹം ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് കണ്ടെത്തിയത്. ജനസഞ്ചാരമില്ലാത്ത പ്രദേശമാണിത്. ജലസേചനത്തിനുള്ള പമ്പ് സെറ്റ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. അഞ്ചാം തിയതി മുതല്‍ നിലമ്പൂരില്‍ നിന്ന് രാധയെ കാണാനില്ലെന്ന പരാതിയുണ്ടായിരുന്നു. നിലമ്പൂര്‍ എസ് ഐ സുനില്‍ പുളിക്കല്‍, പൂക്കോട്ടുംപാടം സ്‌റ്റേഷനിലെ എസ് ഐമാരായ കെ ടി റോയ്, കൃഷ്ണകുമാര്‍, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.