സുവ നിയമം: ഇറ്റലിയുടെ ഹരജികള്‍ 18 ന് പരിഗണിക്കും

Posted on: February 10, 2014 8:45 am | Last updated: February 11, 2014 at 9:02 am

italian-marines-fishermen-k

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികള്‍ക്കെതിരെ സുവ നിയമമനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തുന്നതിനെതിരെ ഇറ്റലി സമര്‍ച്ചിച്ച രണ്ട് ഹരജികള്‍ സുപ്രീം കോടതി ഈ മാസം 18ന് പരിഗണിക്കും.
കൊല്ലം തീരത്തോടടുത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ മാസ്സിമിലിയാനോ ലാതോര്‍, സാല്‍വതോറ ഗിറോണ്‍ എന്നിവര്‍ക്കെതിരെ വധശിക്ഷ വരെ ലഭിക്കുന്ന സുവ നിയമം ചുമത്തണമെന്നാണ് കേസന്വേഷിക്കുന്ന എന്‍ ഐ എ ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം സുവ ചുമത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ നിയമ, വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മിലുള്ള വടംവലി തുടരുകയാണ്. ഇതിനിടക്കാണ് അടുത്ത ചൊവ്വാഴ്ച സുപ്രീം കോടതി ഇക്കാര്യത്തില്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത്. സുവ നിയമം ചുമത്തുന്നതിനെ കുറിച്ച് നേരത്തെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം തേടിയിരുന്നു.
അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ് സംഭവം നടന്നതെന്നും കടല്‍ക്കൊള്ളക്കാരാണെന്ന് കരുതിയാണ് നാവികര്‍ വെടിയുതിര്‍ത്തതെന്നും ഇറ്റലിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ വാദിക്കും.
സപ്രഷന്‍ ഓഫ് അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് ആക്ട്(സുവ ആക്ട്) പ്രകാരം കുറ്റങ്ങള്‍ ചുമത്താനുള്ള ഒരു സാധ്യതയും കേസിലില്ലെന്ന് ഇറ്റാലിയന്‍ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തൂറ പറഞ്ഞു