കൃഷിയിടങ്ങളില്‍ വെള്ളം കയറി വ്യാപക നാശനഷ്ടം

Posted on: February 7, 2014 4:54 pm | Last updated: February 7, 2014 at 4:54 pm

മാവൂര്‍: കൃഷിയിടങ്ങളിലേക്ക് അമിത ജലം വരുന്നത് തടയാന്‍ ആഴംകുളം വാലുമ്മലില്‍ നിര്‍മിച്ച തടയണ നോക്കുകുത്തിയായതോടെ വെള്ളം കയറി കൃഷിയിടങ്ങളില്‍ വ്യാപകനാശം.
ആഴംകുളം, പള്ളിയോള്‍, കണ്ണിപ്പറമ്പ, മാവൂര്‍ പാടം തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലാണ് വന്‍ തോതില്‍ കൃഷിനാശം ഉണ്ടായത്. ചാലിയാറിലെ കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ താഴ്ത്തിയതോടെ പുഴയില്‍ ക്രമാതീതമായി ഉയര്‍ന്ന ജലവിതാനം കല്‍പ്പള്ളി കണ്ണിപ്പറമ്പ് തോട് വഴി പാടശഖരങ്ങളിലേക്ക് എത്തുകയായിരുന്നു.
ഇത് തടയാന്‍ ലക്ഷങ്ങള്‍ മുടക്കി വാലുമ്മല്‍ പ്രദേശത്ത് നിര്‍മിച്ച തടയണ ഭാഗികമായി തകര്‍ന്നതോടെയാണ് വെള്ളം ഒഴുകി എത്തി കൃഷിയിടങ്ങള്‍ നശിക്കാന്‍ ഇടയായത്.
തടയണയുടെ പലകകള്‍ മോഷണം പോകുകയും തോട്ടില്‍ ചെളിയും ആഫ്രിക്കന്‍പായലും നിറഞ്ഞ് ഒഴുക്ക് നിലക്കുകയും ചെയ്തതാണ് കര്‍ഷകര്‍ക്ക് വിനയായത്.