കെ കെ രമയെ പിന്തുണച്ച് മുഖ്യമന്ത്രിക്ക് വി എസിന്റെ കത്ത്

Posted on: February 7, 2014 2:33 pm | Last updated: February 7, 2014 at 2:33 pm

vs-ramaതിരുവനന്തപുരം: കെ.കെ രമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. ടി.പി വധത്തിന് പിന്നില്‍ രാജ്യാന്തരബന്ധം പോലും ഉണ്ടെന്ന് വി.എസ് ആരോപിച്ചു. എന്നാല്‍ സിബിഐ അന്വേഷണ ആവശ്യം കത്തില്‍ ഉന്നയിച്ചിട്ടില്ല. ടി പി വധക്കേസില്‍ കെ കെ രമയുടെ ആവശ്യങ്ങളെ പിന്തുണച്ചും വിഷയത്തിലെ സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിച്ചുമാണ് വി എസ് ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കിയിരിക്കുന്നത്. കത്ത് കിട്ടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ടി പി വധത്തില്‍ ഉന്നതര്‍ ഇടപെട്ട ഗൂഢാലോചന നടന്നതായി രമ നേരത്തെ സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്. സമാന അഭിപ്രായം കേസിന്റെ വിചാരണവേളയില്‍ പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര ബന്ധമുണ്ടെന്ന് കരുതുന്ന കള്ളക്കടത്ത് സംഘത്തിന് പോലും ടി പി വധക്കേസുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്നും കത്തില് വിഎസ് ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി അന്വേഷിക്കാത്തതിലുള്ള പ്രതിഷേധം വി എസ് കത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്. ടി പി വധക്കേസില്‍ കെ കെ രമയുടെ ആവശ്യങ്ങളോടുള്ള സര്‍ക്കാര്‍ സമീപനങ്ങളെയും കത്തില്‍ വി എസ് വിമര്‍ശിച്ചിരിക്കുന്നു.