കിലോക്ക് 171 രൂപ കിട്ടുന്നത് വരെ റബ്ബര്‍ സംഭരിക്കും: മുഖ്യമന്ത്രി

Posted on: February 7, 2014 11:10 am | Last updated: February 8, 2014 at 2:14 am

oommen chandy press meetതിരുവനന്തപുരം: റബ്ബര്‍ വിലിയിടിവ് തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ച് റബ്ബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിലയുടെ ശരാശരിയായ 171 രൂപ കിട്ടുന്നത്ത് വരെ റബ്ബര്‍ സംഭരിക്കുമെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.

കോട്ടയത്തെ റബ്ബര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന വിലയേക്കാള്‍ രണ്ട് രൂപ അധികം നല്‍കി കര്‍ഷകരില്‍ നിന്ന് റബ്ബര്‍ സംഭരിക്കും. റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, മാര്‍ക്കറ്റ് ഫെഡ്, റബ്ബര്‍ ഉത്പാദക സംഘങ്ങള്‍, റബ്ബര്‍ ബോര്‍ഡിന് കീഴിലുള്ള ഉത്പാദക കമ്പനികള്‍ എന്നിവ വഴിയാണ് റബ്ബര്‍ സംഭരിക്കുക. 10,000 ടണ്‍ റബ്ബര്‍ സംഭരിച്ച ശേഷം സംഭരണ നടപടികള്‍ വിലയിരുത്തി മാറ്റം വരുത്തണോ എന്ന കാര്യം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിപണിയില്‍ ഇടപെടുന്ന സംഭരണ ഏജന്‍സികള്‍ക്ക് കൈകാര്യ ചെലവിനായി പരമാവധി കിലോഗ്രാമിന് നാലു രൂപ വരെ സര്‍ക്കാര്‍ അനുവദിച്ചു നല്‍കും. അഡ്വാന്‍സ് ലൈസന്‍സിംഗ് വഴിയുള്ള ഇറക്കുമതി ആറു മാസത്തേക്ക് സസ്‌പെന്റു ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. റബ്ബറിന്റെ വാറ്റിന്റെ റേറ്റ് കുറയ്ക്കുന്നതില്‍ ധനമന്ത്രി തീരുമാനമെടുക്കും. അവധി വ്യാപാരം സംബന്ധിച്ചും ഉടന്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും – മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തിന്റെ വികസനത്തിനായി നിലവില്‍ സമര്‍പ്പിച്ച കരട് മാസ്റ്റര്‍ പ്ലാന്‍ മന്ത്രിസഭാ യോഗം റദ്ദാക്കി. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് റദ്ദാക്കുന്നതെന്നും പുതിയത് ഉടന്‍ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.