പമ്പ്ഹൗസ് തറകെട്ടി സംരക്ഷിക്കാന്‍ 28 ലക്ഷം അനുവദിച്ചു

Posted on: February 6, 2014 12:49 pm | Last updated: February 6, 2014 at 12:49 pm

പട്ടാമ്പി: വിളയൂര്‍ തൂതപ്പുഴയിലെ വാട്ടര്‍ അതോറിറ്റിയുടെ തകര്‍ന്ന പമ്പ്ഹൗസ് തറകെട്ടി സംരക്ഷിക്കാന്‍ 28.50 ലക്ഷം രൂപ അനുവദിച്ചു. ബി ആര്‍ ജി എഫ് ഫണ്ടില്‍ ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും വിളയൂര്‍ പഞ്ചായത്ത് എട്ടര ലക്ഷം രൂപയുമാണ് അനുവദിച്ചതെന്ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വസന്ത അറിയിച്ചു.
പദ്ധതിയുടെ അടിത്തറ പുതുക്കി പണിയുന്നതോടൊപ്പം പുഴയില്‍ പുതിയ കിണറും കുഴിക്കും. പഴയ കിണറുകള്‍ താഴ്ച കുറഞ്ഞതിനു പുറമെ പൊട്ടിപൊളിഞ്ഞിട്ടുണ്ട്. ഇത് കാരണം കിണറില്‍ മണ്ണും, ചെളിയും കയറി വെള്ളം മലിനമാകുകയാണ്.
1984ല്‍ പണിത പദ്ധതിയുടെ അടിത്തറ കാലപ്പഴക്കത്താല്‍ തകര്‍ച്ചാ ഭീഷണിയിലാണ്. പുഴ താഴ്ന്നതാണ് തറയുടെ കല്ലുകള്‍ ഇളകി തകരാന്‍ കാരണം. ഏത് നിമിഷവും അടിത്തറ പൊളിഞ്ഞുവീഴുന്ന സ്ഥിഥിയിലാണ് ഇപ്പോഴുള്ളത്. ചുമരും വിണ്ടുകീറാന്‍ തുടങ്ങിയിട്ടുണ്ട്. മേല്‍ക്കൂര പൊളിഞ്ഞ് കമ്പികള്‍ പുറത്ത് കാണാന്‍ തുടങ്ങിയതോടെ ജീവനക്കാരും ഭീതിയിലാണ്. അനധികൃത മണലെടുപ്പും കയ്യേറ്റവുമാണ് പദ്ധതിക്ക് ഭീഷണിയാകുന്നത്. പദ്ധതിയുടെ പരിസരത്ത് നിന്ന് മണലെടുക്കുന്നത് പഞ്ചായത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും രാത്രി ഇവിടെ നിന്ന് വന്‍തോതില്‍ മണല്‍ കയറ്റിപോകുന്നതായി പരാതിയുണ്ട്.
പുഴയില്‍ പദ്ധതിക്ക് സമീപം സ്ഥിരം തടയണയുടെ പണിപുരോഗമിക്കുകയാണ്.
ജില്ലാപഞ്ചായത്ത് പണിയുന്ന തടയണയുടെ നിര്‍മാണത്തോടൊപ്പം പമ്പ് ഹൗസിന്റെ അടിത്തറയും പണിത് സംരക്ഷിക്കാനാണ് തീരുമാനം. നിര്‍മാണം അടുത്ത ദിവസം തുടങ്ങുമെന്ന് അസി. എന്‍ജിനീയര്‍ അബ്ദുല്ല അറിയിച്ചു.